കാണാതായ സി.പി.എം നേതാവ് സുജേഷ് കണ്ണാട്ട് വീട്ടില്‍ തിരിച്ചെത്തി
തൃശൂര്‍: കാണാതായ മുന്‍ സി.പി.എം നേതാവ് സുജേഷ് കണ്ണാട്ട് വീട്ടില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സുജേഷ് തിരിച്ചെത്തിയത്. യാത്ര പോയതാണെന്നാണ് സുജേഷ് പറയുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഒറ്റയാന് സമരം നടത്തിയ ഇദ്ദേഹം തൃശൂര്‍ മാടായിക്കോണം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
ശനിയാഴ്ച രാത്രി മുതലാണ് സുജേഷിനെ കാണാതായത്. ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.പിന്നാലെ സുജേഷിന്റെ സഹോദരന് പരാതി നല്‍കുകയും പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
സുരക്ഷിതനാണെന്നും വീട്ടില്‍ തിരിച്ചെത്തിയെന്നും പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പൊലിസ് കേസ് എടുത്തതിനാല്‍ ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കും.
കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിനെതിരെ സുജേഷ് രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെ ബാങ്ക് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്ന് ബ്രാഞ്ച് യോഗത്തില്‍ ഉള്‍പ്പെടെ അദ്ദേഹം പറഞ്ഞിരുന്നു. ബാങ്കില്‍ നിന്ന് 50 ലക്ഷത്തില്‍ കൂടുതല്‍ വായ്പ എടുത്തവരില്‍ പാര്‍ട്ടി അംഗങ്ങള്‍ ഉണ്ട് എന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ സുജേഷ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ രണ്ട് മാസം മുമ്പ് സുജേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
അതേസമയം, സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഭീഷണികള്‍ ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് സുജേഷിനെ കാണാതായതിന് തൊട്ടുപിന്നാലെ തന്നെ പരാതി നല്‍കിയതെന്നും വീട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."