പിടിവാശികളിൽ ഇല്ലാതാകരുത് കരിപ്പൂർ വിമാനത്താവളം
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിടിവാശിയിൽ കരിപ്പൂർ വിമാനത്താവളം നഷ്ടപ്പെട്ടേക്കുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം വ്യോമയാന വകുപ്പ് സഹമന്ത്രി വി.കെ സിങ് ലോക്‌സഭയിൽ നൽകിയ മറുപടിയിൽ ഈ ആശങ്ക നിഴലിക്കുന്നുണ്ട്. റൺവേയുടെ രണ്ടറ്റത്തും ഭൂമി ഏറ്റെടുത്ത് മണ്ണിട്ട് നികത്തി സംസ്ഥാന സർക്കാർ എയർപോർട്ട് അതോറിറ്റിയെ ഏൽപിക്കുന്നില്ലെങ്കിൽ റൺവേയുടെ നീളം കുറച്ച് റിസക്ക്(റൺവേ എൻഡ് സേഫ്റ്റി ഏരിയ) വേണ്ട സ്ഥലം കണ്ടെത്തേണ്ടിവരുമെന്നാണ് കേന്ദ്രമന്ത്രി ലോക്‌സഭയിൽ പറഞ്ഞത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ പിന്നീടൊരിക്കലും കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുകയില്ല. സുരക്ഷിത മേഖലയായ റിസ വികസിപ്പിക്കാതെ വലിയ വിമാനങ്ങൾ ഇറങ്ങുകയില്ലെന്ന പിടിവാശിയിലാണ് കേന്ദ്ര സർക്കാർ.
ലാന്റ് ചെയ്യുന്ന വിമാനങ്ങൾക്ക് റൺവേയിൽ സ്പീഡ് കുറച്ച് നിർത്താൻ കഴിയുന്നില്ലെങ്കിൽ പിന്നെയും മുന്നോട്ട് നീങ്ങി സുരക്ഷിതമായി വിമാനം നിർത്താനുള്ള സ്ഥലമായ റിസക്ക് വേണ്ടി ഭൂമിയേറ്റെടുത്ത് നൽകണമെന്ന വിമാനത്താവള അതോറിറ്റിയുടെ ആവശ്യം സംസ്ഥാന സർക്കാർ അംഗീകരിച്ചതാണ്. താൽക്കാലികമായി റിസ നിർമിക്കാൻ 14.5 ഏക്കർ ഭൂമി മതിയെന്നാണ് ഏറ്റവും അവസാനമായി അതോറിറ്റി സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടത്. നേരത്തെ അതോറിറ്റി ആവശ്യപ്പെട്ടിരുന്നത് 136 ഏക്കർ ആയിരുന്നു. പിന്നീടത് 400 ഏക്കർ ആയി. ജനങ്ങളിൽ നിന്നുണ്ടായ പ്രതിഷേധത്തെത്തുടർന്ന് 96 ഏക്കർ മതിയെന്ന് അതോറിറ്റി നിശ്ചയിച്ചു. പടിഞ്ഞാറ് ഭാഗത്തുള്ള പള്ളിയും അനുബന്ധ മദ്‌റസയും ഇത് കാരണം ഇല്ലാതാകുമെന്ന് വന്നപ്പോൾ അതോറിറ്റി 18.5 ഏക്കർ മതിയെന്നും പറഞ്ഞിരുന്നു. അതാണിപ്പോൾ വീണ്ടും ചുരുക്കി 14.5 ഏക്കറിൽ എത്തിനിൽക്കുന്നത്. താൽക്കാലിക റിസ നിർമാണത്തിന് ഇത്രയും മതിയെന്നാണ് അതോറിറ്റിയുടെ നിലപാട്.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഭൂമിയേറ്റെടുക്കുന്നത് സംബന്ധിച്ചുള്ള ക്രിയാത്മകമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഏതാനും ഉദ്യോഗസ്ഥരെ നിയമിച്ചു എന്നല്ലാതെ. കഴിഞ്ഞ ഒമ്പത് മാസത്തിനിടയിൽ സംസ്ഥാന സർക്കാരിനോട് വ്യോമയാനമന്ത്രാലയം പലവട്ടം ആവശ്യപ്പെട്ടിട്ടും ഭൂമിയേറ്റെടുത്ത് നിരപ്പാക്കി അതോറിറ്റിക്ക് കൈമാറിയിട്ടില്ല. വിമാനത്താവളങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി അതത് സംസ്ഥാന സർക്കാരുകൾ ഭൂമിയേറ്റെടുത്ത് സൗജന്യമായി എയർപോർട്ട് അതോറിറ്റിക്ക് കൈമാറണമെന്നാണ് 2016 മുതൽക്കുള്ള നയം.
400 ഏക്കറിൽ നിന്ന് അതോറിറ്റി താഴോട്ടിറങ്ങി 14.5 ഏക്കർ മതിയെന്ന് പറയുമ്പോൾ സഹകരിച്ച് എത്രയും പെട്ടെന്ന് റിസ നിർമാണത്തിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണ് വേണ്ടത്. വിമാനത്താവള വികസനത്തിന്റെ പേരിൽ പലതവണ ഭൂമി വിട്ടുകൊടുക്കേണ്ടിവന്നവരാണ് പരിസരവാസികൾ. റിസ നിർമാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങളുടെ പേരിൽ പ്രദേശത്തെ ആളുകൾ ആശങ്കയിലാണ്. കിണർ കുഴിക്കാനോ ഷെഡ് പണിയാനോ ഭൂമി കൈമാറ്റം ചെയ്യാനോ കഴിയുന്നില്ല. രണ്ടും മൂന്നും തവണ വിമാനത്താവള വികസനത്തിനായി ഭൂമി വിട്ടുകൊടുത്ത് പിറകോട്ട് മാറിത്താമസിച്ചവർക്കാണ് ഈ വിധി. ബാക്കിയുള്ള സ്ഥലവും വിട്ടുനൽകാൻ അവർ തയാറാണ്. എന്നാൽ അവരെ കേൾക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. ഭൂമിയും വീടും നഷ്ടപ്പെടാൻ സാധ്യതയുള്ളവരെ വിളിച്ചുകൂട്ടിയ യോഗത്തിൽ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായതുമില്ല. ഇൗ സാഹചര്യത്തിൽ പരിസരവാസികളുടെ യോഗം വിളിച്ചുകൂട്ടി ആശങ്കകൾക്ക് പരിഹാരം കാണുകയാണ് സർക്കാർ ചെയ്യേണ്ടത്. ന്യായമായ മാർക്കറ്റ് വില കിട്ടുകയാണെങ്കിൽ ഭൂമിയും വീടും നഷ്ടപ്പെടാൻ സാധ്യതയുള്ളവർ അത് സർക്കാരിന് നൽകാൻ തയാറാണ്. ദേശീയപാതാ വികസനത്തിന് സർക്കാർ ഭൂമിയേറ്റെടുത്ത മാതൃകയാണ് കരിപ്പൂരിലും അനുവർത്തിക്കേണ്ടത്. ഒരു പരാതിയുമില്ലാതെയാണ് ദേശീയപാതാ വികസനത്തിനായി പാതയുടെ ഇരുവശത്തുമുള്ളവർ ഭൂമി വിട്ടുകൊടുത്തത്. അവർക്ക് മതിയായ നഷ്ടപരിഹാരം നൽകിയിരുന്നു. കൊച്ചി മെട്രോക്ക് വേണ്ടി സ്ഥലം ഏറ്റെടുത്തപ്പോഴും എതിർപ്പു കൂടാതെ ഭൂമി വിട്ടുനൽകിയതും ഉടമസ്ഥർക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചതിനാലായിരുന്നു. അത്തരം പാക്കേജാണ് കരിപ്പൂരിലും ഉണ്ടാകേണ്ടത്. എങ്കിൽ എത്രയും പെട്ടെന്ന് ഭൂമി ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറാനാകും.
പലവിധ കാരണങ്ങൾ നിരത്തി കരിപ്പൂർ വിമാനത്താവളം ഇല്ലാതാക്കാൻ നടത്തുന്ന ഗൂഢശ്രമങ്ങളെ കാണാതെപോകരുത്. 2020 ഓഗസ്റ്റ് ഏഴിന് കരിപ്പൂരിലുണ്ടായ വിമാന അപകടത്തെത്തുടർന്നാണ് ഇതിന് ആക്കംകൂടിയത്. പിന്നാലെ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ നിരോധനം ഏർപ്പെടുത്തി. അപകടം വരുത്തിയത് ചെറുവിമാനമായിരുന്നു എന്നത് സൗകര്യപൂർവം മറന്നു. ഇതോടെ വലിയ വിമാനങ്ങളടക്കമുള്ള ഹജ്ജ് വിമാനങ്ങൾ കൊച്ചിയിലേക്ക് മാറ്റപ്പെട്ടു. കോടികൾ ചെലവാക്കി നിർമിച്ച ഹജ്ജ് ഹൗസും എട്ട് കോടി ഇരുപത് ലക്ഷം മുടക്കി അടുത്തിടെ പണി പൂർത്തിയായ വനിതാ ഹജ്ജ് ഹൗസും ഒഴിഞ്ഞുകിടക്കുകയാണ്. നേരത്തെ റീകാർപ്പറ്റിങ്ങിന്റെ പേരിൽ 2015ലും ഹജ്ജ് വിമാനങ്ങൾക്ക് നിരോധനം ഏർപെടുത്തിയിരുന്നു. 2018ൽ ആണ് ഹജ്ജ് സർവിസ് പുനരാരംഭിച്ചത്. വിമാനാപകടത്തോടെ വീണ്ടും ഹജ്ജ് വിമാനങ്ങൾക്ക് വിലക്ക് വീണു. അതിപ്പോഴും തുടരുന്നു. സംസ്ഥാനത്തെ ഹജ്ജ് യാത്രികരിൽ 85 ശതമാനവും മലബാറിൽ നിന്നുള്ളവരാണ്. അവർക്ക് ആകെയുള്ള വിമാനത്താവളമാണ് കരിപ്പൂരിലേത്. അടുത്ത ഹജ്ജ് സീസൺ ആരംഭിക്കാറായി. അടുത്ത വർഷം ആദ്യത്തിൽ 14.5 ഏക്കർ ഭൂമിയേറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറുന്നില്ലെങ്കിൽ ആ കാരണം പറഞ്ഞായിരിക്കും കേന്ദ്ര വ്യോമയാന വകുപ്പ് അടുത്ത ഹജ്ജ് എംബാർക്കേഷനും കരിപ്പൂരിന് നിഷേധിക്കുക. ചെറുവിമാനങ്ങൾക്ക് മാത്രമായി കരിപ്പൂർ മാറുമ്പോൾ നഷ്ടത്തിന്റെ കണക്ക് നിരത്തി, സർക്കാരിനു കീഴിലുള്ള ഇൗ വിമാനത്താവളവും ഒരുപക്ഷേ അദാനിയുടെ കൈകളിൽ എത്തിയേക്കാം. അതോടെ ട്രോളി മുതൽ പാർക്കിങ്ങിന് വരെ കനത്ത ഫീസും നൽകേണ്ടിവരും. തൂപ്പ് ജോലി വരെ തദ്ദേശിയർക്ക് നിഷേധിക്കപ്പെടും.
സ്ഥലം വേണമെന്ന പിടിവാശിയിൽ കേന്ദ്ര സർക്കാർ തുടരുന്നത് ബാലിശമാണ്. ഹജ്ജ് വിമാനങ്ങൾക്ക് നിരോധനം വന്നപ്പോഴും വലിയ വിമാനങ്ങൾ പ്രളയ സമയത്ത് കരിപ്പൂരിൽ ഇറങ്ങിയതാണ്. സ്ഥലം വിട്ടുകൊടുക്കില്ല എന്ന സംസ്ഥാന സർക്കാരിന്റെ പിടിവാശിയിൽ കരിപ്പൂർ വിമാനത്താവളം സ്വകാര്യ ലോബികളുടെ കൈകകളിലേക്ക് മറിയാനുള്ള അവസരവും ഉണ്ടാകരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."