കടുവകള്‍ കൊന്നു; 2020ല്‍ രാജ്യത്ത് 40 പേരെ
സ്വന്തം ലേഖകന്‍
സുല്‍ത്താന്‍ ബത്തേരി: 2020ല്‍ രാജ്യത്ത് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 40 പേര്‍. കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ കെ.ഗോവിന്ദന്‍ നമ്പൂതിരിക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യമുള്ളത്. 2019ല്‍ അമ്പത് പേരാണ് കൊല്ലപ്പെട്ടത്. 2020 ല്‍ കടുവയുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് മഹാരാഷ്ട്രയിലാണ്. 25 പേര്‍. ഏറ്റവും കുറവ് ആളുകള്‍ മരണപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. ഒരാളാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്. ബിഹാര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ഓരോരുത്തര്‍ വീതം കൊല്ലപ്പെട്ടു.
2014 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കടുവയുടെ ആക്രണത്തില്‍ 320 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിലും ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് മഹാരാഷ്ട്രയിലാണ്. 99 പേരാണ് ആറ് വര്‍ഷത്തിനിടെ ഇവിടെ കൊല്ലപ്പെട്ടത്. 78 പേര്‍ കൊല്ലപ്പെട്ട ബംഗാളാണ് രണ്ടാമത്. 54 പേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശാണ് മരണ നിരക്കില്‍ മൂന്നാമതുള്ളത്. മധ്യപ്രദേശില്‍ 44, ഉത്തരാഖണ്ഡില്‍ 10, രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളില്‍ എട്ടുപേര്‍ വീതം, തമിഴ്‌നാട്ടില്‍ ആറുപേരും കൊല്ലപ്പെട്ടു.
2014 മുതല്‍ 2020 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നാലു പേരാണെന്നാണ് രേഖകളിലുള്ളത്. ഇതില്‍ കൂടുതലും വയനാട്ടിലാണ്. മൂന്നുപേരാണ് ഇക്കാലയളവില്‍ വയനാട്ടില്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."