ചരിത്രം പിറന്നു, സാധാരണക്കാരനും ബഹിരാകാശ യാത്രയാവാം ഇന്‍സ്പിരേഷന്‍ 4 ഭൂമി തൊട്ടു
585 കിലോമീറ്റര്‍ ഉയരെ, ബഹിരാകാശത്ത് ഭ്രമണ പഥത്തില്‍ മൂന്ന് ദിനം ചെലവിട്ട നാല്‍വര്‍ സംഘം തിരിച്ചിറങ്ങി
ഫ്‌ളോറിഡ(യു.എസ്): മൂന്നു ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ തങ്ങിയ ശേഷം സ്‌പേസ് എക്‌സിന്റെ ഇന്‍സ്പിരേഷന്‍ 4 ഭൂമിയില്‍ തിരിച്ചെത്തി. വിദഗ്ധരില്ലാതെ, സാധാരണക്കാര്‍ക്കും ബഹിരാകാശ യാത്ര സാധ്യമാക്കുന്ന ചരിത്ര നിമിഷമാണ് പിറന്നത്. പ്രാദേശികസമയം ശനിയാഴ്ച വൈകിട്ട് 7.06നാണ് ഡ്രാഗണ്‍ പേടകം നാലു പാരഷൂട്ടുകളുടെ സഹായത്തോടെ സുരക്ഷിതമായി ഫ്‌ളോറിഡ തീരത്ത് അത്‌ലാന്റിക് സമുദ്രത്തില്‍ ഇറങ്ങിയത്. ബോട്ടുകള്‍ കുതിച്ചെത്തി ഇവരെ പേടകത്തിനു പുറത്തെത്തിച്ച് കെന്നഡി സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോയി. ഇവിടെയുള്ള നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു സാധാരണക്കാരായ ജെറാദ് ഐസക്മാനും സംഘവും ഈമാസം 15ന് ഫാല്‍ക്കന്‍ 9 റോക്കറ്റില്‍ യാത്ര പുറപ്പെട്ടത്. യാത്രയ്ക്കു മുമ്പ് ഇവര്‍ക്ക് ബഹിരാകാശ സഞ്ചാരികളുടേതിനു സമാനമായ പരിശീലനം നല്‍കിയിരുന്നു.
ചരിത്രത്തിലേക്ക് ഒരുപിടി നേട്ടങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതായി ഈ യാത്ര. ആദ്യമായാണ് ബഹിരാകാശ വിദഗ്ധരില്ലാത്ത സാധാരണക്കാരുടെ സംഘം ഭൂമിയുടെ ഭ്രമണപഥത്തിലെത്തി തിരിച്ചെത്തുന്നത്. ബഹിരാകാശ ടൂറിസം രംഗത്തെ നിര്‍ണായക ചുവടുവയ്പാണ് ഇതോടെ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് നടത്തിയിരിക്കുന്നത്. കറുത്ത വംശജയായ ഒരു വനിത ആദ്യമായാണ് ബഹിരാകാശയാത്രയ്ക്കു നേതൃത്വം നല്‍കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ബഹിരാകാശത്തെത്തുന്ന പ്രായം കുറഞ്ഞ അമേരിക്കക്കാരന്‍, കൃത്രിമ കാലുള്ള ഒരാളുടെ ആദ്യ ബഹിരാകാശയാത്ര തുടങ്ങിയ നേട്ടങ്ങളും ഈ യാത്രയ്ക്കുണ്ടായി.
പ്രമുഖ അമേരിക്കന്‍ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്‌മെന്റ്‌സ് ഇങ്കിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ജാരെദ് ഐസക്മാന്‍ (37), സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ആശുപത്രിയിലെ ഡോക്ടര്‍ ഹെയ്‌ലെ ആര്‍സെനക്‌സ് (29), ഡാറ്റ എന്‍ജിനീയറായ ക്രിസ്റ്റഫര്‍ സെംബ്രോസ്‌കി (42), കോളജ് അധ്യാപിക സിയാന്‍ പ്രോക്ടര്‍ (51) എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുമപ്പുറം 100 മൈല്‍ അകലെ ദിവസം 15 തവണ ഭൂമിയെ വലംവച്ചാണ് സംഘം ബഹിരാകാശത്ത് കഴിഞ്ഞത്. അവര്‍ അവിടെ ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും അടക്കമുള്ള എല്ലാ ദൃശ്യങ്ങളും ഡ്രാഗണിന്റെ അറ്റത്ത് സ്ഥാപിച്ച കാമറ ഒപ്പിയെടുത്തിട്ടുണ്ട്.
ആറു മാസം മുമ്പാണ് യാത്രികരെ തിരഞ്ഞെടുത്തത്. ഇവര്‍ക്കാര്‍ക്കും ബഹിരാകാശ പരിശീലനം ലഭിച്ചിട്ടില്ല. ദൗത്യത്തില്‍ ഉള്‍പ്പെട്ട നാലുപേരെ സൂചിപ്പിക്കാനാണ് ദൗത്യത്തിന് ഇന്‍സ്പിരേഷന്‍ 4 എന്ന പേര് നല്‍കിയത്. സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ വിനോദസഞ്ചാര പദ്ധതിയുടെ ആദ്യഘട്ട യാത്രയാണിത്. 20 കോടി ഡോളറാണ് ആകെ ചെലവ്. വര്‍ഷങ്ങളായി മനുഷ്യന്റെ ചൊവ്വാ പര്യവേഷണത്തിനായുള്ള പരീക്ഷണങ്ങളിലാണ് സ്‌പേസ് എക്‌സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."