പാലക്കാട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; മുഖ്യപ്രതി പിടിയില്‍
പാലക്കാട്: ആയുര്‍വേദ സ്ഥാപനത്തിന്റെ മറവില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ച് സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന കേസില്‍ മുഖ്യപ്രതി പിടിയിലായി. കോഴിക്കോട് സിവില്‍ സ്റ്റേഷനടുത്ത് പുത്തന്‍ പീടിയേക്കല്‍ വീട്ടില്‍ മൊയ്തീന്‍ കോയ (63)യെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് നല്ലളത്ത് വച്ചാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. സെപ്റ്റംബര്‍ 14ന് രാത്രിയാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ ഷോപ്പിങ് കോംപ്ലക്‌സിലെ കടമുറിയില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിവന്നത് പൊലിസ് കണ്ടെത്തുന്നത്. തുടര്‍ന്ന് ടെലിഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി മൊയ്തീന്‍ കോയയിലേക്ക് എത്തിയത്.
മൊയ്തീന്‍ കോയ കഴിഞ്ഞ എട്ടു വര്‍ഷമായി മേട്ടുപ്പാളയം സ്ട്രീറ്റില്‍ കീര്‍ത്തി ആയുര്‍വേദിക് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
സ്ഥാപനത്തിന്റെ പേരില്‍ 200 ഓളം ജിയൊ, ബി.എസ്.എന്‍.എല്‍ സിം കാര്‍ഡുകളാണ് ഇയാള്‍ എടുത്തിട്ടുള്ളത്. ഇന്റര്‍ നാഷണല്‍ ഫോണ്‍കോളുകള്‍ എസ്.ടി.ഡി കോളുകളാക്കി മാറ്റം വരുത്തി സാമ്പത്തിക ലാഭം കൈവരിക്കലാണ് ഇയാളുടെ രീതി. ഇയാളെ നാട്ടുകാര്‍ ബി.എസ്.എന്‍.എല്‍ കോയ എന്നാണ് വിളിക്കുന്നതെന്ന് പൊലിസ് വ്യക്തമാക്കി.
മൊയ്തീന്‍ കോയയുടെ മകന്‍ ഷറഫുദ്ദീന് ചേവായൂര്‍ പൊലിസ് സ്റ്റേഷനിലും സഹോദരന്‍ ഷബീറിന് കോഴിക്കോട് പൊലിസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തതിന് കേസുകള്‍ നിലവിലുണ്ട്. മൊയ്തീന്‍ കോയക്കെതിരേ രണ്ടു മാസം മുമ്പ് മലപ്പുറം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വണ്ടൂരിലുള്ള തനിമ ബയോവേദിക് എന്ന സ്ഥാപനത്തിന്റെ മറവില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിവന്നത് പൊലിസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞു വരുന്നതിനിടെയാണ് പാലക്കാട് പൊലിസിന്റെ പിടിയിലായത്. പൊലിസ് കൂടുതല്‍ അന്വേഷണം നടത്തിയശേഷമേ പ്രതിയെക്കുറിച്ചും കുറ്റകൃത്യത്തിന്റെ വ്യാപ്തിയെക്കുറിച്ചും പറയാന്‍ കഴിയുകയുള്ളുവെന്ന് ഡിവൈ.എസ്.പി പി.സി ഹരിദാസ് വ്യക്തമാക്കി. ഏതെങ്കിലും സംഘടനയുമായോ, ഗ്രൂപ്പുകളുമായൊ ബന്ധമുണ്ടെന്ന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലിസ് പറഞ്ഞു. മേട്ടുപ്പാളയം സ്ട്രീറ്റിലെ സ്ഥാപനത്തില്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നോര്‍ത്ത് പൊലിസ് ഇന്ന് ഇയാള്‍ക്കുവേണ്ടി പ്രൊഡക്ഷന്‍ വാറന്‍ഡും നാളെ കസ്റ്റഡി അപേക്ഷയും കോടതിയില്‍ സമര്‍പ്പിക്കും.
പാലക്കാട് ജില്ലാ പൊലിസ് മേധാവി ആര്‍. വിശ്വനാഥിന്റെ മേല്‍നോട്ടത്തില്‍ പാലക്കാട് ഡിവൈ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."