പി.എന്‍.ബി അക്കൗണ്ടിലെ തിരിമറി; കോഴിക്കോട് കൗണ്‍സില്‍ യോഗത്തില്‍ ബഹളം; 15 യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് സസ്പെന്ഷന്
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ പി.എന്‍.ബി അക്കൗണ്ടിലെ തിരിമറിയുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിഷേധിച്ച യു.ഡി.എഫ് കൗണ്‍സിലര്‍മാരെ സസ്പെന്‍ഡ് ചെയ്തു.ഒരു ദിവസത്തേക്കാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളം വച്ചത്.
കോഴിക്കോട് കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. എന്നാല്‍ അക്കൗണ്ട് തട്ടിപ്പിലൂടെ കോഴിക്കോട് കോര്പ്പറേഷന് നഷ്ടപ്പെട്ട പണം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തിരികെ ലഭിച്ചെന്നും ഇനി ഈ തുകയുടെ പലിശ മാത്രമാണ് ലഭിക്കാന്‍ ബാക്കിയുള്ളതെന്നും മേയര്‍ പറഞ്ഞു. വിശദീകരണം നല്കിയ ശേഷം പ്രമേയത്തിന് അടിയന്തര സ്വഭാവം ഇല്ലെന്നും അതിനാല്‍ അനുമതി നിഷേധിക്കുന്നുവെന്നും മേയര്‍ അറിയിച്ചു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇതോടെ അഞ്ചു മിനിറ്റ് നേരത്തേക്ക് നടപടികള്‍ നിര്‍ത്തി വെച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ഇതോടെ സഭാ ചട്ടം ലംഘിച്ചതിന് പ്രതിപക്ഷ നേതാവ് ശോഭിത കെ.സി. ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാരെ സസ്പെന്റ് ചെയ്തതായി മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു.
ബാങ്ക് തട്ടിപ്പില്‍ പ്രതിഷേധ സൂചകമായി തലയില്‍ കറുപ്പ് റിബണ്‍ കെട്ടിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്നത്തെ കൗണ്‍സില്‍ യോഗത്തിന് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."