ധനകാര്യ വകുപ്പിനെ കബളിപ്പിച്ച് കേരളാ പൊലിസിലെ സാങ്കേതിക വിഭാഗമായ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട്; പ്രമോഷന്‍ നല്‍കാന്‍ തസ്തികയുടെ പേരില്‍ മാറ്റം വരുത്തി, തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം; കേരളാ പൊലിസിലെ സാങ്കേതിക വിഭാഗമായ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍ പ്രമോഷന്‍ നല്‍കാന്‍ തസ്തികയുടെ പേരില്‍ മാറ്റം വരുത്തി ധനകാര്യ വകുപ്പിനെ കബളിപ്പിച്ചതായി തെളിവ്. പൊലിസിന്റെ വാഹനങ്ങളും മറ്റും പരിപാലിക്കുന്നതടക്കമുള്ള ജോലികള്‍ക്കായാണ് മോട്ടോര്‍ വാഹന വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിലവിലുള്ള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് സബ് ഇന്‍സ്പെക്ടര്‍, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഇന്‍സ്പെക്ടര്‍ എന്നിവയ്ക്കു പുറമെയാണ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്ന തസ്തിക സൃഷ്ടിച്ചത്. നിലവിലുള്ള രണ്ടു തസ്തികകള്‍ക്കും ഓട്ടോ മൊബൈല്‍, മെക്കാനിക്കല്‍ ബി.ടെക്ക്, ഡിപ്ലോമ തുടങ്ങി സാങ്കേതിക യോഗ്യതകള്‍ വേണമെന്നിരിക്കെയാണ് യോഗ്യതയില്ലാത്ത ഡ്രൈവര്‍ എസ്.ഐ, കോണ്‍സ്റ്റബിള്‍ തസ്തികയിലുള്ളവര്‍ക്ക് പ്രമോഷന്‍ നല്‍കാന്‍ ആഭ്യന്തര വകുപ്പ് പുതിയ തസ്തിക ഉണ്ടാക്കിയത്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ 2021 ഫെബ്രുവരി 16 ന് ഡ്രൈവര്‍ എസ്.ഐ, ഡ്രൈവര്‍ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ 19 പേര്‍ക്ക് ഈ തസ്തികയില്‍ നിയമനവും നല്‍കി ഉത്തരവിറക്കി. എന്നാല്‍ ഇവര്‍ക്ക് നിലവിലുള്ള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഇന്‍സ്പെക്ടര്‍ തസ്തികയിലെ അതേ ശമ്പളം ലഭ്യമാക്കാനായി 'ഇന്‍സ്പെക്ടര്‍' മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്ന് എഴുതി ചേര്‍ത്താണ് ധനകാര്യ വകുപ്പിലേക്ക് ഫയല്‍ അയച്ചത്. അതുകൊണ്ടു തന്നെ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇവര്‍ക്ക് ഇതേ സ്‌കെയിലില്‍ തന്നെയാണ് ധനകാര്യ വകുപ്പ് ശമ്പളം നല്‍കുന്നത്.
ഇതിനിടെ നിയമനത്തിലെ അപാകത ചൂണ്ടിക്കാട്ടി സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ധനവകുപ്പിനെ സമീപിച്ചു. ധനവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇതോടെയാണ് ആഭ്യന്തര വകുപ്പ് നിലവിലില്ലാത്ത പ്രത്യേക തസ്തിക സൃഷ്ടിച്ചത് സാങ്കേതിക യോഗ്യതയില്ലാത്തവര്‍ക്ക് പ്രമോഷന്‍ നല്‍കാനാണെന്ന് കണ്ടെത്തിയത്. നിലവിലില്ലാത്ത ഒരു തസ്തികയുടെ പേരില്‍ ശമ്പളം കൈപ്പറ്റാന്‍ അവസരമൊരുക്കിയതും ധന വകുപ്പ് കണ്ടെത്തി. ഇതുപ്രകാരം ഇന്‍സ്പെക്ടര്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട് ഓഫീസര്‍ എന്ന തസ്തിക നിയമാനുസൃതമായി അല്ല രൂപീകരിച്ചതെന്ന കാര്യം ചൂണ്ടിക്കാട്ടി ഈ വര്‍ഷം ഏപ്രിലില്‍ ധനവകുപ്പ്, ആഭ്യന്തര വകുപ്പിന് കത്തയച്ചു.
നേരത്തെ സാങ്കേതിക യോഗ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ച് പബ്ലിക് സര്‍വീസ് കമ്മിഷനും ആഭ്യന്തര സെക്രട്ടറിയും തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ഉന്നത രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്നാണ് നിയമനം നടന്നത്. അതേസമയം ധനവകുപ്പ് അപാകതകള്‍ ചൂണ്ടിക്കാട്ടി എട്ടു മാസം പിന്നിട്ടിട്ടും വീണ്ടും ഇതേ തസ്തികയില്‍ യോഗ്യതയില്ലാത്തവരെ നിയമിക്കാനൊരുങ്ങുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 42 മോട്ടോര്‍ വാഹന വിഭാഗമാണ് പൊലിസിലുള്ളത്. ഇതില്‍ എട്ടു സ്ഥലത്ത് മാത്രമാണ് സാങ്കേതിക യോഗ്യതയുള്ളവര്‍ ഈ തസ്തികയിലുള്ളത്. കൂടാതെ നിലവിലെ രണ്ടു തസ്തികകളിലേക്ക് നിയമിക്കാന്‍ സാങ്കേതിക യോഗ്യതയുള്ളവരുടെ പട്ടിക പി.എസ്.സിയുടെ പക്കലുണ്ടെന്നിരിക്കെയാണ് യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റാന്‍ ആഭ്യന്തര വകുപ്പ് പുതിയ തസ്തിക സൃഷ്ടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."