HOME
DETAILS

ഭരണത്തെ തടവിലാക്കാന്‍ ഗവര്‍ണര്‍മാരെ അനുവദിക്കരുത്

  
backup
November 20 2023 | 01:11 AM

governors-should-not-be-allowed-to-imprison-governance


ബില്ലുകള്‍ പാസാക്കാതെയും മന്ത്രിസഭ അംഗീകരിച്ച നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാതെയും ബി.ജെ.പി ഇതര സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുണ്ടാക്കുന്ന ഭരണസ്തംഭനത്തിനെതിരേ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ് കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളുടെ ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കുമെന്നാണ് കരുതുന്നത്. കേരളത്തില്‍ ഗവര്‍ണര്‍ തടഞ്ഞുവച്ച എട്ടു ബില്ലുകളില്‍ മൂന്ന് ബില്ലുകള്‍ രണ്ട് വര്‍ഷത്തിലേറെയായി ഗവര്‍ണറുടെ കൈയിലാണുള്ളത്. മറ്റു മൂന്ന് ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവച്ചിട്ട് ഒരു വര്‍ഷത്തിലധികമായി. കേരളത്തെക്കൂടാതെ പഞ്ചാബും തെലുങ്കാനയും തമിഴ്‌നാടുമാണ് ഇപ്പോള്‍ സുപ്രിംകോടതിയെ സമീപിച്ചവര്‍. അതായത് ഈ സംസ്ഥാനങ്ങളിലെല്ലാം ജനക്ഷേമം മുന്‍നിര്‍ത്തി നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍മാരുടെ തടവിലാണ്.

ഡല്‍ഹി സര്‍ക്കാര്‍ വര്‍ഷങ്ങളായി സുപ്രിംകോടതിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരേ കേസ് നടത്തുന്നുണ്ട്. മഹാരാഷ്ട്രയിലും നേരത്തെ ഗോവയിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിച്ച് ബി.ജെ.പി അധികാരം പിടിച്ചത് ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധമായ ഇടപെടലുകളിലൂടെയാണ്. ഈ പശ്ചാത്തലം കൂടി മുന്‍ നിര്‍ത്തി വേണം ഗവര്‍ണര്‍മാര്‍ നടത്തുന്ന ഇടപെടലുകളെ കാണേണ്ടത്. ജനങ്ങള്‍ തെരഞ്ഞെടുക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്ക് ജനപ്രതിനിധികള്‍ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ പിടിച്ചുവയ്ക്കാന്‍ എന്തധികാരമാണുള്ളതെന്ന ചോദ്യമാണ് പ്രസക്തം. ഭരണഘടന സംരക്ഷിക്കാന്‍ ചുമതലപ്പെടുത്തിയവര്‍ക്ക് തന്നെ എങ്ങനെ ഭരണഘടനാ ലംഘനം നടത്താനാവും. ജനങ്ങള്‍ തിരഞ്ഞെടുക്കാത്ത, രാഷ്ട്രപതിയുടെ നോമിനികള്‍ മാത്രമാണ് ഗവര്‍ണര്‍മാര്‍. അവര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ നടത്തുന്ന ഭരണത്തില്‍ ഇടപെടാന്‍ അധികാരമില്ല.

ബില്ലുകള്‍ തടഞ്ഞുവയ്ക്കാനോ മന്ത്രിസഭ ഉപദേശിക്കുന്ന നിയമനങ്ങള്‍ പുനഃപരിശോധിക്കാനോ അധികാരമില്ല. ബില്ലുകളില്‍ ഒപ്പിടും മുമ്പ് സര്‍ക്കാരിനോട് വിശദീകരണം തേടാം. ഭരണഘടനാവിരുദ്ധമായെന്തെങ്കിലും കണ്ടാല്‍ തിരുത്താന്‍ ആവശ്യപ്പെട്ട് തിരിച്ചയക്കാം. സര്‍ക്കാര്‍ വീണ്ടും അയച്ചാല്‍ അതിന് അംഗീകാരം നല്‍കിയിരിക്കണം. ഭരണഘടന അനുച്ഛേദം 200പ്രകാരം ബില്ലിന് അംഗീകാരം നല്‍കുകയോ രാഷ്ട്രപതിക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുക എന്നതാണ് ഗവര്‍ണറുടെ കടമ. അതിനപ്പുറത്തേക്ക് ഗവര്‍ണര്‍ ബില്ലുകളില്‍ ഇടപെടുന്നുവെങ്കില്‍ അത് അധികാര ദുര്‍വിനിയോഗമാണ്. ഗവര്‍ണര്‍ക്കെതിരേ പഞ്ചാബ് നല്‍കിയ കേസില്‍ സുപ്രിംകോടതി നല്‍കിയ ഓര്‍മപ്പെടുത്തലുകള്‍ മറ്റു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കുമുള്ള സന്ദേശമാണ്. പാര്‍ലമെന്ററി സംവിധാനത്തില്‍ യഥാര്‍ഥ അധികാരം ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ക്കാണെന്നും രാഷ്ട്രപതിയുടെ നോമിനിയായ ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ അധികാരം ഇല്ലാത്ത തലവന്‍ മാത്രമാണെന്നുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.

ജൂണ്‍ 19, 20 തീയതികളില്‍ ചേര്‍ന്ന പഞ്ചാബ് നിയമസഭയുടെ സമ്മേളനം ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ചാണ് ഗവര്‍ണര്‍ ബില്ലുകള്‍ തടഞ്ഞുവച്ചത്. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിയമസഭയുടെ സാധുതയില്‍ ഗവര്‍ണര്‍ സംശയമുന്നയിച്ചതെന്നായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം. ഗവര്‍ണറുടെ ലക്ഷ്യം രാഷ്ട്രീയമാണെന്ന് വ്യക്തമാണ്. അതല്ലാതെ അത്തരത്തിലൊരു സംശയത്തിനുള്ള അധികാരം ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നില്ല. നിങ്ങള്‍ തീ കൊണ്ട് കളിക്കുകയാണെന്ന് പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനോട് കോടതി പറയുകയും ചെയ്തു. ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നതിനെതിരേ സുപ്രിംകോടതി നല്‍കുന്ന ആദ്യത്തെ മുന്നറിയിപ്പല്ല ഇത്. ശിവസേന തര്‍ക്കത്തിലും സമാനമായ മുന്നറിയിപ്പ് സുപ്രിംകോടതി നല്‍കിയതാണ്. ഒരു പാര്‍ട്ടിക്കുള്ളിലുണ്ടാകുന്ന പ്രശ്‌നത്തെ വിശ്വാസവോട്ടെടുപ്പുമായി ബന്ധിപ്പിക്കാന്‍ എങ്ങനെ ഗവര്‍ണര്‍ക്ക് അധികാരമുണ്ടാകുന്നുവെന്ന ചോദ്യമാണ് മഹാരാഷ്ട്ര വിധിയില്‍ സുപ്രിംകോടതി ചോദിച്ചത്.

ശിവസേനയിലെ ഏതാനും എം.എല്‍.എമാര്‍ക്ക് അതൃപ്തിയുണ്ടെന്ന കാരണത്താല്‍ ഉദ്ദവ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് അനുമാനിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. അതിന്റെ പേരില്‍ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നേരിടണമെന്ന് എങ്ങനെ പറയാനാവും. തങ്ങള്‍ പിന്തുണ പിന്‍വലിക്കാന്‍ പോകുകയാണെന്ന് എം.എല്‍.എമാര്‍ ഗവര്‍ണറെ അറിയിച്ചിട്ടില്ല. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ചില എം.എല്‍.എമാര്‍ക്ക് അതൃപ്തിയുണ്ടെങ്കില്‍ അതെങ്ങനെയാണ് സര്‍ക്കാരിനുള്ള അവിശ്വാസമാകുന്നത്. ഈ അവസരം ഉപയോഗിച്ച് ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കാന്‍ പാടില്ലായിരുന്നുവെന്നും കോടതി മുന്നറിപ്പ് നല്‍കിയതാണ്.പഞ്ചാബ് കേസില്‍ കുറച്ചുകൂടി വ്യക്തമായി സുപ്രിംകോടതി കാര്യങ്ങള്‍ പറയുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പാസാക്കിയ ബില്ലുകളാണ് ഗവര്‍ണര്‍മാരുടെ മുന്നിലുള്ളത്. നമ്മള്‍ ഒരു പാര്‍ലമെന്ററി ജനാധിപത്യമാണ്. ഗവര്‍ണര്‍ക്ക് ബില്ലുകള്‍ തടഞ്ഞുവയ്ക്കാന്‍ അധികാരം നല്‍കിയാല്‍ രാജ്യം പിന്നെങ്ങനെ ഒരു പാര്‍ലമെന്ററി ജനാധിപത്യമായി തുടരുമെന്നാണ് കോടതി ചോദിച്ചത്. ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ അടങ്ങുന്നതാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് അടിസ്ഥാന തത്വം. ഭരണഘടനാപരമായ വിഷയങ്ങളില്‍ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കുക എന്നതാണ് ഗവര്‍ണര്‍ക്കുള്ള ചുമതല.

ബില്ലുകള്‍ തടഞ്ഞുവയ്ക്കുക മാത്രമല്ല പരിഹാസ്യമായ രാഷ്ട്രീയ ആരോപണങ്ങള്‍ കൊണ്ട് സര്‍ക്കാരിനെ നേരിടുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഖജനാവില്‍ പണമില്ലെന്ന് പറയുമ്പോഴും സര്‍ക്കാരിന് ധൂര്‍ത്താണെന്നാണ് ഗവര്‍ണറുടെ വാദം. ഇതിനിടയിലും രാജ്ഭവന്റെ ചെലവുകള്‍ക്ക് പണം കൂട്ടിച്ചോദിച്ചിരിക്കുകയാണ് ഗവര്‍ണര്‍. വിനോദം, അതിഥി സത്കാരം, ഓഫിസ് ചെലവുകള്‍ തുടങ്ങി ആറിനങ്ങളിലായി വന്‍ വര്‍ധനയാണ് ഗവര്‍ണര്‍ ആശ്യപ്പെട്ടിരിക്കുന്നത്. 1987ലെ ഗവര്‍ണേഴ്‌സ് അലവന്‍സസ് ആന്‍ഡ് പ്രിവിലേജ് റൂള്‍സ് അനുസരിച്ചാണ് ഗവര്‍ണറുടെ ആനുകൂല്യങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് ആറിനങ്ങള്‍ക്ക് 32 ലക്ഷം രൂപയാണ് പരിധി. എന്നാല്‍, ആറിനങ്ങള്‍ക്ക് വര്‍ഷം 2.60 കോടി രൂപ നല്‍കണമെന്നാണ് സര്‍ക്കാരിനോട് രാജ്ഭവന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവകളാണ് ഗവര്‍ണര്‍മാര്‍ എന്നത് ഇന്ന് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ബന്ദിയാക്കാനും ഗവര്‍ണര്‍മാര്‍ ഭരണം കൈയാളാനും അനുവദിക്കാനാവില്ല. സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ നടത്തുന്ന ഇടപെടലുകളെ ജനാധിപത്യത്തിന് നേരെയുള്ള കൈയേറ്റമായേ കാണാനാവൂ. സുപ്രിംകോടതി ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago
No Image

മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്: പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് സൈബര്‍ പൊലിസ് 

Kerala
  •  a month ago