'താന്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതിനിധിയാണ്, പാര്‍ട്ടി തന്നത് ഉയര്‍ന്ന പദവി': കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദിപറഞ്ഞ് ചരണ്‍ജിത് സിങ് ചന്നി
ന്യൂഡല്‍ഹി: ഞാന്‍ സമ്പന്നരുടെ പ്രതിനിധിയല്ല,കര്‍ഷകരുടെ, സാധാരണക്കാരുടെ അടക്കം അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതിനിധിയാണെന്ന് പുതിയ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി.
ഒരു സാധാരണക്കാരനായ തനിക്ക് പഞ്ചാബ് മുഖ്യമന്ത്രിയെന്ന ഉയര്‍ന്ന പദവി നല്‍കിയതിന് കോണ്‍ഗ്രസ് നേതൃത്വത്തോട് ചരണ്‍ജിത് നന്ദി പറഞ്ഞു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സാധാരണക്കാരനായ എനിക്ക് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയത് ഉന്നത പദവിയാണ്. ഇന്ന് ഞാന്‍ മുഖ്യമന്ത്രിയായിരിക്കുന്ന ഈ സര്‍ക്കാര്‍ സാധാരണക്കാരുടെ സര്‍ക്കാരാണ്. പഞ്ചാബിന് വേണ്ടി ഇനിയും കൂടുതല്‍ ചെയ്യേണ്ടതുണ്ട്'മുഖ്യമന്ത്രി പ്രതികരിച്ചു.
മണല്‍ഖനനം നടത്തുന്നവരോ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരോ എന്റെ അടുക്കല്‍ വരേണ്ടതില്ല' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. പാര്‍ട്ടിയാണ് എല്ലാത്തിലും വലുതെന്നും പാര്‍ട്ടി തീരുമാനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുകയെന്നും പറഞ്ഞ ചന്നി, അമരീന്ദര്‍ സിങ് ചെയ്യാന്‍ ബാക്കിയാക്കിയ പരിപാടികള്‍ പൂര്‍ത്തീകരിക്കുമെന്നും പറഞ്ഞു.
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിനേയും ക്ഷണിച്ചിരുന്നു. എന്നാല്‍, പ്രതിഷേധിച്ച് അമരീന്ദര്‍ സിങ് ചടങ്ങില്‍ പങ്കെടുത്തില്ല. ഇതിനിടെ നിയുക്ത മുഖ്യമന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. പുതിയ മുഖ്യമന്ത്രിക്ക് എല്ലാ സഹകരണങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
പഞ്ചാബില്‍ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ദളിതനാണ് ചരണ്‍ജിത് സിങ് ചന്നി. സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ, ഓംപ്രകാശ് സോണി എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."