പണ്ഡിതന്‍
'ലക്ഷം മാനുഷര്‍ കൂടും സഭയില്‍ ലക്ഷണമൊത്തവര്‍ ഒന്നോ രണ്ടോ'
എന്ന് എഴുതിയ കുഞ്ചന്‍ നമ്പ്യാര്‍ മനുഷ്യരുടെ കുറ്റവും കുറവുകളും വിശദമായി ഉപന്യസിക്കുന്നുണ്ട്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ അമിതാഭ് ബച്ചനുമായും ഇന്ദ്രന്‍സുമായും തരാതരം ഉപമിച്ച വി.എന്‍ വാസവന് കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി നല്‍കിയ പുരസ്‌കാരത്തിന്റെ പേര് 'ജനരഞ്ജന' എന്നാണ്. സാമൂഹ്യ വിമര്‍ശനത്തിന് ഫലിതത്തെ ഇത്രമേല്‍ ആയുധമാക്കിയ മറ്റൊരു കവി ലോകസാഹിത്യത്തില്‍ തന്നെയുണ്ടാകുമോ എന്തോ. നാട്ടിലെ മയക്കുമരുന്ന് ഇടപാടുകളുടെ ഉത്തരവാദിത്വം പ്രത്യേക സമുദായത്തിന് പതിച്ചു നല്‍കിയ പാല ബിഷപ്പിനെ അരമനയിലേക്ക് ഓടിച്ചെന്ന് 'പണ്ഡിതന്‍' എന്ന് വിശേഷിപ്പിച്ച വാസവന്‍ ബിഷപ്പിനെ പരിഹസിക്കുകയായിരുന്നോ അതോ സ്വയം പരിഹാസ്യനാവുകയായിരുന്നോ എന്നും പരിശോധിക്കേണ്ടതാണ്.
ഇന്ത്യന്‍ ഭരണഘടനയിലെ ജനാധിപത്യത്തെയും മതേതരത്വത്തെയും കുന്തം കൊടച്ചക്രം എന്നെല്ലാം പഴിച്ച സജി ചെറിയാന്റെ കൈയിലിരുന്ന സാംസ്‌കാരിക വകുപ്പിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരനാണ് വി.എന്‍ വാസവന്‍. സഹകരണ വകുപ്പിലെ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയവെയാണ് കോണ്‍ഗ്രസിന്റെ വലുപ്പത്തെ പറ്റി വാസവന്‍ ആധികൊണ്ടത്. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ് മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ അത്രയായി എന്നായിരുന്നു അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ പ്രസംഗപരാമര്‍ശം. പണ്ഡിതന്‍ എന്ന വാക്കിന് തന്നെ പുതിയ അര്‍ഥം പ്രദാനം ചെയ്ത വാസവന് ഉടനെ തന്നെ തിരുത്തേണ്ടിവന്നു. സഭാ രേഖകളില്‍ നിന്ന് മാറ്റുകയും ചെയ്തു. അക്ഷര കേരളത്തിന്റെ തലസ്ഥാനമെന്നു കരുതുന്ന എണ്ണപ്പെട്ട എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കും ജന്മഭൂമിയും കര്‍മഭൂമിയുമായ കോട്ടയത്ത് ദീര്‍ഘകാലമായി പല വിധ സാധ്യതകളിലൂടെ സി.പി.എമ്മില്‍ നേതൃത്വത്തില്‍ വിരാജിക്കുന്ന ആളാണ് വാസവന്‍.
കേരളം വിട്ടാല്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ് സി.പി.എം. കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടികളില്‍ മുസ്‌ലിം ലീഗിന് പോലും തമിഴ്‌നാട്ടില്‍ കൂടിയേ കോണ്‍ഗ്രസുമായി സഖ്യമുള്ളൂ. സി.പി.എമ്മാകട്ടെ ഒമ്പത് സംസ്ഥാനങ്ങളിലെങ്കിലും കോണ്‍ഗ്രസുമായി ചേര്‍ന്നു നില്‍ക്കുന്നു. സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗങ്ങളില്‍ പലരും പല ഘട്ടങ്ങളിലും പങ്കെടുക്കാതിരുന്നപ്പോള്‍ എല്ലാ യോഗങ്ങളിലും ഒന്നാം വരിയില്‍ സ്ഥാനം പിടിക്കുന്നത് സീതാറാം യെച്ചൂരിയാണ്. എന്നിട്ടും കോണ്‍ഗ്രസിന്റെ ശോഷണത്തെ കേരളത്തിലെ സി.പി.എമ്മുകാര്‍ ആഘോഷിക്കുന്നു. ഇതു പറയുന്ന സി.പി.എമ്മിന്റെ വലുപ്പത്തെക്കുറിച്ചൊട്ട് ആലോചിക്കുന്നുമില്ല.
നാര്‍ക്കോട്ടിക് ജിഹാദ് എന്ന പരാമര്‍ശത്തിലൂടെ മുസ്‌ലിം സമുദായത്തിന് നേരെ വിഷം ചുരത്തിയപ്പോഴാണ് പാലാ ബിഷപ്പിനെ കാണാന്‍ വാസവന്‍ അരമനയിലെത്തിയത്. ലോകത്താകെയായാലും കേരളത്തിലായാലും മയക്കുമരുന്ന് ഇടപാടുകളെ പറ്റി സാമാന്യ ധാരണ പോലുമില്ലാത്ത പ്രസ്താവനയുടെ പേരില്‍ സമുദായങ്ങള്‍ക്കിടിയില്‍ ഛിദ്രത സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് പ്രതി സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തന്നെ അരമനയില്‍ ചെന്ന് വാസവന്‍ പാണ്ഡിത്യ പട്ടം ചാര്‍ത്തിക്കൊടുത്തപ്പോഴാണ് വാസവനെ കേരളം കൂടുതല്‍ ശ്രദ്ധിച്ചത്. ബി.ജെ.പി നേതാക്കള്‍ അരമനയില്‍ കയറിയിറങ്ങുന്നിനിടയിലാണ് വാസവനെത്തുന്നതെന്ന് യാദൃച്ഛികമായി ആരും കാണില്ല.
അഭിനയത്തില്‍ ലോകത്തോളം വളരാന്‍ കെല്‍പ്പുള്ള ഇന്ദ്രന്‍സുമായാണ് കോണ്‍ഗ്രസിനെ ഉപമിച്ചതെന്നത് വാസവന്റെ ഉപായവുമാകാം. വലുപ്പം മാത്രമായിരുന്നു സൂചനയെങ്കില്‍ വേറെയും നടന്‍മാര്‍ ഉണ്ടായിരുന്നല്ലോ. ജഡ്ജിയെ ശുംഭന്‍ എന്ന് വിളിച്ചപ്പോള്‍ ആ വാക്കിന്റെ അര്‍ഥം പ്രകാശമുള്ളവന്‍ എന്നാണ് എന്ന് കോടതിയില്‍ വിശദീകരിച്ച ഭാഷാ പണ്ഡിതന്‍മാര്‍ക്ക് വാസവന്‍ അവസരം നല്‍കിയെന്നേയുള്ളൂ.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ കൂവാന്‍ ശീലിപ്പിച്ച സംഘടനയില്‍ തന്നെയാണ് വാസവന്‍ വിദ്യാര്‍ഥികാലം ചെലവിട്ടത്. ഡി.വൈ.എഫ്.ഐ വഴി സി.പി.എമ്മിലെത്തിയ വാസവന്‍ പടിപടിയായാണ് മന്ത്രി പദത്തിലേക്കെത്തുന്നത്. 1974ല്‍ സി.പി.എമ്മില്‍ അംഗമാകുന്നുണ്ട്. 2015ല്‍ കോട്ടയം ജില്ലാ സെക്രട്ടറിയാവുന്നു. 1987ല്‍ ഉമ്മന്‍ചാണ്ടിക്കെതിരേ പുതുപ്പള്ളിയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നി അങ്കം. പതിനായിരത്തില്‍ താഴെ വോട്ടിന് മാത്രം തോല്‍വി ഏറ്റു വാങ്ങിയ വാസവന്‍ പിന്നീട് എല്ലാ നിയമസഭാ തെരഞ്ഞെടുപ്പിലും കോട്ടയത്താണ് സ്ഥാനാര്‍ഥിയായത്. 2006ല്‍ ജയിക്കുകയും ചെയ്തു. സി.പി.എമ്മിലെ മുതിര്‍ന്ന നേതാവ് ടി.കെ രാമകൃഷ്ണന്‍ ഹാട്രിക് തികച്ച കോട്ടയം മെഴ്‌സി രവിയിലൂടെ കോണ്‍ഗ്രസ് നേടിയെങ്കിലും തിരിച്ചുപിടിച്ചത് വാസവനാണ്. അജയ് തറയിലായിരുന്നു അന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെത്തിയതോടെ കോണ്‍ഗ്രസിന്റെ കോട്ടയായി മാറി കോട്ടയം. 2016ല്‍ ഏറ്റുമാനൂരിലായിരുന്നു വാസവന്‍ ജനവിധി തേടിയത്. 2019ലെ ലോക്‌സഭയിലേക്ക് തോമസ് ചാഴിക്കാടനും പി.സി തോമസും വാസവനും ചേര്‍ന്ന് കോട്ടയത്ത് ത്രികോണ മത്സര പ്രതീതി സൃഷ്ടിച്ചെങ്കിലും വാസവനെ കാത്തിരുന്നത് രണ്ടാം പിണറായി മന്ത്രിസഭയിലെ സഹകരണ വകുപ്പായിരുന്നു.
പൊന്‍കുന്നം വര്‍ക്കിയുടെ കഥയിലൂടെ കൂടി പ്രശസ്തമായ പാമ്പാടി പഞ്ചായത്തിന്റെ പ്രസിഡന്റായാണ് വാസവന്റെ അധികാര രാഷ്ട്രീയത്തിലേക്കുള്ള തുടക്കം. കോട്ടയം ജില്ലാ സഹകരണ ബാങ്കടക്കം നിരവധി സഹകരണ സ്ഥാപനങ്ങളുടെ ചുമതലക്കാരനായിരുന്നു അദ്ദേഹം.
വട്ടപ്പൂജ്യത്തില്‍ എത്തിയാലും എപ്പോള്‍ വേണമെങ്കിലും ഇന്ത്യയില്‍ അത്ഭുതങ്ങള്‍ ഉണ്ടാക്കാവുന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് നടന്‍ ഹരീഷ് പേരടി കുറിക്കുന്നത് വാസവന്റെ ഇന്ദ്രന്‍സ് പരാമര്‍ശത്തെ തുടര്‍ന്നാണ്. എല്ലാ ജനതയും അവര്‍ക്ക് അര്‍ഹതപ്പെട്ടതേ തെരഞ്ഞടുക്കാറുള്ളൂവെന്ന് പറഞ്ഞ് ഹരീഷ് കുറിപ്പ് അവസാനിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."