കിനാക്കപ്പുയര്‍ത്താന്‍ മെസ്സി; രണ്ടാം തവണയും ജയം കൈപ്പിടിയിലൊതുക്കാന്‍ എംബാപെ; ലുസൈലില്‍ ഇന്ന് കലാശപ്പോര്
ദോഹ: ലോകം മുഴുവന്‍ ഒരു പന്തിനു പിന്നാലെ പാഞ്ഞ ഒരു മാസക്കാലം. കളിയുടെ രസച്ചരടില്‍ കോര്‍ത്തു കെട്ടിയ രാവുകളില്‍ അവസാന രാവ്. ലോകമെങ്ങുമുള്ള മനുഷ്യരുടെ കണ്ണും കരളും ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയത്തിലേക്കൊഴുകുന്ന രാവ്. കിനാക്കപ്പില്‍ ഇന്നാരായിരിക്കും മുത്തമിടുക. ഏറെ കപ്പുകള്‍ മുത്തമിട്ടിട്ടും കൈയെത്തും ദൂരത്തില്‍ പലപ്പോഴും കൈവിട്ടു പോയ മനോഹര സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരത്തിനായി അനേകായിരം രാവുകളായി കാത്തിരിക്കുന്ന മെസ്സിയോ അതോ ഇളം പ്രായത്തില്‍ മുത്തമിട്ടൊരു കപ്പ് വിട്ടു കൊടുക്കാന്‍ മനസ്സിലാതെ വീണ്ടും കളത്തിലിറങ്ങിയ എംബാപെയോ. അറിയാന്‍ ഇനി ഒരു അസ്തമയ ദൂരം മാത്രം. ലോക ഫുട്‌ബോളിലെ ഗ്ലാമര്‍ താരങ്ങളായ ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും നേര്‍ക്കുനേര്‍ വരുന്ന ഫൈനല്‍ പോരാട്ടത്തെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
തെക്കനമേരിക്കന്‍ കളിയഴകിന്റെ അപ്പോസ്തലന്മാരായ അര്‍ജന്റീനയോ യൂറോപ്യന്‍ ഫുട്ബാളിന്റെ പവര്‍ ഗെയിം പാദങ്ങളിലാവാഹിക്കുന്ന ഫ്രാന്‍സോ? മഞ്ഞക്കപ്പിനായി രണ്ട് നീലപ്പടകള്‍ അങ്കത്തിനിറങ്ങുന്നു. ഖത്തര്‍ ദേശീയ ദിനത്തില്‍ പച്ചപ്പട്ടണിഞ്ഞ ലുസൈലിന്റെ നടുമുറ്റത്ത് ലോകം കണ്ണിമ ചിമ്മാതെ നോക്കിനില്‍ക്കുന്ന രാത്രിയില്‍, പാറിപ്പറക്കുന്ന 'അല്‍ ഹില്‍മ്' പന്തിന്റെ ഗതിവിഗതികള്‍ അതു നിശ്ചയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."