അനീതിക്കിരയാവുന്ന ഭാഷാധ്യാപകർ എന്നുവരും അറബിക് സർവകലാശാല
എം. തമീമുദീൻ
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് അറബി ഭാഷാപഠനം ആരംഭിച്ചിട്ടു 110 വർഷങ്ങൾ കഴിഞ്ഞെങ്കിലും നിരവധി പ്രശ്നങ്ങളാണ് അറബിക് അധ്യാപക സമൂഹം ഇപ്പോഴും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഭാഷാധ്യാപക തസ്തികകൾക്കുള്ള വിദ്യാർഥികളുടെ എണ്ണം നിരവധി വർഷങ്ങൾ കഴിഞ്ഞിട്ടും നിലവിലുള്ളതിൽനിന്ന് കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടില്ല. ഭാഷ പഠിക്കുന്ന കുട്ടികളുടെ എണ്ണം നോക്കി തസ്തിക അനുവദിക്കാതെ താൽപര്യമുള്ള എല്ലാ കുട്ടികൾക്കും പ്രൈമറിതലം മുതൽ ഹയർ സെക്കൻഡറി വരെ അറബി ഭാഷ പഠിക്കാൻ അവസരം നൽകുന്നതരത്തിൽ തസ്തികകൾ സൃഷ്ടിക്കേണ്ടതുണ്ട്.
നിശ്ചിത എണ്ണം വിദ്യാർഥികൾ ഒരു ഭാഷ ഉപഭാഷയായി പഠിക്കാനുണ്ടെങ്കിൽ ഹയർ സെക്കൻഡറിയിൽ ആ ഭാഷ പഠിക്കാൻ തസ്തിക മുൻകാലങ്ങളിൽ അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ മലയാളം, ഹിന്ദി ഉൾപ്പെടെ ഏതെങ്കിലും രണ്ട് ഭാഷകൾക്ക് മാത്രമേ അനുമതി നൽകുന്നുള്ളൂ. ഇതിലൂടെ പത്താം ക്ലാസ് വരെ അറബിക്, സംസ്കൃതം ഇതിൽ ഏതെങ്കിലും ഭാഷ പഠിച്ച് ജയിച്ചുവരുന്ന കുട്ടിയുടെ തുടർഭാഷാപഠനം തടയപ്പെടുകയാണ് ചെയ്യുന്നത്. തസ്തിക നിർണയത്തിനുള്ള നിശ്ചിത എണ്ണം വിദ്യാർഥികൾ ഹയർ സെക്കൻഡറി ഭാഷാ പഠനത്തിനുണ്ടെങ്കിൽ മുൻകാലങ്ങളിലേതുപോലെ അധ്യാപക തസ്തിക അനുവദിക്കുന്നതിനും വിദ്യാർഥികളുടെ തുടർഭാഷാ പഠനത്തിന് സൗകര്യമൊരുക്കുന്നതിനും നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
ഹയർസെക്കൻഡറിയിൽ 10 കുട്ടികൾ പഠിക്കാൻ ഉണ്ടെങ്കിൽ അറബി/ സംസ്കൃതം / ഉറുദു തസ്തികഅനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ അറബിക്കിന് മാത്രം 25 കുട്ടികൾ വേണമെന്ന വിവാദ ഉത്തരവ് നിലനിൽക്കുകയാണ്. ഇൗ അനീതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല.
ഭാഷാ പഠനത്തിന് യു.പി, ഹൈസ്കൂൾ ചേർത്ത് ഫുൾ ടൈം തസ്തിക അനുവദിക്കുന്നതുപോലെ തസ്തികയ്ക്ക് ആവശ്യമുള്ള വിദ്യാർഥികളുള്ള സ്കൂളുകളിൽ എച്ച്.എസ്, എച്ച്.എസ്.എസ് ചേർത്ത് ഫുൾടൈം തസ്തിക ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം.
ഭാഷാധ്യാപകരിൽ ഭൂരിഭാഗം പേരും പാർട്ടൈം അധ്യാപകരായാണ് സർവിസിൽ പ്രവേശിക്കുന്നത്. എന്നാൽ അവരുടെ പാർട്ട് ടൈം സർവിസ് ഒരു ആനുകൂല്യങ്ങൾക്കും ഇപ്പോഴും പരിഗണിക്കുന്നില്ല. പെൻഷൻ പദ്ധതിയിൽ നിന്നുപോലും അവരെ തഴയപ്പെടുന്നു.
വർഷങ്ങളുടെ സീനിയോരിറ്റിയുള്ള ഭാഷാ അധ്യാപകന് എച്ച്.എം പ്രമോഷൻ തടയപ്പെടുന്നത് അനീതിയായി തുടരുകയാണ്.
മറ്റൊരു ജില്ലയിൽ പ്രവേശനം നേടിയ അറബി അധ്യാപകന് എത്ര വർഷം കഴിഞ്ഞാലും മാതൃജില്ലയിലേക്ക് തിരിച്ചുവരുന്നതിന് സാധ്യമാകാത്ത രീതിയിലുള്ള ഉത്തരവാണ് നിലവിലുള്ളത്. അന്തർജില്ലാ സ്ഥലംമാറ്റത്തിന് 10% മാത്രമാണ് പരിഗണിക്കപ്പെടുന്നത്. ഇതുമൂലം ഭാഷാധ്യാപകരിൽ ഒരാൾക്ക് പോലും മാതൃജില്ലയിലേക്ക് വരാൻ കഴിയുകയില്ല. മുൻകാലങ്ങളിലേതുപോലെ അത് 30% ആയി പുനഃക്രമീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് പലതവണ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അറബി അധ്യാപകരായി പ്രവേശിക്കുന്നതിന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് എൻ.സി.എ നിയമനങ്ങളിലെ ചട്ടവിരുദ്ധത നിലനിൽക്കുന്നതിനാൽ അവസരങ്ങൾ നഷ്ടപ്പെടുന്നുണ്ട്. സംവരണ വിഭാഗത്തിനായി മാറ്റിവച്ച ഒഴിവുകളിൽ രണ്ട് പ്രാവശ്യം വിളിച്ചിട്ടും ഉദ്യോഗാർഥികൾ ഇല്ലായെങ്കിൽ ജനറൽ വിഭാഗത്തിലെ ലിസ്റ്റിൽനിന്ന് ഉദ്യോഗാർഥികൾക്ക് അവസരം നൽകണമെന്നാണ്. എങ്കിലും, ചട്ടം പാലിക്കാതെ ഉദ്യോഗാർഥികളുടെ അവസരം പി.എസ്.സി നഷ്ടപ്പെടുത്തുന്നുണ്ട്.
ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കാനുണ്ടെങ്കിലും സംസ്ഥാനത്ത് ഭാഷാധ്യാപക ഡി.എൽ.എഡ് സെന്ററുകൾ 450 സീറ്റുകൾ മാത്രമാണ് നിലവിലുള്ളത്. ബിഎഡ് സെന്ററുകളിലും അറബിക് ഓപ്ഷൻ വളരെ പരിമിതമാണ്. അതിനാൽ വിദ്യാർഥികൾക്ക് അധ്യാപക പരിശീലന കോഴ്സിൽ ചേരുന്നതിന് അവസരം ലഭിക്കുന്നില്ല. സെന്ററുകളും സീറ്റുകളും വർധിപ്പിച്ചുകൊണ്ട് വിദ്യാർഥികൾക്ക് പഠനാവസരം ലഭ്യമാക്കേണ്ടതുണ്ട്.
ഉന്നതവിദ്യാഭ്യാസ രംഗത്തും അറബിക്കിന് വളരെ പരിമിത റഫറൻസ് സൗകര്യം മാത്രമാണ് സംസ്ഥാനത്തുള്ളത്. പതിനായിരക്കണക്കിന് വിദ്യാർഥികൾ പഠിച്ചുകൊണ്ടിരിക്കുന്ന ഭാഷയെന്നുള്ള രീതിയിൽ ഉന്നത പഠനത്തിന് അന്താരാഷ്ട്ര അറബിക് സർവകലാശാല സ്ഥാപിക്കണമെന്നുള്ള ആവശ്യം വർഷങ്ങളായി ഭാഷാസ്നേഹികൾ സർക്കാരുകൾക്കു മുന്നിൽ വച്ചിട്ടും പരിഗണിക്കപ്പെട്ടിട്ടില്ല.
•
( കേരള അറബിക് മുൻഷിസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."