ഓര്‍മയുണ്ടോ ഈ രോഗം?
ഡോ. അനീസ് അലി
നിങ്ങള്‍ക്ക് എന്തെല്ലാം കഴിവുകളുണ്ട്? ഈ ചോദ്യത്തിന് മറുപടിയായി പല കഴിവുകളും ഓര്‍ത്തെടുത്ത് നാം അക്കമിട്ടു പറയും. ഇതിനിടയില്‍ മിക്കപ്പോഴും മറന്നുപോകുന്ന വലിയൊരു കഴിവാണ് 'ഓര്‍മശക്തി' എന്നത്. അതുള്ളതുകൊണ്ടാണല്ലോ മറ്റെല്ലാം ഓര്‍ത്തെടുത്ത് പറയാന്‍ നമുക്ക് കഴിയുന്നത്. ഓര്‍മ ഒരു ഉദ്യാനമാണ്. ജീവിതത്തിന് നിറവും സുഗന്ധവും പകരുന്ന പൂന്തോട്ടം. അതു നഷ്ടപ്പെടുന്നതിനെ മരണതുല്യം എന്നുപോലും വിശേഷിപ്പിക്കാം. മറ്റു അവയവങ്ങളെല്ലാം ആരോഗ്യപൂര്‍ണവും പ്രവര്‍ത്തനനിരതവുമാണെങ്കിലും ഓര്‍മയ്ക്കു ക്ഷയം സംഭവിച്ചാല്‍ മറ്റെല്ലാം നിഷ്ഫലം. കാണുന്നത് ആരെയെന്നോ എന്തിനെയെന്നോ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ കാഴ്ചകൊണ്ടെന്തു ഫലം. പോകുന്നത് എങ്ങോട്ടെന്നറിയില്ലെങ്കില്‍ കാലുകളുടെ നടത്തം എന്തിനു വേണ്ടി.
ഓര്‍മയുടെ മരണമാണ് അല്‍സ്‌ഹൈമേഴ്‌സിനെ (Alzheimer's) ഏറ്റവും ഭീതിജനകമായ രോഗമാക്കി മാറ്റുന്നത്. നേരിയ തോതില്‍ തുടങ്ങി പടിപടിയായി വളരുന്ന ന്യൂറോളജിക്കല്‍ (നാഡീസംബന്ധ) രോഗമാണിത്. മസ്തിഷ്‌കത്തിലെ കോശങ്ങള്‍ നിര്‍ജീവമാവുകയും മസ്തിഷ്‌കം ശോഷിക്കുകയും ചെയ്യുന്നതാണ് രോഗത്തിന്റെ തുടക്കം. മറവിരോഗത്തിലേക്ക്(dementia) നയിക്കുന്ന ഏറ്റവും പ്രധാന കാരണമായി ഇതു മാറുന്നു. ചിന്ത, പെരുമാറ്റം, ദൈനംദിന കാര്യങ്ങള്‍ തുടങ്ങിയവയിലെല്ലാം വ്യക്തിക്കുള്ള കഴിവ് ക്രമേണ കുറഞ്ഞുവരും. ഒടുവില്‍ പരാശ്രയമില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ. ഓര്‍മ ഉള്‍പ്പെടെ മനസ്സിന്റെ പ്രധാന പ്രവര്‍ത്തനങ്ങളെയാണ് അല്‍സ്‌ഹൈമേഴ്‌സ് കടന്നാക്രമിക്കുന്നത്. ചെറിയ ഓര്‍മക്കുറവില്‍ തുടങ്ങി ഒടുവില്‍ സ്വതന്ത്രമായ ആശയവിനിമയമോ യുക്തിപൂര്‍ണമായ സംസാരമോ സ്വാഭാവിക പ്രവര്‍ത്തനങ്ങളോ സാധിക്കാത്ത തരത്തിലേക്ക് മാറുന്നു. ജര്‍മന്‍ സൈക്യാട്രിസ്റ്റ് ആയിരുന്ന ഡോ. അലോയ്‌സ് അല്‍സ്‌ഹൈമറുടെ (Dr. Alois Alzheim-er) പേരില്‍ നിന്നാണ് അല്‍സ്‌ഹൈമേഴ്‌സ് രോഗത്തിന് ആ പേര് ലഭിച്ചത്. 1906ല്‍ ഈ രോഗം ആദ്യമായി നിര്‍വചിച്ചത് അദ്ദേഹമാണ്.
തുടക്കം 65+
കൂടുതല്‍ പേരിലും അല്‍സ്‌ഹൈമേഴ്‌സ് രോഗലക്ഷണം 65 വയസോടെയാണ് കണ്ടുതുടങ്ങുന്നത്. ഇതിന്റെ സൂചനകള്‍ 30-60 പ്രായത്തില്‍ തന്നെ വരാം. പ്രായം തന്നെയാണ് പ്രധാന ഘടകമെങ്കിലും പ്രായമേറിയവരെ മാത്രം ബാധിക്കുന്ന രോഗമല്ല ഇത്. അല്‍സ്‌ഹൈമേഴ്‌സ് അസോസിയേഷന്റെ നിഗമനമനുസരിച്ച് ഈ രോഗത്തിനുള്ള ഒരുക്കം 65 വയസിനു മുന്‍പുതന്നെ വ്യക്തിയില്‍ രൂപപ്പെടുന്നു. പ്രായം നാല്‍പതുകളിലോ അന്‍പതുകളിലോ എത്തുമ്പോള്‍ തന്നെ പലരെയും രോഗം പിടികൂടുന്നു. ചെറുപ്പക്കാരില്‍ ഈ രോഗം എങ്ങനെ വരുന്നു എന്നതിന് കൃത്യമായ ഉത്തരം ഇപ്പോഴുമില്ല. സങ്കീര്‍ണമായ അനേകം ജനിതക സമസ്യകളാണ് ഈ രോഗത്തിലേക്ക് നയിക്കുന്നത്. തലയ്ക്ക് ഗുരുതരമായ പരുക്കോ മുറിവോ ഏറ്റവര്‍ക്ക് ഈ രോഗസാധ്യത ഏറെയാണ്.
കാരണങ്ങള്‍
മസ്തിഷ്‌ക കോശങ്ങള്‍ക്കു ചുറ്റും അമിതമായി പ്രോട്ടീന്‍ അടിഞ്ഞുകൂടുന്നതാണ് രോഗകാരണം. ഇത്തരം പ്രോട്ടീനുകളിലൊന്നാണ് അമിലോയ്ഡ് (Amyloid). ഇതിന്റെ അളവ് അമിതമായി വര്‍ധിച്ച് മസ്തിഷ്‌കകോശങ്ങളെ വലയം ചെയ്യും. 'ടൗ' (T-au) എന്നതാണ് മറ്റൊരു പ്രോട്ടീന്‍. ഇത് അമിതമാകുമ്പോള്‍ മസ്തിഷ്‌കകോശങ്ങള്‍ കെട്ടുപിണയും. ഇങ്ങനെ പ്രോട്ടീനുകളുടെ അമിതവും അസാധാരണവുമായ വ്യാപനം സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ശാസ്ത്രലോകത്ത് ഇന്നും ഉത്തരമില്ല. എന്നാല്‍, ഒരു കാര്യം വ്യക്തമാണ് രോഗലക്ഷണങ്ങള്‍ പുറത്ത് കണ്ടുതുടങ്ങുന്നതിന് എത്രയോ വര്‍ഷം മുന്‍പുതന്നെ ഈ പ്രക്രിയ മസ്തിഷ്‌കത്തില്‍ ആരംഭിക്കുന്നുണ്ട്. മസ്തിഷ്‌ക കോശങ്ങളെ അമിത പ്രോട്ടീനുകള്‍ ബാധിക്കുന്നതോടെ തലച്ചോറിലെ രാസസന്ദേശങ്ങള്‍ (neurotransmitters) തടസ്സപ്പെട്ടു തുടങ്ങും. ക്രമേണ തലച്ചോറിന്റെ വിവിധ ഭാഗങ്ങള്‍ ശോഷിക്കും. ഓര്‍മയെ നിയന്ത്രിക്കുന്ന ഭാഗത്തെയാണ് ആദ്യം ബാധിക്കുക.
മൂന്ന് ഘട്ടങ്ങള്‍
അല്‍സ്‌ഹൈമേഴ്‌സ് രോഗം പൊതുവെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് ബാധിക്കുന്നത്. നേരിയ തോതിലുള്ളത്, മിതമായത്, ഗുരുതരമായത് എന്നിങ്ങനെ ഇത് തരംതിരിക്കാം.
ആദ്യഘട്ടം
നേരിയ തോതില്‍ രോഗലക്ഷണം പ്രകടിപ്പിക്കുന്ന ഈ ഘട്ടത്തില്‍ വ്യക്തിക്ക് സ്വന്തമായിത്തന്നെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. വാഹനം ഓടിക്കാനും ജോലി ചെയ്യാനും സമൂഹത്തില്‍ ഇടപഴകാനുമൊക്കെ കഴിയും. എങ്കിലും ചെറിയ ഓര്‍മക്കുറവ് തന്നെ അലട്ടുന്നതായി വ്യക്തിക്ക് തോന്നിത്തുടങ്ങും. പരിചിതമായ വാക്കുകള്‍ മറന്നുപോവുക, എപ്പോഴും ഉപയോഗിക്കുന്ന വസ്തുക്കള്‍ വച്ചത് എവിടെയെന്നത് മറന്നുപോവുക തുടങ്ങിയവ സംഭവിക്കാം. ഈ ഘട്ടത്തില്‍ പൊതുവായി കാണുന്ന ലക്ഷണങ്ങള്‍;
ശരിയാ പേരോ വാക്കോ മറക്കുക.
പതിവായി ചെയ്യുന്ന കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ മുന്‍പില്ലാത്ത പ്രയാസം അനുഭവപ്പെടുക.
തൊട്ടുമുന്‍പ് വായിച്ച കാര്യങ്ങള്‍ പോലും മറക്കുക
വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടുക, മറക്കുക.
രണ്ടാം ഘട്ടം
ഗുരതരമായ സ്ഥിതിയല്ല; എന്നാല്‍ അത്ര നിസ്സാരവുമല്ല. ഇതാണ് രണ്ടാം ഘട്ടത്തിലെ സ്ഥിതി. രോഗബാധിതരില്‍ ഏറ്റവുമധികം കാലം നീണ്ടുനില്‍ക്കുക ഈ ഘട്ടമാണ്. വര്‍ഷങ്ങളോളം തുടരാവുന്ന ഈ അവസ്ഥയില്‍ രോഗിക്ക് വലിയ പരിചരണവും ശ്രദ്ധയും വേണം. ഈ ഘട്ടത്തില്‍ ഓര്‍മക്ഷയം (ഉലാലിശേമ) വളരെ പ്രകടമാകും. പൊതുവായി കാണുന്ന മറ്റു ലക്ഷണങ്ങള്‍
വാക്കുകള്‍ മനസ്സിലാകാതിരിക്കുക
അപ്രതീക്ഷിതമായി ക്ഷുഭിതരാവുക
പതിവുകാര്യങ്ങള്‍ക്കു പോലും വിസമ്മതിക്കുക. കുളിക്കാന്‍ തയാറാവാതിരിക്കുക.
വിഷാദഭാവത്തില്‍ ഇരിക്കുക
സ്വന്തം കാര്യങ്ങള്‍ പോലും (വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയവ) ഓര്‍ത്തെടുക്കാന്‍ കഴിയാതിരിക്കുക.
അറിയാതെ മൂത്രമൊഴിക്കുക.
ഉറക്കത്തിന്റെ ക്രമം നഷ്ടപ്പെടുക. പകല്‍ ഉറങ്ങും. രാത്രി ഉറക്കം ലഭിക്കില്ല.
വഴിതെറ്റി നടക്കുക; എങ്ങോട്ടെന്നറിയാതെ പോവുക. ചിലപ്പോള്‍ ആളെ കാണാതാകും.
മൂന്നാം ഘട്ടം
ഈ ഘട്ടത്തില്‍ ഓര്‍മക്കുറവ് കലശലാകും. സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ കഴിയില്ല. നടക്കുക, ഇരിക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയവയൊക്കെ സാധിക്കാതെ വരുന്നു. ആശയവിനിമയം അസാധ്യമാകും. കിടപ്പിലായിപ്പോകുന്ന ഈ ഘട്ടത്തില്‍ ന്യൂമോണിയ പോലെയുള്ള അണുബാധയ്ക്കും സാധ്യത വളരെ കൂടുതലാണ്.
ഓര്‍മയുടെ മരണം
ഓര്‍മക്കുറവ് തന്നെയാണ് അല്‍സ്‌ഹൈമേഴ്‌സിന്റെ പ്രധാന ലക്ഷണം. ഒരിക്കല്‍ പറഞ്ഞുകൊടുത്ത കാര്യം തന്നെ വീണ്ടുംവീണ്ടും ചോദിച്ചുകൊണ്ടേയിരിക്കുക, കൈയിലുള്ള വസ്തുക്കളൊക്കെ എവിടെയെങ്കിലും കൊണ്ടുപോയി വയ്ക്കുക, ഉപേക്ഷിക്കുക, എങ്ങോട്ടെന്നറിയാതെ നടക്കുക, ആളെ കാണാതാവുക തുടങ്ങിയവ സംഭവിക്കും.
തണുപ്പുള്ള തീ
നമ്മുടെ ചിന്താശേഷി ഉപയോഗിച്ച് ചെയ്തുതീര്‍ക്കേണ്ടതോ തീരുമാനമെടുക്കേണ്ടതോ ആയ കാര്യങ്ങള്‍ സാധിക്കാതെ വരും. തീയില്‍ തൊട്ടാല്‍ കൈ പൊള്ളും, ബാല്‍ക്കണിയുടെ അറ്റത്തേക്കു പോയാല്‍ താഴെ വീഴും തുടങ്ങിയവയൊന്നും മനസ്സിലാകാതെ വരും. എന്താണ് അപകടം, ഏതാണ് സുരക്ഷിതം എന്നത് തിരിച്ചറിയാനാകാതെ പോവുക. സന്ദര്‍ഭോചിതമായി തീരുമാനങ്ങളെടുക്കാന്‍ കഴിയാതിരിക്കുക. പണം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുമ്പോള്‍ ധാരണപ്പിശക്. കാര്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ കഴിയാതിരിക്കുക.
ആളാകെ മാറി
സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ വരുന്നത് ഈ രോഗത്തിന്റെ ലക്ഷണമാണ്. മുന്‍പ് വലിയ താല്‍പര്യമുണ്ടായിരുന്ന കാര്യങ്ങളില്‍ താല്‍പര്യമില്ലാതാവുക, വെറുതേ ദേഷ്യപ്പെടുക, അകാരണമായി വിഷമിക്കുക, ദുഃഖിതനാവുക, വിഷാദഭാവം, മറ്റുള്ളവരോട് സ്‌നേഹം കാണിക്കാതിരിക്കുക, അനുചിതമായ കാട്ടിക്കൂട്ടലുകള്‍, സന്ദര്‍ഭത്തിനു ചേരാത്ത പ്രവൃത്തികള്‍ തുടങ്ങിയവയൊക്കെ വരാം. നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുന്നതും ഇടയ്ക്കിടെ വീഴുന്നതും ഇതിന്റെ ശാരീരിക ലക്ഷണങ്ങളായി വരാറുണ്ട്.
എങ്ങനെ തിരിച്ചറിയാം?
അല്‍സ്‌ഹൈമേഴ്‌സ് രോഗം ബാധിച്ചുവെന്ന് രോഗം സ്വയം തിരിച്ചറിയുകയല്ല, മറ്റുള്ളവര്‍ മനസ്സിലാക്കുകയാണ് ചെയ്യുക. ഓര്‍മപരിശോധന, ന്യൂറോളജിക്കല്‍ ഫങ്ഷന്‍ പരിശോധന, രക്തപരിശോധന, മൂത്രപരിശോധന, സി.ടി/എം.ആര്‍.ഐ സ്‌കാന്‍ തുടങ്ങിയവയിലൂടെ രോഗനിര്‍ണയം നടത്താം.
തടയാന്‍ എന്തുചെയ്യാം?
പതിവായി വ്യായാമം ചെയ്യുക.
ആരോഗ്യകരമായ ഭക്ഷണശീലം
ഹൃദയാരോഗ്യം ശ്രദ്ധിക്കുക
ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി, രക്താതിസമ്മര്‍ദം തുടങ്ങിയവ സംബന്ധിച്ച് യഥാസമയം പരിശോധനകള്‍ നടത്തുക
മസ്തിഷ്‌കത്തെ സജീവമായി നിര്‍ത്താന്‍ ശ്രമിക്കുക.
(സൈക്യാട്രിക് കണ്‍സല്‍റ്റന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."