ആര് വാഴും? ആര് വീഴും?... ആ ചരിത്രം പിറവിയെടുക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി
ദോഹ: ഒരുമാസക്കാലം നീണ്ട ഫുട്‌ബോള്‍ മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. കലാശപ്പോരിനായി സര്‍വ്വസന്നാഹവുമായി ഇറങ്ങാനൊരുങ്ങുകയാണ് ഇരുടീമുകളും.
കഴിഞ്ഞ ഒരു മാസം കൊണ്ട് കാല്‍പന്ത് കൊണ്ട് വിസ്മയം തീര്‍ത്തിരിക്കുകയാണ് അതിഥേയരായ ഖത്തര്‍. ഫൈനലില്‍ ലാറ്റിന്‍ അമേരിക്കന്‍ വമ്പന്മാരായ ലയണല്‍ മെസിയുടെ അര്‍ജന്റീനയും നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും തമ്മിലാണ് ഏറ്റുമുട്ടുക. ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഫിഫ ലോകകപ്പ് 2022ന്റെ ഫൈനല്‍ അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് അര്‍ജന്റീന-ഫ്രാന്‍സ് കലാശപോരാട്ടത്തിന് കിക്കോഫ്.
ഫ്രാന്‍സും - അര്‍ജന്റീനയും ഏറ്റുമുട്ടുമ്പോള്‍ അത് തന്ത്രങ്ങളുടെ കൂടെ പോരാട്ടമാകും. ലയണല്‍ സ്‌കലോണിയുടെ കീഴില്‍ ലയണല്‍ മെസിയെ മുന്‍നിര്‍ത്തി കളത്തില്‍ പന്തുകൊണ്ട് കവിത എഴുതുക മാത്രമായിരുന്നില്ല അര്‍ജന്റീന ചെയ്തത്. തോല്‍വിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഫൈനലിലേക്ക് ആധികാരികമായി മുന്നേറുന്ന രംഗംകൂടിയായിരുന്നു.
ഫ്രാന്‍സിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചത് അന്റോണിയ ഗ്രീസ്മാനാണ്. മുന്‍നിരയിലും പിന്‍നിരയിലുമെല്ലാം ഒരുപോലെ സാന്നിധ്യമറിയിക്കുന്ന ഗ്രീസ്മാന്‍ ഇതുവരെ ലോകകപ്പില്‍ സൃഷ്ടിച്ചത് 21 ഗോളവസരങ്ങള്‍. സാക്ഷാല്‍ മെസി പോലും താരത്തിന് കീഴിലാണ്. മൂന്ന് അസിസ്റ്റുകളും ഗ്രീസ്മാന്‍ ഫ്രാന്‍സിനായി ലോകകപ്പില്‍ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."