പ്ലസ് വണ്‍ പരീക്ഷ: ഒരുക്കങ്ങള്‍ വിലയിരുത്തി ഒരു കവാടത്തിലൂടെ മാത്രം പ്രവേശനം
തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
പരീക്ഷയ്ക്കുവേണ്ട തയാറെടുപ്പുകള്‍ യോഗം വിലയിരുത്തി. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താനാണ് തീരുമാനം. പരീക്ഷാ ഹാള്‍, ഫര്‍ണിച്ചര്‍, സ്‌കൂള്‍ പരിസരം തുടങ്ങിയവ ശുചിയാക്കി 22ന് മുമ്പ് അണുവിമുക്തമാക്കും.
ആരോഗ്യവകുപ്പ്, പി.ടി.എ, സന്നദ്ധസംഘടനകള്‍, ഫയര്‍ഫോഴ്‌സ്, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായം പ്രയോജനപ്പെടുത്തും. വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തില്‍ തന്നെ സാനിറ്റൈസര്‍ നല്‍കാനും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനമുണ്ടാകും.
അനധ്യാപക ജീവനക്കാര്‍, പി.ടി.എ അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, എസ്.എസ്.കെ ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തും.
വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം നിര്‍ബന്ധമല്ല. പരീക്ഷാ ദിവസങ്ങളില്‍ സ്‌കൂള്‍ കോംപൗണ്ടില്‍ കുട്ടികള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഉറപ്പാക്കും. കുട്ടികള്‍ക്ക് പരസഹായം കൂടാതെ പരീക്ഷാഹാളില്‍ എത്തിച്ചേരാനായി പ്രവേശന കവാടത്തില്‍ തന്നെ എക്‌സാം ഹാള്‍ ലേ ഔട്ട് പ്രദര്‍ശിപ്പിക്കും.
പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാര്‍ഥികള്‍ കൂട്ടംകൂടില്ലെന്ന് ഉറപ്പാക്കും. കൊവിഡ് ബാധിതരായ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കില്‍ വിവരം മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച് വിദ്യാര്‍ഥികള്‍ക്കും ബന്ധപ്പെട്ട ഇന്‍വിജിലേറ്റര്‍മാര്‍ക്കും പി.പി.ഇ കിറ്റ് ലഭ്യമാക്കാനുള്ള നടപടി ചീഫ് സൂപ്രണ്ടുമാര്‍ സ്വീകരിക്കണം.
ഈ കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ് മുറിയില്‍ ആയിരിക്കും പരീക്ഷ. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാര്‍ഥികള്‍ക്കും ക്വാറന്റൈനിലുള്ള വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം ക്ലാസ് മുറികളിലായിരിക്കും പരീക്ഷ. ക്ലാസ്മുറികളില്‍ പേന, കാല്‍ക്കുലേറ്റര്‍ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല.
പരീക്ഷാ കേന്ദ്രത്തിന് അകത്തും പുറത്തും വിദ്യാര്‍ഥികള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പെടുന്ന നോട്ടിസ് പ്രവേശനകവാടത്തില്‍ പ്രദര്‍ശിപ്പിക്കും. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാ വിദ്യാലയങ്ങളിലും മേഖലാ ഉപമേധാവിമാരുടെ നേതൃത്വത്തില്‍ മൈക്രോ പ്ലാന്‍ തയാറാക്കാനും യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."