ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; അപേക്ഷകള്‍ കുറയ്ക്കാന്‍ കുറുക്കുവഴിയായി ജാതി സര്‍ട്ടിഫിക്കറ്റും!
എന്‍.സി ഷെരീഫ്
മഞ്ചേരി: മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിന് തടയിടാന്‍ കുറുക്കുവഴിയുമായി സര്‍ക്കാര്‍.
ഇതിന്റെ ഭാഗമായാണ് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ കടുപ്പിച്ചതെന്ന ആക്ഷേപം ഉയര്‍ന്നു. വിദ്യാര്‍ഥികള്‍ അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന പുതിയ നിര്‍ദേശത്തോടെ അപേക്ഷിക്കാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും മടിക്കുകയാണ്. ഈ മാസം ഏഴിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇറക്കിയ പുതിയ ഉത്തരവിലാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജാതി സര്‍ട്ടിഫിക്കറ്റ് കൂടി ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് ഇത്തവണ ജാതി സര്‍ട്ടിഫിക്കറ്റ് കൂടി ഉള്‍പ്പെടുത്തിയത്. അനാവശ്യ നടപടിയെ ചോദ്യം ചെയ്ത് അധ്യാപകരും രക്ഷിതാക്കളും രംഗത്തെത്തി. മുസ്‌ലിം, ക്രിസ്ത്യന്‍, ജൈനര്‍, ബുദ്ധര്‍, സിഖ്, പാഴ്‌സി മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
ഇവരുടെയെല്ലാം സ്‌കൂള്‍ രജിസ്റ്ററിലും സ്‌കൂളില്‍ നിന്ന് മാറ്റം വാങ്ങുമ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിലും മതവും ജാതിയും രേഖപ്പെടുത്തുന്നുണ്ട്.
ഇത് ഉപയോഗപ്പെടുത്തി നടപടികള്‍ ലഘൂകരിച്ച് അപേക്ഷകള്‍ വേഗത്തില്‍ സ്വീകരിക്കാവുന്നതേയുള്ളു. ഇതിന് പകരം വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും വട്ടംകറക്കുന്നതാണ് സര്‍ക്കാര്‍ നിലപാട്. നേരത്തെ അപേക്ഷയോടൊപ്പം രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ് മാത്രം മതിയായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ഇത് വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തണം എന്നായി.
ഈ വര്‍ഷം ജാതി സര്‍ട്ടിഫിക്കറ്റും ചോദിച്ചതോടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാന്‍ കടമ്പകള്‍ ഏറെയാണ്. ഇത് അപേക്ഷകരുടെ എണ്ണം കുറയാന്‍ ഇടയാക്കും. അര്‍ഹരായ നിരവധി വിദ്യാര്‍ഥികള്‍ക്ക് സഹായം നഷ്ടമാകുന്ന സ്ഥിതിയുണ്ടാകും. നേരത്തെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ലഭിച്ചിരുന്ന പകര്‍പ്പ് മാത്രം സ്‌കൂളില്‍ ഹാജരാക്കിയാല്‍ മതിയായിരുന്നു. ഇതിന് വിദ്യാര്‍ഥികളെ സഹായിക്കാന്‍ പല സ്‌കൂളുകളും പ്രത്യേക ക്യാംപുകളും നടത്തിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ രേഖകള്‍ ആവശ്യമായതോടെ സ്‌കൂള്‍ അധികൃതര്‍ ഇതില്‍ നിന്ന് പിന്‍വാങ്ങി. ഇതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രയാസപ്പെടുകയാണ്. നവംബര്‍ 15 വരെയാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."