'നായ്ക്കളോട് അരുതാത്തതൊന്നും ചെയ്യുന്നില്ല': പ്രശാന്ത്ഭൂഷന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: തെരുവുനായശല്യം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത്ഭൂഷന്‍ നടത്തിയ പ്രതികരണം അത്ഭുതപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ റിപ്പോര്‍ട്ടുകള്‍ വിശ്വസിച്ചുകൊണ്ടുള്ള നിലപാട് നിര്‍ഭാഗ്യകരമാണെന്ന് പ്രശാന്ത്ഭൂഷന് അയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
'നായശല്യം നേരിടാന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നുവെന്നത് ശരിയാണ്. അനിയന്ത്രിതമായി നായ്ക്കളെ കൊല്ലുന്ന കാര്യം പരിഗണനയില്‍ വന്നിട്ടേയില്ല. നായ്ക്കള്‍ക്കായി അടുത്തമാസം ഒന്നുമുതല്‍ പ്രത്യേക വന്ധീകരണ ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന നായ്ക്കള്‍ക്ക് പ്രത്യേക ആശ്രയകേന്ദ്രങ്ങളും തുടര്‍പരിചരണവും മരുന്നും നല്‍കും. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന 1960ലെ നിയമം പാലിച്ചുകൊണ്ടായിരിക്കും ഇത് ചെയ്യുക. തെരുവുനായ്ക്കളുടെ വിപത്ത് ഇല്ലാതാക്കാന്‍ ഖരമാലിന്യ നിര്‍മാര്‍ജനത്തിന് ഫലപ്രദമായ ഒരു പദ്ധതിയും പരിഗണനയിലുണ്ടെന്നും കത്തില്‍ പറയുന്നു.
തെരുവുനായശല്യത്തെപറ്റി പണംനല്‍കിയുണ്ടാക്കുന്ന വാര്‍ത്തകളാണ് വരുന്നതെന്ന താങ്കളുടെ നിഗമനം അന്യായമാണ്. ഒന്നുരണ്ടുമാസത്തെ പത്രവാര്‍ത്തകളിലൂടെ കടന്നുപോയാല്‍ താങ്കള്‍ക്കിത് മനസിലാകും. ആരെയെങ്കിലും നായകടിച്ച വാര്‍ത്തയില്ലാതെ ഒരുദിവസവും കടന്നുപോകുന്നില്ല.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന 1960 ലെനിയമത്തിനും സുപ്രിംകോടതി വിധികള്‍ക്കും വിധേയമായി ഒരു നയത്തിന് രൂപംനല്‍കി നായശല്യം നേരിടാനും കൂടിയാലോചന തുടങ്ങിയിട്ടുണ്ട്.
മനുഷ്യരുടെയും മൃഗങ്ങളുടെയും ക്ഷേമത്തിനുതകുംവിധമായിരിക്കും ഇത് ' എന്നിങ്ങനെയാണ് കത്തിലുള്ളത്. സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്ത ഒന്നും ഇക്കാര്യത്തില്‍ സംഭവിക്കുന്നില്ലെന്നറിയിക്കാനാണ് കത്തെഴുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."