ഹിന്ദുമതം ഭീഷണി നേരിടുന്നുവെന്നത് സാങ്കല്പികം, തെളിവില്ല: കേന്ദ്രം
ആര്.എസ്.എസ് രാഷ്ട്രീയ മുതലെടുപ്പിനെതിരേ കോടതിയെ സമീപിക്കാന്‍ വിവരാവകാശ പ്രവര്ത്തകന്
നാഗ്പൂര്‍: ഹിന്ദുമതം ഭീഷണി നേരിടുന്നതായി തെളിവില്ലെന്നും അത്തരം പ്രചാരണം സാങ്കല്പികമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്ത്തകന് മോഹ്നിഷ് ജബല്‍പുരെ നല്കിയ വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഓഗസ്റ്റ് 31 നാണ് മോഹ്നിഷ് ഹിന്ദുമതം ഭീഷണി നേരിടുന്നതിന്റെ തെളിവുകള്‍ തേടി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. ഒരു മാസത്തിനുശേഷം ആഭ്യന്തര മന്ത്രാലയം രേഖകള്‍ പരിശോധിച്ച് മറുപടി നല്കി. ആഭ്യന്തര മന്ത്രാലയത്തിലെ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (ആഭ്യന്തര സുരക്ഷ) വി.എസ് റാണയാണ് ഇതുസംബന്ധിച്ച് തെളിവുകളൊന്നും ലഭ്യമല്ലെന്ന മറുപടി നല്‍കിയത്.
തനിക്ക് രേഖാമൂലംകൃത്യമായ മറുപടി നല്കിയ ആഭ്യന്തര മന്ത്രാലയത്തിന് നന്ദി പറഞ്ഞ മോഹ്നിഷ് ജബല്‍പുരെ, ആര്.എസ്.എസ് ഹിന്ദുക്കള്‍ക്കിടയില്‍ അനാവശ്യ ഭീതി ജനിപ്പിച്ച് മുതലെടുപ്പിനു ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കെതിരായ ആര്.എസ്.എസ് പ്രചാരണത്തിനെതിരേ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."