ദ്രാവകലോകം
ജലം
ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നീ ഘടക മൂലകങ്ങള്‍ ചേര്‍ന്നതാണ് ജലം. ജലം ഐസാകുമ്പോള്‍ വ്യാപ്തം കൂടുകയും സാന്ദ്രത കുറയുകയും ചെയ്യുന്നു. മറ്റു പദാര്‍ഥങ്ങളെ അപേക്ഷിച്ച് ജലത്തിന് ഉയര്‍ന്ന താപധാരിതയുണ്ട്. ജലം ഒരു സാര്‍വലായകമാണ്. ശുദ്ധജലത്തിന് ആസിഡിന്റേയോ ആല്‍ക്കലിയുടേയോ സ്വഭാവമില്ല. ഇതിനാല്‍ ജലം ഒരു നിര്‍വീര്യലായകമായി മാറുന്നു. വശങ്ങളിലേക്കും ഉള്ളിലേക്കുമുള്ള ആകര്‍ഷണ ബലം കൂടുതലായതിനാല്‍ ജലോപരിതലം വലിഞ്ഞു മുറുകിയ പാട പോലെ പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് പ്രതലബലം നിലനിര്‍ത്താന്‍ ജലത്തിനു സാധിക്കുന്നത്. ജലത്തിന്റെ തിളനില നൂറ് ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ മര്‍ദ്ദം കൂടുമ്പോള്‍ ജലത്തിന്റെ തിളനില ഉയരും.
ബാഷ്പീകരണം
ദ്രാവകം അതിന്റെ തിളനിലയ്ക്ക് തൊട്ടു മുമ്പുള്ള താപനിലയില്‍ നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്നപ്രതിഭാസമാണ് ബാഷ്പീകരണം. ജലാശയത്തില്‍നിന്നു ബാഷ്പീകരണം വഴി ജലകണങ്ങള്‍ മേഘങ്ങളിലെത്തുകയും അനുകൂല സാഹചര്യത്തില്‍ ഘനീഭവിച്ച് മഴയായി പെയ്യുകയും ചെയ്യുന്നു. സ്വാഭാവിക അന്തരീക്ഷ താപനിലയില്‍ തന്നെ ജലം ബാഷ്പീകരണത്തിന് വിധേയമാകും. നനച്ചിട്ട തുണികള്‍ അയലിലിട്ടാല്‍ ഉണങ്ങുന്നത് ഈ കാരണങ്ങള്‍ കൊണ്ടാണ്. നിരന്തര ചലനം മൂലം കണികകള്‍ക്ക് ഗതികോര്‍ജ്ജം ലഭിക്കുന്നുണ്ടെന്ന് നാം പഠിച്ചിട്ടുണ്ട്. ഒരു ദ്രാവകത്തിന്റെ ഉപരിതലത്തിലെത്തുന്ന ജലകണികയ്ക്ക് മറ്റുള്ള കണികകളെ അപേക്ഷിച്ച് ചലന സ്വാതന്ത്ര്യം കൂടുതലായതിനാല്‍ തന്നെ ചലനസ്വാതന്ത്ര്യം ബാഷ്പീകരണത്തിന് കാരണമാകുന്നു.
മൃദുജലവും കഠിന ജലവും
സോപ്പ് നന്നായി പതയാത്ത ജലമാണ് കഠിന ജലം. ജലത്തിലടങ്ങിയിരിക്കുന്ന കാല്‍സ്യം, മഗ്നീഷ്യം എന്നീ ലവണങ്ങളാണ് ഇതിന് കാരണം. താല്‍കാലിക കാഠിന്യം തിളപ്പിച്ചുമാറ്റാന്‍ സാധിക്കും. ജലത്തിലെ താല്‍കാലിക കാഠിന്യത്തിനു കാരണം അതില്‍ ലയിച്ചു ചേര്‍ന്ന കാല്‍സ്യം, മഗ്നീഷ്യം ബൈകാര്‍ബണേറ്റുകളാണ്. കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ ക്ലോറൈഡുകളും സള്‍ഫേറ്റുകളും അടങ്ങിയ ജലം സ്ഥിരകാഠിന്യ സ്വഭാവമുള്ളതാണ്. ഇവ തിളപ്പിച്ചാല്‍ മാറില്ല. കഠിന ജലം തീ കെടുത്താനും തോട്ടം നനയ്ക്കാനും കുടിക്കാനും മൃദുജലത്തേക്കാള്‍ നന്നായി ഉപയോഗിക്കാം. മൃദുജലമാകട്ടെ അലക്കാനും പാത്രങ്ങള്‍ കഴുകാനും കുളിക്കാനും കഠിന ജലത്തേക്കാള്‍ ഉത്തമമാണ്. ജല കാഠിന്യം രണ്ടു തരത്തിലുണ്ട്. സ്ഥിര കാഠിന്യവും താല്‍കാലിക കാഠിന്യവും. കാല്‍സ്യം ബൈ കാര്‍ബണേറ്റ് അടങ്ങിയ, തിളപ്പിച്ചാല്‍ മാറുന്ന കാഠിന്യമാണ് താല്‍കാലിക കാഠിന്യം. കാല്‍സ്യം ക്ലോറൈഡും സോഡിയം ക്ലോറൈഡും അടങ്ങിയ, സോഡിയം കാര്‍ബണേറ്റ് ചേര്‍ത്താല്‍ മാറുന്ന കാഠിന്യമാണ് സ്ഥിര കാഠിന്യം.
പ്രതല ബലം
ദ്രാവകങ്ങളുടെ ഉപരിതലത്തിലുള്ള സദൃശ തന്മാത്രകള്‍ വശങ്ങളിലേക്കും ഉള്ളിലേക്കും ആകര്‍ഷിക്കപ്പെടുന്നതിനാല്‍ ഉപരിതലം വലിച്ചു കെട്ടിയ പാട പോലെ പ്രവര്‍ത്തിക്കുന്നു. ഇതിന് കാരണമായ ബലമാണ് പ്രതലബലം. ദ്രാവക തന്മാത്രകള്‍ തമ്മിലുള്ള ആകര്‍ഷണ, വികര്‍ഷണങ്ങളാണ് പ്രതലബലത്തിന് കാരണം. ഇതുമൂലം ദ്രാവക പ്രതലത്തിന്റെ വിസ്തീര്‍ണം ഏറ്റവും കുറഞ്ഞ രീതിയിലാക്കി മാറ്റുമെന്നതാണ് ഈ ബലത്തിന്റെ പ്രത്യേകത.
സ്വേദനം
മിശ്രിതത്തിലെ ഒരു ഘടകം ബാഷ്പീകരണ സ്വഭാവമുള്ളതും മറുഘടകം അല്ലാത്തതുമായാല്‍ ഇവയെ വേര്‍തിരിക്കാന്‍ സ്വേദനം ഉപയോഗിക്കാം.
അംശിക സ്വേദനം
തിളനിലകള്‍ തമ്മില്‍ നേരിയ വ്യത്യാസമുള്ള ദ്രാവകങ്ങളെ വേര്‍തിരിക്കാനാണ് അംശിക സ്വേദന രീതി ഉപയോഗിക്കുന്നത്. ക്രൂഡ് ഓയിലിനെ അംശിക സ്വേദനം നടത്തിയാണ് പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയവ പെട്രോള്‍ ഉല്‍പന്നങ്ങള്‍ വേര്‍തിരിക്കുന്നത്.
ഉത്പതനവും
സെന്‍ട്രിഫ്യൂഗേഷനും
ഖരപദാര്‍ഥം ചൂടാക്കുമ്പോള്‍ തൊട്ടടുത്ത അവസ്ഥയായ ദ്രാവകത്തിലേക്ക് മാറാതെ നേരിട്ട് വാതകമാകുന്ന പ്രക്രിയയാണ് ഉത്പതനം. കണികകളുടെ ഭാരവ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ മിശ്രിതത്തിലെ ഘടകങ്ങളെ വേര്‍തിരിക്കാനുള്ള മാര്‍ഗമാണ് സെന്‍ട്രിഫ്യൂഗേഷന്‍.
ക്രൊമാറ്റോഗ്രഫി
ലായകത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒന്നിലധികം ലീനങ്ങളെ വേര്‍തിരിക്കാന്‍ ക്രൊമാറ്റോഗ്രഫി ഉപയോഗിക്കാം. രക്തത്തില്‍കലര്‍ന്ന വിഷാംശങ്ങളെ വേര്‍തിരിക്കാന്‍ ഈ രീതി ഉപയോഗിക്കാം.
ലീനം, ലായകം
പഞ്ചസാര ലായനിയില്‍ പഞ്ചസാര ലീനവും ജലം ലായകവുമാണ്. ഒരു നിശ്ചിത അളവ് ലായനിയില്‍ ലയിച്ചു ചേര്‍ന്ന ലീനത്തിന്റെ അളവാണ് ഗാഢത. പരമാവധി ലീനം ലയിച്ചു ചേര്‍ന്ന ലായനിയാണ് പൂരിതലായനി.
ഒരു നിശ്ചിത താപനിലയില്‍ നൂറ് ഗ്രാം ലായകത്തെ പൂരിതമാക്കാന്‍ ആവശ്യമായ ലീനത്തിന്റെ ഗ്രാമിലുള്ള അളവാണ് ലായകത്തിലെ ലീനത്തിന്റെ ലേയത്വം.
സസ്‌പെന്‍ഷനും കൊളോയിഡും
ചോക്കുപൊടി കലര്‍ത്തിയ വെള്ളം, ചെളിവെള്ളം, അരിപ്പൊടി കലര്‍ത്തിയ വെള്ളം എന്നിവ സസ്‌പെന്‍ഷന് ഉദാഹരണമാണ്. സസ്‌പെന്‍ഷനുകളുടെ കണികകള്‍ ലായനി, കൊളോയിഡ് എന്നിവയെ അപേക്ഷിച്ച് വലുതാണ്. വളരെ വലുതായ ഒന്നിച്ചു നില്‍ക്കുന്ന തന്മാത്രയാണ് സസ്‌പെന്‍ഷന്‍. ഇവ താഴേക്ക് അടിഞ്ഞു കൂടുന്നു. ലായനികള്‍ക്കും സസ്‌പെന്‍ഷനും ഇടയിലുള്ള രൂപമാണ് കൊളോയിഡ്. ലായനികളിലേതു പോലെ കൊളോയിഡിലെ കണികകളെ കാണാന്‍ സാധിക്കില്ല. എന്നാല്‍ സസ്‌പെന്‍ഷനുകളെപ്പോലെ കണികകള്‍ അടിയുകയുമില്ല. കൊളോയിഡിലൂടെ പ്രകാശത്തെ കടത്തിവിട്ടാല്‍ പാത പ്രകാശിതമായി കാണാന്‍ സാധിക്കും.
വിശിഷ്ട താപധാരിത
നമ്മുടെശരീര താപനില നിലനിര്‍ത്തുന്നതില്‍ ജലത്തിനുള്ള പങ്ക് വളരെ വലുതാണ്. ജലത്തിന്റെ വിശിഷ്ട താപധാരിത എന്ന പ്രത്യേകതയാണ് ഇവിടെ ശരീരത്തിന് ഗുണകരമാകുന്നത്. ഒരു കിലോ ഗ്രാം പദാര്‍ഥത്തിന്റെ താപനില ഒരു ഡിഗ്രി വര്‍ധിപ്പിക്കാനാവശ്യമായ താപത്തിന്റെ അളവാണ് വിശിഷ്ട താപധാരിത. മറ്റുള്ള വസ്തുക്കളെ അപേക്ഷിച്ച് ജലത്തിന്റെ വിശിഷ്ട താപധാരിത വര്‍ധിപ്പിക്കാന്‍ വളരെയധികം താപം ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."