ഗസ്സയില്‍ വെടിനിര്‍ത്തലിന് കളമൊരുങ്ങുന്നു; കരാര്‍ നിലവില്‍വരുന്നതായി ഇസ്മാഈല്‍ ഹനിയ്യ
ഗസ്സ: ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ ഒന്നരമാസം പിന്നിടുകയും 13,000 ലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ വെടിനിര്‍ത്തലിന് കളമൊരുങ്ങുന്നു. വെടിനിര്‍ത്തല്‍ തീരുമാനം ഔദ്യോഗികമായി ഉണ്ടായിട്ടില്ലെങ്കിലും കരാര്‍ അന്തിമഘട്ടത്തിലാണെന്ന് മുതിര്‍ന്ന ഹമാസ് നേതാവും ഗസ്സ മുന്‍ പ്രധാനമന്ത്രിയുമായ ഇസ്മാഈല്‍ ഹനിയ്യ അറിയിച്ചു. ബന്ദികളെ മോചിപ്പിക്കലിന് പകരമായി വെടിനിര്‍ത്തല്‍, സഹായങ്ങള്‍ റഫ വഴി ഫലസ്തീനിലേക്ക് എത്തിക്കല്‍ എന്നിവയാണ് കരാറിന്റെ ഭാഗമെന്ന് ഹമാസ് വക്താവ് ഇസ്സത്ത് അല്‍ റിഷ്ഖ് പറഞ്ഞു. ഫലസ്തീനി സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കലും കരാറിന്റെ ഭാഗമാണ്.
യു.എസിന്റെയും ഖത്തറിന്റെയും മേല്‍നോട്ടത്തില്‍ വെടിനിര്‍ത്തല്‍ നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഹനിയ്യയുടെ പ്രഖ്യാപനം. വെടിനിര്‍ത്തുകയണെങ്കില്‍ ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് സമ്മതിച്ചിട്ടുണ്ട്. അഞ്ചുദിവസത്തേക്ക് സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ 70 ബന്ദികളെ വരെ മോചിപ്പിക്കാമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥ മധ്യസ്ഥര്‍ ഹമാസിനെക്കൊണ്ട് സമ്മതിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
ഉടമ്പടി യാഥാര്‍ഥ്യമാകാന്‍ ചെറിയ വെല്ലുവിളി മാത്രമാണ് തടസ്സം നില്‍ക്കുന്നതെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ് മാന്‍ അല്‍ ഥാനി പറഞ്ഞു. എല്ലാ ബന്ദികളെയും നിരുപാധികം മോചിപ്പിച്ചാല്‍ മാത്രമെ വെടിനിര്‍ത്തല്‍ ഉള്ളൂവെന്നായിരുന്നു ഇസ്‌റാഈല്‍ തുടക്കംമുതല്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ പിടിയിലായവരില്‍ ഇസ്‌റാഈല്‍ സൈനികരെ ഒരുനിലക്കും മോചിപ്പിക്കില്ലെന്നാണ് ഹമാസിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."