എല്ലാ നിയമസഭാ സീറ്റും എല്‍.ഡി.എഫിന്റേത്; പക്ഷേ, എം.പി യുഡിഎഫിന്റേത് അഭിമാന പോരാട്ടം നടക്കുന്ന അഞ്ചു മണ്ഡലങ്ങള്‍ അറിയാം
മലപ്പുറം: വോട്ട് കണക്കിലെ കണക്കൂകൂട്ടലുകളൊക്കെ അപ്രസക്തമാക്കുന്ന മണ്ഡലങ്ങളുമുണ്ട് സംസ്ഥാനത്ത്. 'തങ്ങള്‍ തങ്ങളുടേതെന്നും അവര്‍ അവരുടേതെന്നും വിശ്വസിക്കുന്ന' ഇത്തരത്തിലുള്ള മണ്ഡലങ്ങള്‍ ഏറെയാണ് ഇക്കുറി. ഇവിടുത്തെ നിറംമാറുന്ന വിധിയെഴുത്തിനെ ചൊല്ലി ആശങ്കയും ആധിയുമുണ്ട് മുന്നണികള്‍ക്ക്. അതിനാല്‍, ഇരുമുന്നണികള്‍ക്കും അഭിമാന പോരാട്ടമാണ് ഇവിടങ്ങളില്‍. സംസ്ഥാനത്തെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലെ മുഴുവന്‍ നിയമസഭാ സീറ്റുകളിലും എല്‍.ഡി.എഫിനാണ് വിജയമെങ്കില്‍ അവിടെ എം.പി സ്ഥാനം യു.ഡി.എഫിനാണ്. ഒരിടത്ത് എം.പി സ്ഥാനവും മണ്ഡലത്തിലെ മുഴുവന്‍ നിയമസഭാ സീറ്റിലെ വിജയവും യു.ഡി.എഫ് അക്കൗണ്ടിലും.
മലപ്പുറം ലോക്സഭ മണ്ഡലത്തിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളും 2021ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പമാണുള്ളത്. എന്നാല്‍ ആലത്തൂര്‍, തൃശൂര്‍, ആറ്റിങ്ങല്‍, മാവേലിക്കര, പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങള്‍ യു.ഡി.എഫിനൊപ്പമാണെങ്കിലും മണ്ഡല പരിധിയിലെ മുഴുവന്‍ നിയമസഭാ സീറ്റിലും വിജയിച്ചത് എല്‍.ഡി.എഫ് ആണ്. എം.പിമാര്‍ സ്വന്തമെങ്കിലും വടകര, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം മണ്ഡലങ്ങളിലെ ഒരു നിയോജക മണ്ഡലത്തില്‍ മാത്രമാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയിക്കാനായത്.
ആലത്തൂര്‍
പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ലോക്സഭ മണ്ഡലത്തിലെ എം.പി യു.ഡി.എഫിലെ രമ്യ ഹരിദാസാണ്. മണ്ഡലത്തില്‍ ഉള്‍പ്പെട്ട തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി ഉള്‍പ്പെടുന്ന ഏഴ് മണ്ഡലങ്ങളും എല്‍.ഡി.എഫിനൊപ്പമാണ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി നിയമസഭ മണ്ഡലം യു.ഡി.എഫിനൊപ്പമായിരുന്നു. ഇത്തവണ രമ്യ ഹരിദാസ് എല്‍.ഡി.എഫിലെ മന്ത്രി കെ. രാധാകൃഷ്ണനെയാണ് നേരിടുന്നത്.
തൃശൂര്‍
തൃശൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ടി.എന്‍ പ്രതാപനാണ് എം.പി. എന്നാല്‍, നിയോജക മണ്ഡലങ്ങളായ ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളെല്ലാം എല്‍.ഡി.എഫിനൊപ്പമാണ്. ഇത്തവണ പ്രതാപന് പകരം യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ. മുരളീധരനും എല്‍.ഡി.എഫിനു വേണ്ടി സി.പി.ഐയിലെ വി.എസ് സുനില്‍കുമാറും എന്‍.ഡി.എ സ്ഥാനാര്‍ഥിയായ നടന്‍ സുരേഷ് ഗോപിയുമാണ് രംഗത്തുള്ളത്.
ആറ്റിങ്ങല്‍
ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ യു.ഡി.എഫിലെ അടൂര്‍ പ്രകാശാണ് എം.പി. നിയോജക മണ്ഡലങ്ങളായ വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടക്കട മണ്ഡലങ്ങളെല്ലാം എല്‍.ഡി.എഫിനൊപ്പമാണ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അരുവിക്കര യു.ഡി.എഫിനൊപ്പമായിരുന്നു. അടൂര്‍ പ്രകാശ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കുമ്പോള്‍ സി.പി.എം സ്ഥാനാര്‍ഥിയായി വി. ജോയ് എം.എല്‍.എ ആണ് രംഗത്ത്. കേന്ദ്ര മന്ത്രി വി. മുരളീധരനാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.
മാവേലിക്കര
മാവേലിക്കരയില്‍ യു.ഡി.എഫിലെ കൊടിക്കുന്നില്‍ സുരേഷാണ് എം.പി. നിയമസഭ മണ്ഡലങ്ങളായ ചങ്ങനാശ്ശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരവുമെല്ലാം എല്‍.ഡി.എഫിനു കീഴിലാണ്. കൊടിക്കുന്നില്‍ സുരേഷിനെതിരേ ഇത്തവണ സി.പി.ഐ സ്ഥാനാര്‍ഥി സി.എ അരുണ്‍കുമാറും ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ബൈജു കലാശാലയുമാണ് മത്സരിക്കുന്നത്.
പത്തനംതിട്ട
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫിലെ ആന്റോ ആന്റണിയാണ് എം.പി. മണ്ഡലം ഉള്‍പ്പെടുന്ന കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ നിയമസഭ മണ്ഡലങ്ങളെല്ലാം എല്‍.ഡി.എഫിനൊപ്പമാണ്. 2016ല്‍ കാഞ്ഞിരപ്പള്ളി, കോന്നി മണ്ഡലങ്ങള്‍ യു.ഡി.എഫിനൊപ്പവും പൂഞ്ഞാറില്‍ പി.സി ജോര്‍ജ് സ്വതന്ത്രനായുമാണ് മണ്ഡലത്തിന്റെ പ്രതിനിധിയായത്. യു.ഡി.എഫിലെ ആന്റോ ആന്റണിയാണ് ഇത്തവണയും സ്ഥാനാര്‍ഥി. സി.പി.എം സ്ഥാനാര്‍ഥി മുന്‍മന്ത്രി ടി.എ തോമസ് ഐസക്കും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി അനില്‍ ആന്റണിയുമാണ് രംഗത്തുള്ളത്.
മലപ്പുറം
അബ്ദുസ്സമദ് സമദാനി എം.പിമായ മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് നിയോജക മണ്ഡലങ്ങളാണ് ഉള്‍പ്പെടുന്നത്. ഇവിടെല്ലാം മുസ്ലിം ലീഗ് എം.എല്‍.എമാരാണ്. ഇ.ടി മുഹമ്മദ് ബഷീറാണ് ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ഥി. വി. വസീഫാണ് മുഖ്യ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."