റോഹിങ്ക്യന്‍ കുടിയേറ്റക്കാരെ നാടുകടത്തും, മുസ്ലീം സംവരണം ഇല്ലാതാക്കുമെന്ന് അമിത് ഷാ
തെലങ്കാന: മുസ്‌ലിം സമുദായത്തിന്റെ നാല് ശതമാനം സംവരണം ബിജെപി ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നവംബര്‍ 30ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാനയിലെ ജഗ്തിയാലില്‍ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രഖ്യാപനം.
മുസ്‌ലിംകള്‍ക്ക് നല്‍കുന്ന നാല് ശതമാനം സംവരണം നിര്‍ത്തലാക്കുകയും, പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കിടയിലും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കിടയിലും അത് വിതരണം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്കിടയില്‍ മുസ്‌ലിം സംവരണം വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. തെലങ്കാനയിലെ മാഡിഗ സമുദായത്തിന് എസ്.സി വിഭാഗത്തില്‍ സംവരണവും ഷാ പ്രഖ്യാപിച്ചു.
ബിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് അമിത് ഷായുടെ പ്രചാരണം പുരോഗമിച്ചത്. തെലങ്കാന മുഖ്യമന്ത്രി ഓള്‍ ഇന്ത്യ മജ്‌ലിസ്ഇഇത്തേഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസിയെ ഭയന്നാണ് കെ ചന്ദ്രശേഖര്‍ റാവു ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കാത്തതെന്ന് അമിത് ഷാ ആരോപിച്ചു.
'റസാക്കറുകളില്‍ നിന്നുള്ള നമ്മുടെ മോചനത്തെ ഓര്‍ക്കാന്‍ നമ്മള്‍ ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കേണ്ടതല്ലേ? ഒവൈസിയെ ഭയന്ന് കെസിആര്‍ ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കുന്നില്ല. എന്നാല്‍ ഒവൈസിയെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ ഞങ്ങള്‍ ഹൈദരാബാദ് വിമോചന ദിനം സംസ്ഥാന ദിനമായി ആഘോഷിക്കും': അമിത് ഷാ പറഞ്ഞു.
ബിആര്‍എസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം കാറാണ്. എന്നാല്‍, അതിന്റെ സ്റ്റിയറിങ് കെസിആറിന്റെയോ കെടിആറിന്റെയോ കവിതയുടെയോ അല്ല, ഒവൈസിയുടെ കൈകളിലാണുള്ളത്. ഒവൈസിയുടെ കൈകളില്‍ തെലങ്കാനയുടെ കാറിന് ശരിയായി ഓടാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
റോഹിങ്ക്യന്‍ കുടിയേറ്റക്കാരെ നാടുകടത്തും, മുസ്ലീം സംവരണം ഇല്ലാതാക്കുമെന്ന് അമിത് ഷാ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."