ഹെറാള്‍ഡ് കേസ്: സോണിയയോടും രാഹുലിനോടും കോടതി വിശദീകരണം തേടി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, മകനും ഉപാധ്യക്ഷനുമായ രാഹുല്‍ഗാന്ധി എന്നിവര്‍ക്ക് പട്യാല ഹൗസ് കോടതിയുടെ നോട്ടിസ്. പത്രത്തിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹരജിയില്‍ വിശദീകരണം തേടി മെട്രോപൊളിറ്റന്‍ മജിസ്േ്രടറ്റ് ലവ്‌ലീന്‍ ആണ് നോട്ടിസയച്ചത്.
ഇരുവരെയും കൂടാതെ കേസില്‍ ആരോപണവിധേയരായ എ.ഐ.സി.സി ട്രഷറര്‍ മോത്തിലാല്‍ വോറ, മുതിര്‍ന്ന നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, ഗാന്ധി കുടുംബവുമായി അടുത്തുബന്ധമുള്ള മാധ്യമപ്രവര്‍ത്തകന്‍ സുമന്‍ ദുബെ, സാം പിട്രോദ എന്നിവര്‍ക്കും നോട്ടിസയച്ചിട്ടുണ്ട്.
രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഒക്ടോബര്‍ നാലിനു വീണ്ടും പരിഗണിക്കും.
പത്രത്തിന്റെ ഉടമസ്ഥരായ അസോഷ്യേറ്റ് ജേണല്‍ ലിമിറ്റഡി(എ.ജെ.എല്‍)നു കോണ്‍ഗ്രസ് നല്‍കിയ വായ്പയുടെ രേഖകള്‍ ഇതുസംബന്ധിച്ച് നടക്കുന്ന കേസിന്റെ വിചാരണയില്‍ നിര്‍ണായകമാണെന്നും അതിനാല്‍ അതു ഹാജരാക്കണമെന്നുമാണ് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടിരുന്നത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ എ.ജെ.എല്‍ സമര്‍പ്പിച്ച രേഖകള്‍, ആധായനികുതിയുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയും ഹാജരാക്കണമെന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു.
പത്രത്തിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ധനകാര്യ, കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയങ്ങളില്‍ നിന്നുള്ള രേഖകളും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 2010- 11 വര്‍ഷത്തിലെ ബാലന്‍സ് ഷീറ്റും ഹാജരാക്കണമെന്ന വിചാരണ കോടതിയുടെ ഉത്തരവ് കഴിഞ്ഞമാസം ഡല്‍ഹി ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റുചില രേഖകള്‍ ആവശ്യപ്പെട്ട് സ്വാമി കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആരംഭിച്ച നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ 5,000 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സ്വന്തമാക്കിയെന്നതാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ആരോപണം. നഷ്ടംമൂലം 2008ല്‍ പത്രം പ്രസിദ്ധീകരണം അവസാനിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."