HOME
DETAILS

ജാതിയെ ശക്തിപ്പെടുത്തുന്ന ജ്ഞാനനിഷേധവും അധികാരവും

  
backup
December 19 2022 | 20:12 PM

8452345632-2022-dec

ഇ.കെ ദിനേശൻ

കലേകുറി പ്രസാദിന്റെ നാലുവരി കവിത ഇങ്ങനെയാണ്;
'എന്നാണ് ജനിച്ചതെന്ന് എനിക്കറിയില്ല
എങ്കിലും ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഞാൻ ഈ മണ്ണിൽ കൊല്ലപ്പെട്ടിരുന്നു
എന്നുറപ്പാണ്'.
ജാതിയുടെ പുതുകാലത്തെക്കുറിച്ച് പറയുമ്പോൾ ഈ വരികൾ തികച്ചും അപ്രസക്തമാണ്. എന്നോ കൊല്ലപ്പെട്ടു കഴിഞ്ഞ മനുഷ്യരുടെ അവശേഷിപ്പിൽ നിന്നാണ് ജാതിവിവേചനത്തിന്റെ തുടർച്ച. ഈ തുടർച്ചയിൽ അറിവ്, ബോധം തുടങ്ങിയ ജ്ഞാനപരിസരം ഏതെങ്കിലുംതരത്തിൽ ജാതിസമൂഹത്തെ മാറ്റിപ്പണിതിട്ടുണ്ടോ? ബോധം എന്ന പ്രയോഗം ബുദ്ധിയുള്ളവന്റെ തിരിച്ചറിവ് എന്ന അർഥത്തിലല്ല. കാരണം, ബുദ്ധിയുള്ളവർ തന്നെയാണ് ജാതിയുടെ ഉടമാവകാശത്തെ സ്ഥാപനവൽക്കരിക്കുന്നത്. ബുദ്ധി എന്നത് ജന്മനാ ഉണ്ടാകുന്ന പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഈ പാരമ്പര്യം ഇന്ത്യയെ സംബന്ധിച്ച് സവർണതയുടേതാണെന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള സവർണ ജാതിബോധമാണ്. അതുകൊണ്ടാണ് പ്രസാദ് പറഞ്ഞത് 'ഞാൻ' വർഷങ്ങൾക്കു മുമ്പ് കൊല്ലപ്പെട്ടിരിക്കുന്നു എന്ന്. രാജ്യത്തെ ജാതിമനുഷ്യർക്ക് രണ്ട് മരണത്തെ പുണരേണ്ടിവരുന്നു. ഒന്നു ജന്മത്താൽ സംഭവിക്കുന്നതാണ്. അതിന് തുടർച്ചയുണ്ടാകുന്നു എന്നതാണ് ജാതിമനുഷ്യരുടെ പുതുകാല അനുഭവം. അവിടെവച്ച് ജാതിയെക്കുറിച്ച് വിശദീകരിക്കുമ്പോൾ പുതിയ അർഥങ്ങളൊന്നുമില്ല. അപ്പോഴും ജാതി നിലവിലില്ല എന്ന പുരോഗമന ചിന്താഗതിക്കാരുടെ വാദങ്ങൾക്ക് മുമ്പിൽ സങ്കടപ്പെടേണ്ടിവരുന്നുണ്ട്. ജാതി അടിച്ചേൽപ്പിക്കുന്നവരെ സംബന്ധിച്ച് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ പലതാണ്. പുതിയ സാമൂഹിക വസ്തുതകളെ മുൻനിർത്തി പഴയതിൽനിന്ന് വ്യത്യസ്തമായിട്ടാണ് അതിന്റെ പ്രയോഗങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്.


കാലം മാറിയില്ലേ, ഇപ്പോഴും ഇന്ത്യയിൽ അല്ലെങ്കിൽ പുരോഗമന കേരളത്തിൽ ജാതിയുണ്ടോ? എന്ന് ചോദിക്കുന്ന ആയിരക്കണക്കിന് മനുഷ്യർക്കിടയിലാണ് ഇപ്പോഴും ജാതിയുമായി ബന്ധപ്പെട്ട വിവേചനങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും സംഭവിക്കുന്നത്. കേരളത്തിൽ കെ.ആർ നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് എന്ന സ്ഥാപനത്തിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങൾ ഈ വസ്തുതകളെ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. എന്തുകൊണ്ട് 100 കോടി ചെലവഴിച്ച് സ്ഥാപിച്ച ഉന്നത സ്ഥാപനത്തിൽ സംവരണ തത്വങ്ങൾ പാലിക്കുന്നില്ല? ദലിത് വിദ്യാർഥികളോട് ജാതി സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ വിവേചനപരമായ സമീപനം സ്വീകരിക്കുന്നു. ഇതിനെക്കുറിച്ച് വന്ന റിപ്പോർട്ടുകൾ സത്യാവസ്ഥകൾ വ്യക്തമാക്കി തന്നിട്ടുണ്ട്. എന്നാൽ ഈ സംഭവത്തെ കെ.ആർ നാരായണന്റെ പേരിലുള്ള സ്ഥാപനത്തിൽ മാത്രം ഒതുക്കിനിർത്തേണ്ടതല്ല. മറ്റൊന്ന് ഈ സമരത്തോട് കേരളീയ സമൂഹം സ്വീകരിക്കുന്ന നിലപാട്, പിന്തുണ, സമീപനം തുടങ്ങിയവ ചർച്ച ചെയ്യേണ്ടതുണ്ട്. കാരണം, കേരളം സവിശേഷ മൂല്യബോധത്തെ മുൻനിർത്തി കൊണ്ടാണ് സാംസ്‌കാരിക നിരീക്ഷണങ്ങൾ എക്കാലത്തും അവതരിപ്പിച്ചിട്ടുള്ളത്. അവിടെ നിലപാടിന് കൃത്യമായ രാഷ്ട്രീയ കീഴ്‌വഴക്കങ്ങളുണ്ട്. ഇടതുപക്ഷവും പുരോഗമന രാഷ്ട്രീയപ്രസ്ഥാനവും നിയന്ത്രിക്കുന്ന ഒരു സർക്കാർ ഭരണകാലത്ത് തങ്ങളുടെ കീഴിലുള്ള സ്ഥാപനത്തിൽ ജാതിവിവേചനം നിലനിൽക്കുന്നുണ്ടെങ്കിൽ അടിയന്തരമായി അവസാനിപ്പിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്. എന്തുകൊണ്ട് അതിന് കഴിയുന്നില്ല എന്നിടത്താണ് ഈ വിഷയവുമായി ബന്ധപ്പെട്ട ചർച്ച ആരംഭിക്കേണ്ടത്. അപ്പോഴാണ് പുതുകാല ജാതി ബോധത്തിന്റെ മാറ്റത്തെ മനസ്സിലാക്കാൻ കഴിയുക.


കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിൽനിന്ന് എം.എ കരസ്ഥമാക്കിയ ദലിത് തലമുറയിലെ പണ്ഡിതനായ സൂരജ് യെങ്‌ഡെ 'ജാതി ഒരു പ്രശ്‌നമാണ് 'എന്ന പുസ്തകത്തിൽ കൃത്യമായി ഈ കാര്യങ്ങളെ ഇന്ത്യൻ സാഹചര്യത്തിൽ അവതരിപ്പിക്കുന്നുണ്ട്. 'ദലിത് വിമോചനത്തിനുള്ള ഉത്തരം ദലിത് അധികാരത്തിന്റെ വീണ്ടെടുക്കലിലാണ് അടങ്ങിയിരിക്കുന്നത്' എന്ന് അദ്ദേഹം പറയുന്നുണ്ട്. ഇവിടെ അധികാരം എന്നതിന് ശക്തി എന്നതിനപ്പുറത്തേക്ക് സ്റ്റേറ്റിന്റെയും ഭരണകൂടത്തിന്റെയും ജനാധിപത്യപരമായ ഇടപെടൽ എന്നുകൂടി കാണേണ്ടതുണ്ട്. ജനാധിപത്യവൽക്കരിക്കപ്പെടാത്ത സമൂഹത്തിൽ ദലിത് മുന്നേറ്റം ഒട്ടും സാധ്യമല്ല. വ്യക്തിയുടെ സ്വാതന്ത്ര്യത്തെ അനുവദിക്കലാണ് ഭരണകൂടത്തിന്റെ പ്രധാന പൗരധർമം. അതിനുശേഷം ഉണ്ടാകുന്ന ഇടപെടലിൽ അധികാരത്തിനപ്പുറത്തേക്ക് മനുഷ്യർ എന്ന അർഥത്തിലുള്ള ജ്ഞാനാധികാരത്തിലേക്ക് പ്രവേശിക്കാൻ ജാതി മനുഷ്യർക്ക് കഴിയും. അതായത് ശരീരത്തേക്കാൾ വിശാല അറിവിന്റെ ആധിപത്യത്തിൽകൂടി മാത്രമേ അധികാരത്തെ വീണ്ടെടുക്കാൻ കഴിയു. ദലിത് പുതുകാല വിമോചന പ്രത്യയശാസ്ത്രത്തെ ബലപ്പെടുത്തുന്ന ഈ ആഹ്വാനം ഡോ. ബി.ആർ അംബേദ്കർ എന്നോ നടത്തിയതാണ്. എന്നാൽ ആവശ്യമായ സാമൂഹ്യ പരിസരം അക്കാലത്ത് നിലവിൽ ഉണ്ടായിരുന്നില്ല. അതിലേക്കുള്ള ഉത്തരവാദിത്വമായിരുന്നു സംവരണം. അതിന്റെ ഏഴുപതിറ്റാണ്ടിന്റെ റിസൾട്ട് എന്ന അർഥത്തിൽ വലിയ രീതിയിൽ വൈജ്ഞാനിക പരിസരങ്ങളിലേക്ക് ന്യൂനപക്ഷമാണെങ്കിലും ജാതി മനുഷ്യർക്ക് നടന്നെത്താൻ കഴിഞ്ഞിട്ടുണ്ട്. നേരത്തെ അറിവ് നൽകാതെ, പൊതു ഇടങ്ങളിൽ സഞ്ചരിക്കാൻ അനുവാദം നൽകാതെ സവർണാധികാരം തടഞ്ഞുവച്ച എല്ലാ തടസ്സങ്ങളെയും ഒരുപരിധിവരെ അതിജീവിക്കാൻ കഴിഞ്ഞു. എന്നാൽ കേരളത്തിന് പുറത്ത് ഇപ്പോഴും പഴയ അവസ്ഥ ശക്തമായി നിലനിൽക്കുന്നു.


സൂരജ് യെങ്‌ഡേ തന്റെ പുസ്തകത്തിൽ തമിഴ്‌നാട്ടിലെ ജാതിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. 2014 മുതൽ 2018 വരെയുള്ള നാല് വർഷം അവിടെ നടത്തിയ പഠനത്തിൽ 20 ജില്ലകളിലായി 640 ഗ്രാമങ്ങളിൽ ജാതിവിവേചനം നിലനിൽക്കുന്നതായി പറയുന്നുണ്ട്. കേരളത്തിൽ അത്തരം അവസ്ഥ ഇല്ലെന്ന് പുരോഗമനവാദികൾ പറയുന്നു. എന്നാൽ പ്രത്യക്ഷത്തിൽ അല്ലാതെ കേരളം അത് സാധിച്ചെടുക്കുന്നുണ്ട്. ഒടുവിലത്തെ തെളിവാണ് ഇപ്പോഴത്തെ ദലിത് വിദ്യാർഥി സമരങ്ങൾ കാണിച്ചുതരുന്നത്. സമരത്തിന്റെ ഇര വ്യക്തികളാണ്, അല്ലാതെ ജാതി സമൂഹമാണെന്ന് അംഗീകരിക്കാൻ സ്റ്റേറ്റ് തയാറാകുന്നില്ല. സ്റ്റേറ്റിന്റെ നിലനിൽപ്പ് ജനാധിപത്യത്തിന്റെ നാല് തൂണുകളിലാണ്. തൂണുകളിൽ ജാതി വിവേചനം ചർച്ചയാകുന്നില്ല. എന്തുകൊണ്ട് എന്ന് ഈ ഘട്ടത്തിൽ ചിന്തിക്കേണ്ടതുണ്ട്. പ്രധാനമായും സർക്കാരിനെ നിലനിർത്തുന്ന രാഷ്ട്രീയസമൂഹം ഇതിനെ ജാതിയുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യാൻ തയാറല്ല. കേരളം കാണിക്കുന്ന ഏറ്റവും വലിയ അനീതിയാണത്.അതിനു കാരണം, വൈജ്ഞാനിക ഔന്നത്യംകൊണ്ട് ജാതിബോധങ്ങളെ തിരുത്താമെന്ന പഴയ ചിന്താരീതിയാണ്. ഒന്നിച്ചുള്ള സഹവാസം ഇടപെടലുകൾ ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും ജാതി അദൃശ്യമാണ്. പിന്നീട് ഏതെങ്കിലും ഘട്ടത്തിൽ ജാതിചിഹ്നങ്ങൾ ദൃശ്യവൽക്കരിക്കപ്പെടുമ്പോൾ ഒരുമയ്ക്കിടയിൽ ജാതി വലിയ വിടവായി മാറുന്നു.
കീഴ്ജാതി മനുഷ്യരെ സംബന്ധിച്ച് ആർജിത അറിവുകൊണ്ട് സംവാദ മണ്ഡലങ്ങളിൽ വാദിച്ചു ജയിക്കാമെങ്കിലും പ്രതിരോധ മാർഗമായി മാറുന്നില്ല. അങ്ങനെ മാറ്റുന്നതിനുള്ള പോരാളികളാണ് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിലെ ദലിത് വിദ്യാർഥികൾ. അവരെ ഏതൊക്കെതരത്തിൽ ഉൻമൂലനം ചെയ്യാം എന്നാണ് സവർണാധികാരികൾ എക്കാലത്തും നോക്കുന്നത്. രോഹിത് വെമൂല അതിന്റെ ഇരയായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് തുടങ്ങിയ സ്ഥാപനങ്ങളിൽ 2014 മുതൽ 2021വരെയുള്ള വർഷങ്ങളിൽ 122 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. അതിൽ ഒ.ബി.സി വിഭാഗത്തിൽ നിന്ന് 41 പേർ ഉണ്ട്. അത്രമാത്രം ജ്ഞാന നിഷേധമാണ് നടക്കുന്നത്. അതുകൊണ്ടാണ് പ്രൊഫസർ എം. കുഞ്ഞാമൻ പറഞ്ഞത്. 'കീഴാളർക്ക് പാണ്ഡിത്യം ആയുധമാണ്; വ്യവസ്ഥിതിക്കെതിരേ പ്രയോഗിക്കാനുള്ള ആയുധം'. അദ്ദേഹം തന്റെ എതിര് എന്ന പുസ്തകത്തിൽ പറഞ്ഞ മറ്റൊരു കാര്യം എക്കാലത്തും പ്രസിദ്ധമാണ്. 'വിവേചനം ഇല്ലാത്ത സാമൂഹ്യവ്യവസ്ഥയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. അല്ലാതെ ദലിത് എം.പികൂടി ഉണ്ടാവുകയല്ല വേണ്ടത്. അതുകൊണ്ട് ഒരു മാറ്റവും സംഭവിക്കില്ല. പ്രസിഡൻ്റും ചീഫ് ജസ്റ്റിസും ഉണ്ടായിട്ടും അത് വ്യവസ്ഥിതിയെ പൊളിച്ചടക്കാൻ സഹായിച്ചിട്ടുമില്ല'. കെ.ആർ നാരായണന്റെ പേരിലുള്ള കേരളത്തിലെ ഉന്നത സ്ഥാപനത്തിൽ ജാതിവിവേചനം നിലനിൽക്കുന്നുണ്ടെങ്കിൽ പ്രൊഫസർ കുഞ്ഞാമന്റെ വാക്കുകൾ 100% ശരിയാവുകയാണ്.


അധികാരത്തിൽ നിന്ന് അകലുന്നതിന് അനുസരിച്ച് ജാതിസമൂഹത്തിന് പീഡന ആഘാതത്തെ കൂടുതലായി ഏറ്റെടുക്കേണ്ടിവരുന്നു. ഇത് കൃത്യമായി അംബേദ്കർ പറഞ്ഞതാണ്. 1949 നവംബർ 25ന് ഭരണഘടന അസംബ്ലിയിൽ പറഞ്ഞത് അതാണ്. 'നമ്മൾ പുതിയ വൈരുധ്യത്തിലേക്ക് കടക്കുകയാണ്. രാഷ്ട്രീയമായ സമത്വമുണ്ട് എന്നാൽ സാമൂഹിക, സാമ്പത്തിക രംഗങ്ങളിൽ സമത്വം ഇല്ല. രണ്ടും ഭരണഘടനയ്ക്ക് പുറത്ത് നടക്കേണ്ട കാര്യങ്ങളാണ്. സാമൂഹികവും സാമ്പത്തികവുമായ രംഗങ്ങളിൽ സ്വാതന്ത്ര്യം നടപ്പായില്ലെങ്കിൽ വ്യവസ്ഥിതിയിൽ പീഡിപ്പിക്കപ്പെടുന്നവർ ഭരണഘടന വലിച്ചെറിയും'. ഈ യാഥാർഥ്യത്തിലേക്ക് ഇന്ത്യ എത്തിപ്പെടുമ്പോൾ ജാതി പുതുകാലത്തിന്റെ വ്യാഖ്യാന നിർവചനങ്ങൾ അവതരിപ്പിക്കുന്നത് ഇന്ത്യ 75 സ്വതന്ത്ര വർഷങ്ങൾ പിന്നിട്ടപ്പോഴാണ് എന്നുകൂടി ഓർക്കേണ്ടതുണ്ട്.
കേരളത്തെ സംബന്ധിച്ച് ഇത്തരം വിഷയങ്ങളുടെ ആധികാരികത പുതുമയുള്ള കാര്യമില്ല. എന്നാൽ ജാതിയെക്കുറിച്ചുള്ള ഏതു സംവാദത്തിലും കാതലായ രാഷ്ട്രീയത്തെ ബോധപൂർവം മാറ്റിനിർത്തിക്കൊണ്ടാണ് മധ്യവർഗവും ബുദ്ധിജീവി, സാംസ്‌കാരിക മേഖലയും അതിനെ സമീപിക്കുക. ഏറ്റവും ഒടുവിൽ അടൂർ ഗോപാലകൃഷ്ണന്റെ അഭിപ്രായം പോലും അതാണ് സൂചിപ്പിക്കുന്നത്. കാര്യങ്ങളൊക്കെ കൃത്യമായി അറിഞ്ഞിട്ടും ഞങ്ങൾ എന്തിന് ഇത്തരം കാര്യങ്ങളിൽ ഇടപെടണമെന്ന ബോധമുള്ളവരാണ് കേരളത്തിലെ വലിയ ശതമാനം സാംസ്‌കാരിക പ്രവർത്തകർ. അവരിൽ തന്നെ ജാതിയുടെ തിരസ്‌കരണങ്ങൾ അനുഭവിച്ചവരുമുണ്ട്. ജാതിയുമായി ബന്ധപ്പെട്ട സംവാദങ്ങളിൽ ഇടപെടുക എന്നത് ജാതിമനുഷ്യരുടെ ഐഡന്റിറ്റിയെ പ്രഖ്യാപിക്കലായി പലരും കരുതുന്നു. എന്നാൽ പുതുകാല ജാതി എന്നത് ശരീരത്തിന് പുറത്ത് വരച്ചിടുന്ന അടയാളങ്ങളെക്കാൾ മനസ്സിൽ വാരിത്തേക്കുന്ന അസ്പൃശ്യതയാണെന്നും അത് ജ്ഞാനംകൊണ്ട് തിരുത്തപ്പെടേണ്ടതാണെന്നും കേരളമെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago