സൗഹാര്‍ദം സംരക്ഷിക്കല്‍ ആരുടെ കടമ?
സി.വി.എം വാണിമേല്‍
സൗഹാര്‍ദം സൂക്ഷിക്കാന്‍ ബാധ്യസ്ഥര്‍ ആരാണെന്ന ചോദ്യത്തിന് ഇന്നേറെ പ്രസക്തിയുണ്ട്. സൗഹാര്‍ദത്തിനായി ഏറെ ത്യാഗം ചെയ്തുപോരുന്ന ഒരു സമുദായത്തിന്റെ സംസ്‌കാരവും വിനയവും വിശാലവീക്ഷണവും ബലഹീനമായിക്കാണുന്ന നമുക്കിടയിലെ ചിലരുടെ വികലമായ മനോഭാവം അടുത്തറിയുമ്പോഴാണ് സ്വാഭാവികമായും ഈ ചോദ്യമുയരുന്നത്. എല്ലാ അര്‍ഥത്തിലും വിശുദ്ധമായ 'ജിഹാദെ'ന്ന പദത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഇസ്‌ലാമിനെതിരേ കല്ലെറിയുന്നവര്‍ ലോകത്തെമ്പാടും നടക്കുന്ന അവസ്ഥാന്തരങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. ഐ.എസ് ഭീകരരുടെ ക്രൂരതയെ ജിഹാദുമായി ബന്ധിപ്പിച്ച ഡമസ്‌കസിലെ കുബുദ്ധിക്കൂട്ടങ്ങളെ അസ്സൗറ ദിനപ്പത്രം തിരുത്തിയ സംഭവം മറക്കാറായിട്ടില്ല. കെയ്‌റോവിലെ ലിവാഉല്‍ ഇസ്‌ലാം വാരികയില്‍ ലോകപ്രശസ്ത ഇസ്‌ലാമിക ചിന്തകനും ഗ്രന്ഥകാരനും പണ്ഡിതനുമായ ശൈഖ് ശഅ്‌റാവി ജിഹാദ് എന്ന പദം കൈകാര്യം ചെയ്യുന്നതില്‍ മുസ്‌ലിംകള്‍ പോലും ഏറെ ശ്രദ്ധിക്കണമെന്ന് പ്രസ്താവിച്ചതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഐ.എസിന്റേത് ജിഹാദല്ലെന്ന് പല തവണ മുഖപ്രസംഗമെഴുതിയ ഈജിപ്തിലെ ദേശീയ പത്രമായ അല്‍ അഹ്‌റാമും ലോകത്തോട് വിളിച്ചുപറയുന്നത് ജിഹാദിനെ തൊട്ട് കളിക്കേണ്ടായെന്നുതന്നെ.
സിറിയയിലെയും ലബനാനിലെയും ഈജിപ്തിലെയും ക്രൈസ്തവ മതാധ്യക്ഷന്മാര്‍ ജിഹാദിനെക്കുറിച്ച് നന്നായി പഠിച്ചിരിക്കുന്നു. അവര്‍ക്ക് അറബി ഭാഷ വശമുണ്ട്. ലോകത്ത് നടക്കുന്ന മനുഷ്യക്കുരുതികളെ ജിഹാദായി വിശേഷിപ്പിച്ച ഏതാനും സയണിസ്റ്റ് കോളമിസ്റ്റുകള്‍ക്കെതിരേ പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് തന്‍ത്വാവി നടത്തിയ പോരാട്ടവും ചെറുതല്ല. പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തെ ബുദ്ധിപരമായും ധിഷണാവൈഭവത്തോടെയും സമീപിച്ച സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാടും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. കേരളത്തിന്റെ പൊതുമനസ് എല്ലാ അര്‍ഥത്തിലും കൈനീട്ടി സ്വീകരിച്ച സമസ്തയുടെ അവസരോചിതമായ ഇടപെടല്‍ പുതിയ കാലത്തെ ശ്രദ്ധേയമായ ദൗത്യനിര്‍വഹണമായി. ലോകത്തെ ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്ക് നയിച്ച മഹത്തായ പ്രത്യയശാസ്ത്രത്തെ അന്യായമായി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന സമസ്ത അധ്യക്ഷന്റെ പ്രഖ്യാപനം പല ദുശ്ശക്തികള്‍ക്കുമുള്ള മുന്നറിയിപ്പായി. പാലായിലെ വിഷം ചീറ്റലുയര്‍ത്തിയ കോലാഹലം ചീറ്റിപ്പോകുമെന്ന് കണക്കുകൂട്ടിയ അഭിനവ തമ്പുരാക്കന്‍മാര്‍ക്ക് കാലിടറിയ സമയം. പറയേണ്ടത് പറയേണ്ട സമയം പറഞ്ഞുവച്ച സമസ്ത മുഴുവന്‍ കേരളീയരുടേയും പ്രശംസക്ക് പാത്രമാവുകയായിരുന്നു. ഇറാഖിലെ ഐ.എസ് ഭീകരരുടെ മനഷ്യക്കുരുതിയെ മുസ്‌ലിം കാപാലികതയായി ചിത്രീകരിച്ച ഇസ്‌റാഈല്‍ എഴുത്തുകാരനായ ബെഞ്ചിന്‍ നെറോജിയെ തിരുത്തിയ വത്തിക്കാനിലെ ക്രൈസ്തവ മതാധ്യക്ഷന്മാരും ലോകത്ത് നടക്കുന്ന മനുഷ്യക്കുരുതികളെ മുസ്‌ലിംകളുടെ മേല്‍ കെട്ടിവയ്ക്കരുതെന്ന മാര്‍പ്പാപ്പയുടെ സന്ദേശവും നമുക്ക് ഉണര്‍ത്തുവചനങ്ങളാവേണ്ടതാണ്.
മയക്കുമരുന്നുകളുടെ താവളങ്ങളായ ഒട്ടേറെ രാജ്യങ്ങള്‍ ക്രൈസ്തവ ഭൂമികയായി ലോകത്തുണ്ട്. ഏതെങ്കിലും ഇസ്‌ലാമിക പണ്ഡിതനോ അറബ് മാധ്യമങ്ങളോ ക്രൈസ്തവ നാര്‍ക്കോട്ടിക്‌സ് എന്ന് പറഞ്ഞതായോ എഴുതിയതായോ തെളിവില്ല. എന്നാല്‍ എന്‍പതുകളിലും തൊണ്ണൂറിന്റെ അവസാനങ്ങളിലും ഇറ്റലിയില്‍ പ്രസിദ്ധീകരിച്ച കഥകളും കവിതകളുമൊക്കെ ഈ രാജ്യങ്ങളിലെ മയക്കുമരുന്നു വിപത്തുകള്‍ ഇതിവൃത്തമാക്കിയിട്ടുള്ളതായിരുന്നുവെന്ന നേരറിവുകളെ നമുക്ക് നിഷേധിക്കാനുമാവില്ല.
ബിഷപ്പ് പഴയതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. കോട്ടയം കുഞ്ഞച്ചന്മാര്‍ സര്‍ക്കാര്‍ വാഹനങ്ങളില്‍ പാലാ ബിഷപ്പിനെ കണ്ട് പിന്തുണയറിയിച്ചു കൊണ്ടേയിരിക്കുന്നു. ചാനലുകളിലും സംഭവത്തെ ന്യായീകരിച്ച് ദിവസവും സുവിശേഷിത വചനങ്ങള്‍ നാം കേട്ട് കൊണ്ടേയിരിക്കുന്നു. ഇതൊന്നും പോരാഞ്ഞിട്ട് ഒരു പത്രം ഛിദ്രതയുടെ തലക്കെട്ടുകള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ്. രംഗം വഷളാക്കിയ വിഷയം ഇപ്പോഴും ഗുരുതര ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു. പാലായില്‍ നിന്നാണ് തിരുത്തലുണ്ടാകേണ്ടത്. നല്ല വര്‍ത്തമാനങ്ങള്‍ക്കായി കാതോര്‍ക്കുന്നവര്‍ എല്ലാം തകിടംമറിച്ച അടിസ്ഥാന വിഷയത്തെ ആരോഗ്യപരമായ ചര്‍ച്ചക്ക് വിധേയമാക്കി ശരിയും തെറ്റും തുറന്നുപറയണമെന്ന് ആരെങ്കിലും ആഗ്രഹിച്ചുപോയാല്‍ അവരെ ഗെറ്റൗട്ട് പറയാനൊക്കുമോ. വിചാരണ ചെയ്ത് ആരേയും പ്രതിക്കൂട്ടിലാക്കാനല്ല. ഏതെങ്കിലും ഒരുവിഭാഗത്തെ കടന്നാക്രമിക്കാനുമല്ല. ദൈവത്തിന്റെ സ്വന്തം നാട് ഇനിയുമൊരു വിദ്വേഷ സംബോധന കേള്‍ക്കാതിരിക്കാന്‍.
ഒന്നും മറച്ചുവച്ചിട്ട് കാര്യമില്ല. നേരേ ചൊവ്വേ തന്നെ പറയട്ടെ, സൗഹാര്‍ദവും മനുഷ്യസ്‌നേഹവും ഒരു പോറലുമേല്‍ക്കാതെ നിലനില്‍ക്കണം. അതിന് തടസം സൃഷ്ടിക്കുന്നവരാരായാലും എതിര്‍ക്കപ്പെടണം. ഇവിടെ ഭരണകൂടം കടമ നിര്‍വഹിച്ചേ മതിയാവൂ. വോട്ടുബാങ്കല്ല, നാടിന്റെ നിലനില്‍പ്പാണ് സ്വാധീനിക്കേണ്ടത്. സൗഹാര്‍ദം കാത്തുസൂക്ഷിക്കാനുള്ള ബാധ്യത മുസ്‌ലിംകള്‍ക്ക് മാത്രമല്ല. എല്ലാ മതാനുയായികളും ഓരോ പൗരനും ആ കടമ നിറവേറ്റണം. അതിനെതിരേ വരുന്ന ചെറിയ ചലനങ്ങള്‍ പോലും തച്ചുടക്കപ്പെടണം.
ഇസ്‌ലാമുമായി ഒരുവിധത്തിലും പൊരുത്തപ്പെടാത്ത വിഷയങ്ങള്‍ മുസ്‌ലിംകളുടെ മേല്‍ കെട്ടിവച്ച് സമൂഹത്തില്‍ അവരെ അപമാനിക്കാനും ആക്ഷേപിക്കാനും ചില ഇരുട്ടിന്റെ സന്തതികള്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അത് ശരിയല്ലെന്ന് പറയാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നാരെങ്കിലും പറഞ്ഞാല്‍ സമ്മതിച്ചു കൊടുക്കാനാവില്ല. ഏതെങ്കിലും മുസ്‌ലിം നാമധാരി എന്തെങ്കിലും തെറ്റ് ചെയ്‌തെങ്കില്‍ അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. പൊലിസും കോടതിയുമൊക്കെയുള്ള നാടല്ലേയിത്. കാണുന്നവര്‍ക്കൊക്കെ തോന്നുമ്പോള്‍ കയറി മേയാനുള്ള ഇടമല്ല കേരളത്തിന്റെ ഇസ്‌ലാമിടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."