മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരി പി വത്സല വിടവാങ്ങി
കോഴിക്കോട്: മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി പി വത്സല അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം. 85 -ാം വയസിലാണ് പി വത്സല ജീവിതത്തോട് വിടപറഞ്ഞത്. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്‌ഛൻ പുരസ്ക്‌കാരം, മുട്ടത്തു വർക്കി അവാർഡ്, സി വി കുഞ്ഞിരാമൻ സ്‌മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ഗവൺമെന്റ് ട്രെയിനിംഗ് കോളജ് പ്രധാന അധ്യാപികയായി 1993ൽ വിരമിച്ചു. കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതി വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ മുൻനിർത്തി രചിച്ച 'നെല്ല്' എന്ന നോവലിലൂടെയാണ് വത്സല ശ്രദ്ധേയയായത്.
'തകർച്ച' ആണ് ആദ്യ നോവൽ. ആഗ്നേയം, നെല്ല്, നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം, വേനൽ, കനൽ, പാളയം, കുമൻകൊല്ലി, ആരും മരിക്കുന്നില്ല, ഗൗതമൻ, ചാവേർ, റോസ്മേരിയുടെ ആകാശങ്ങൾ, വിലാപം, ആദിജലം, മേൽപ്പാലം, ഗായത്രി എന്നിവ നോവലുകളാണ്. നെല്ല് ഹിന്ദിയിലേക്കും ആഗ്നേയം ഇംഗ്ളീഷ്, കന്നഡ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തിരക്കിൽ അല്‌പം സ്‌ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരൻ, അന്നാമേരിയെ നേരിടാൻ, കറുത്ത മഴ പെയ്യുന്ന താഴ്വര, ചാമുണ്ഡിക്കുഴി, പേമ്പി, ഉണിക്കോരൻ ചതോപാദ്ധ്യായ, എന്നിവ ചെറുകഥാസമാഹാരങ്ങളാണ്. വേറിട്ടൊരു അമേരിക്ക, ഗാലറി എന്നിവ യാത്രാവിവരണങ്ങൾ. മരച്ചുവട്ടിലെ വെയിൽച്ചീളുകൾ (അനുഭവങ്ങൾ), പുലിക്കുട്ടൻ, ഉഷറാണി, അമ്മുത്തമ്മ (ബാലസാഹിത്യം) തുടങ്ങിയവയാണ് മറ്റു പുസ്‌തകങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."