സാമൂഹ്യതിന്മകള്‍ക്ക് മതത്തിന്റെ നിറം നല്‍കരുത് ബിഷപ്പിനെ തള്ളി
തിരുവനന്തപുരം: കേരളത്തിലെ സാമൂഹ്യാന്തരീക്ഷം വഷളാവുന്ന വിധത്തില്‍ പാലാ ബിഷപ്പ് നടത്തിയ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യതിന്മകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്നതും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നതും സമൂഹത്തെ ഒരുപോലെ ദുര്‍ബലപ്പെടുത്തുമെന്ന് കേരളത്തിലെ ആദ്യത്തെ വിദ്യാര്‍ഥി സമരത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പ് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യം തന്നെ അമൃതം പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സാമൂഹ്യതിന്മകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്ന പ്രവണത ഉയര്‍ന്നുവരുന്നു. അതിനെ മുളയിലേ നുള്ളണം. സമൂഹത്തിന്റെ താല്‍പര്യത്തിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവരെ ഏതെങ്കിലും ഒരു വിഭാഗത്തിന്റേത് മാത്രമായി ഒതുക്കരുത്. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നത് നമ്മുടെ സാമൂഹ്യ ഐക്യത്തെ ദുര്‍ബലപ്പെടുത്തും. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളെ ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഈ പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കും. രാജ്യത്തെ സമകാലിക സാഹചര്യം പരിശോധിക്കുമ്പോള്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ വാക്കുകള്‍ പ്രസക്തമാണ്. അന്ധകാരത്തെ അന്ധകാരംകൊണ്ട് തുടച്ചുനീക്കാനാവില്ല, വെളിച്ചം കൊണ്ടേ സാധിക്കൂ. വിദ്വേഷത്തെ വിദ്വേഷംകൊണ്ട് തുടച്ചുനീക്കാനാവില്ല, സ്‌നേഹം കൊണ്ടേ നീക്കംചെയ്യാനാവൂ എന്നാണ് അദ്ദേഹം പറഞ്ഞത്. വിദ്വേഷത്തിന്റെ അന്ധകാരമുണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പ്രത്യേകം കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പ് വിദ്വേഷപ്രസ്താവന നടത്തി രണ്ടാഴ്ചയാകുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ബിഷപ്പിന്റെ പ്രസ്താവന സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുക, പ്രസ്താവന പിന്‍വലിക്കുക, വിവാദംതണുപ്പിക്കാന്‍ മതനേതാക്കളുടെ യോഗം വിളിക്കുക, ബിഷപ്പിനെ സര്‍ക്കാര്‍ തള്ളിപ്പറയുക തുടങ്ങിയ ആവശ്യങ്ങള്‍ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുവരുന്നതിനിടെയാണ് ബിഷപ്പിനെയും സമൂഹമാധ്യമങ്ങളില്‍ താലിബാന്‍ അനുകൂല നിലപാട് സ്വീകരിക്കുന്നവരെയും ഒരുപോലെ തള്ളുന്ന 'സന്തുലന പ്രസ്താവന' മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."