നികുതിവഴി വരുമാനം
അജയ് എസ് കുമാര്‍
നമ്മുടെ നാട്ടില്‍ ധാരാളം വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. റോഡ് , ഹൈവേ, പാലം നിര്‍മാണം , പലവിധ ക്ഷേമപെന്‍ഷനുകള്‍ തുടങ്ങിയവ സര്‍ക്കാരിന്റെ വികസന,ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു.
വരുമാനം ഇല്ലാതെ സര്‍ക്കാറിന് ഇവയൊന്നും നടത്താന്‍ കഴിയില്ല. എങ്ങനെയാണ് അല്ലെങ്കില്‍ എവിടെനിന്നാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ തങ്ങള്‍ക്ക് ഉണ്ടാകുന്ന ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?. പൊതുവരുമാനം എന്നാണ് സര്‍ക്കാര്‍ വരുമാനം അറിയപ്പെടുന്നത്.
രണ്ട് സ്രോതസ്സുകളില്‍നിന്നുമാണ് സര്‍ക്കാര്‍ ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നത്. ഒന്നാമത്തേത് നികുതി വരുമാനം ,മറ്റൊന്ന് നികുതി ഇതര വരുമാനം. നികുതി തന്നെയാണ് സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസ്സ്. നികുതിയെ രണ്ടായി വിഭജിക്കാം.
പ്രത്യക്ഷ നികുതിയും
പരോക്ഷ നികുതിയും
പ്രത്യക്ഷ നികുതി എന്നാല്‍ ഒരു വ്യക്തി സര്‍ക്കാരിന് നേരിട്ട് അടയ്ക്കുന്ന നികുതി. അതായത് വ്യക്തി തന്റെ കൈയില്‍നിന്നു സര്‍ക്കാരിലേക്ക് നേരിട്ട് നല്‍കുന്ന നികുതി. പ്രത്യക്ഷ നികുതിയുടെ ഉദാഹരണത്തില്‍ ഒന്നാണ് ആദായ നികുതി.
പരോക്ഷ നികുതിയില്‍ വ്യക്തി നേരിട്ട് നികുതി സര്‍ക്കാരിലേക്ക് അടക്കുനില്ല, പകരം മറ്റൊരു സംവിധാനത്തിലൂടെയാകും പരോക്ഷ നികുതി സര്‍ക്കാരില്‍ എത്തുന്നത്.
ഒരു സേവനദാതാവ് വഴി ആകും പരോക്ഷ നികുതി ഒരു വ്യക്തിയില്‍നിന്നു സര്‍ക്കാരില്‍ എത്തുന്നത്.
ചരക്ക് സേവന നികുതിയാണ് പരോക്ഷ നികുതിക്ക് ഉദാഹരണം . വിശദമാക്കാന്‍ മറ്റൊരു ഉദാഹരണം നോക്കാം. കൊവിഡ് കാരണം കൂട്ടുകാരുടെ പഠനം ഓണ്‍ലൈന്‍ രീതിയില്‍ ആണല്ലോ നടക്കുന്നത്.
പഠനത്തിനു വേണ്ടി ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നമ്മുടെ വീടുകളില്‍ ഉണ്ട്. മാസം നമ്മള്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന് വാടക നല്‍കുന്നുണ്ടല്ലോ, അതില്‍ സര്‍വിസ് നല്‍കുന്ന സ്ഥാപനം ഈടാക്കുന്ന ചാര്‍ജിന്റെ കൂടെ നികുതി ഇനത്തില്‍ ഒരു വിഹിതം നമ്മുടെ കൈയില്‍നിന്നു നല്‍കുന്നുണ്ട്. ഇതാണ് പരോക്ഷ നികുതി.
ഇവിടെ നികുതി നമ്മള്‍ പ്രത്യക്ഷ നികുതി പോലെ നേരിട്ട് സര്‍ക്കാരിന് നല്‍കുന്നില്ല . പകരം ഇന്റര്‍നെറ്റ് സര്‍വിസ് പ്രൊവൈഡര്‍ വഴിയാണ് നികുതി സര്‍ക്കാരില്‍ എത്തുന്നത്.
ചരക്കുസേവന നികുതി
കാലങ്ങളായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നമ്മളില്‍നിന്ന് ഈടാക്കിയിരുന്ന വിവിധ തരം പരോക്ഷ നികുതികള്‍ ലയിപ്പിച്ചതാണ് ഏകീകൃത പരോക്ഷ നികുതിയായ ചരക്ക് സേവന നികുതി. 2017 ജൂലൈ 1 മുതലാണ് ഇന്ത്യയില്‍ ചരക്ക് സേവന നികുതി നിലവില്‍ വന്നത്.
ജി.എസ്.ടി സേവന നികുതികള്‍ വിവിധതരമാണ്. ഇഏടഠ, കഏടഠ, ടഏടഠ തുടങ്ങിയവയാണ് അത്. കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്നത് സെന്‍ട്രല്‍ ഏടഠ (ഇഏടഠ) എന്ന് അറിയപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്നത് സ്റ്റേറ്റ് ഏടഠ (ടഏടഠ) എന്ന് അറിയപ്പെടുമ്പോള്‍ ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്ക് നടത്തുന്ന കച്ചവടങ്ങള്‍ക്ക് അല്ലെങ്കില്‍ ക്രയവിക്രയങ്ങള്‍ക്ക് ഈടാക്കുന്നതാണ് കഏടഠ.
ഇതുപിരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആണെങ്കിലും ഇതിലെ വിഹിതം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നു.
ചരക്കുസേവന നികുതിയില്‍ ലയിച്ച പ്രധാന നികുതികള്‍ ഇവയാണ്.
സേവന നികുതി
കേന്ദ്ര വില്‍പന നികുതി
വിനോദ നികുതി
പരസ്യ നികുതി
ആഡംബര നികുതി
ജി.എസ്.ടിയുടെ കീഴില്‍വരാത്ത നിരവധി ഉല്‍പന്നങ്ങള്‍ ഇന്നും നിലവിലുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങള്‍, മദ്യം , വൈദ്യുതി എന്നിവയാണവ. സര്‍ക്കാരിന്റെ നികുതിയിതര വരുമാനത്തില്‍ ചിലത് ഇവയാണ്.
ഇതുംകൂടി അറിയുക
മൗര്യകാലഘട്ടത്തില്‍ ഇറക്കുമതി ചെയ്തിരുന്ന സാധനങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നികുതി
= വര്‍ത്തനം
സുല്‍ത്താന്‍ഭരണകാലത്ത് ഏര്‍പ്പെടുത്തിയിരുന്ന നികുതി
= ജസിയ
ലോകത്ത് ആദ്യമായി നികുതി ഏര്‍പ്പെടുത്തിയ രാജ്യം
= ഈജിപ്ത്
കൊഴുപ്പ് നികുതി ആദ്യമായി നടപ്പിലാക്കിയത്
= ഡെന്മാര്‍ക്
കാര്‍ബണ്‍ നികുതി ആദ്യമായി ഏര്‍പ്പെടുത്തിയ രാജ്യം
= ന്യൂസിലന്‍ഡ്
നികുതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍
= ആര്‍ട്ടിക്കിള്‍ 265
നികുതി പരിഷ്‌കരണത്തില്‍ നിര്‍ദേശം നല്‍കിയ കമ്മിറ്റി
= രാജ ചെല്ലയ്യ കമ്മിറ്റി
സര്‍ചാര്‍ജും
സെസും
നികുതിക്ക് മേല്‍ ഒരു നിശിത കാലത്തേക്ക് ഈടാക്കുന്ന അധിക നികുതിയാണ് സര്‍ചാര്‍ജ്. ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഈടാക്കുന്നതാണ് സെസ്.
ഒരുദാഹരണം നോക്കാം. കേരളത്തില്‍ 2018, 2019 ല്‍ ഉണ്ടായ പ്രളയത്തിന്റെ ഫലമായി പുനരുദ്ധാരണം ലക്ഷ്യംവച്ച് കേരള പ്രളയ സെസ് എന്ന പേരില്‍ ഒരു സെസ് രണ്ട് വര്‍ഷത്തേക്ക് പ്രാബല്യത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ജൂലൈ 31 നാണ് ഈ സെസ് പിരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചത്. ലക്ഷ്യം നേടുമ്പോള്‍ സെസ് നിര്‍ത്തലാക്കുന്നു. ഇതുപോലെ സെസിന് മറ്റൊരു ഉദാഹരണമാണ് സ്വച്ഛ് ഭാരത് സെസ്.
എല്ലായിപ്പോഴും സര്‍ക്കാരിന് തങ്ങളുടെ ചെലവുകള്‍ നേരിടാന്‍ ഇത്തരത്തില്‍ ലഭിക്കുന്ന വരുമാനം മാത്രം തികയാറില്ല .അത്തരം സാഹചര്യത്തില്‍ ചെലവുകള്‍ കണ്ടില്ലെന്നുവയ്ക്കാന്‍ സര്‍ക്കാരിന് കഴിയില്ല. അങ്ങനെ ആകുമ്പോള്‍ സര്‍ക്കാര്‍ കടം വാങ്ങും. ഇങ്ങനെ വാങ്ങുന്ന വായ്പകളെ പൊതുകടം എന്നുപറയുന്നു. സര്‍ക്കാര്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും കടം വാങ്ങാറുണ്ട്.
ഇത് യഥാക്രമം ആഭ്യന്തര കടം, വിദേശ കടം എന്ന് അറിയപ്പെടുന്നു. പേരുപോലെ തന്നെ രാജ്യത്തിന് അകത്തുനിന്ന് എടുക്കുന്നത് ആഭ്യന്തര കടവും പുറത്തുനിന്ന് എടുക്കുന്നത് വിദേശ കടവുമാണ്. രാജ്യത്തിനകത്തു സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും സര്‍ക്കാര്‍ കടം വാങ്ങുമ്പോള്‍ വിദേശ രാജ്യങ്ങളില്‍നിന്ന് അന്തര്‍ ദേശീയ ധനകാര്യ സ്ഥാപനങ്ങള്‍വഴി കടം വാങ്ങുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."