ഗസ്സയിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നാളെ പ്രാബല്യത്തില്‍ വരും
ഗസ്സയിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നാളെ പ്രാബല്യത്തില്‍ വരും
ഗസ്സ സിറ്റി: ഗസ്സയിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നാളെ പ്രാദേശിക സമയം രാവിലെ 10ന് പ്രാബല്യത്തില്‍ വരുമെന്ന് ഹമാസ്. ഗസ്സയില്‍ നാലു ദിവസത്തെ വെടിനിര്‍ത്തലിനാണ് കരാറായത്. ഇന്നലെ ഹമാസിനു പിന്നാലെ ഇസ്‌റാഈല്‍ കൂടി കരാര്‍ അംഗീകരിച്ചതോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യത്തിലായത്. 38 അംഗ ഇസ്‌റാഈല്‍ മന്ത്രിസഭയില്‍ തീവ്ര ജൂത നേതാവ് ഇറ്റാമിര്‍ ബെന്‍ഗ്വിര്‍ അടക്കം മൂന്ന് പേര്‍ ഒഴികെ എല്ലാ അംഗങ്ങളും വെടിനിര്‍ത്തലിനോട് യോജിച്ചു. ദിവസങ്ങളായി ഖത്തറിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അമേരിക്കയും ഈജിപ്തും ചര്‍ച്ചകളില്‍ പങ്കാളികളായി.
കരാര്‍ അനുസരിച്ച് 50 ഹമാസ് ബന്ദികളെയും 150 ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും. മോചിപ്പിക്കുന്ന ഫലസ്തീന്‍ തടവുകാരുടെ പട്ടിക ഇസ്‌റാഈല്‍ പുറത്തുവിട്ടിട്ടുണ്ട്. ഗസ്സയിലേക്ക് ഇന്ധനങ്ങളും അവശ്യവസ്തുക്കളുമായി നൂറുകണക്കിന് ട്രക്കുകള്‍ റഫ അതിര്‍ത്തി വഴിയെത്തും. ഗസ്സക്കുമേലുള്ള ഇസ്‌റാഈലിന്റെ നിരീക്ഷണ വിമാനങ്ങള്‍ ദിവസവും ആറുമണിക്കൂര്‍ നിര്‍ത്തിവെക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വടക്കന്‍ ഗസ്സയിലുള്ളവര്‍ക്ക് തെക്കന്‍ ഗസ്സയിലേക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.
നാല് ദിവസത്തിന് ശേഷം കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ വെടിനിര്‍ത്തല്‍ തുടരാമെന്നാണ് ഇസ്‌റാഈലിന്റെ നിലപാട്.താത്കാലിക വെടിനിര്‍ത്തലിനെ ലോകരാജ്യങ്ങളെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."