ദലിതന് നീതിക്ക് ഇനിയുമെത്ര ദൂരം
ടി.കെ ജോഷി
അടിമവ്യാപാരം കേരളത്തിൽ നിരോധിച്ചിട്ട് 167 വർഷങ്ങൾ പിന്നിട്ടു. 'അടിയന്റെ പുറം, തമ്പുരാന്റെ കൈ...' എന്ന് അടിമത്തത്തിന്റെ മാറ്റൊലിയായി ഒരു കാലത്ത് മേലാളൻമാർ ഏറ്റുചൊല്ലിയപ്പോൾ ഇരുളടഞ്ഞത് ആയിരക്കണക്കിന് കീഴാളന്മാരുടെ ഭാവിയായിരുന്നു. പുലയനെ പാടത്തെ ചെളിയിൽ ചവിട്ടിത്തഴ്ത്തി അതിനു മേൽ വരമ്പ് കുത്തിയ കഥ കേട്ടിട്ടുണ്ട്. വരമ്പിന് ഇരുമ്പിന്റെ കരുത്ത് കിട്ടുമത്രെ. ഒരു വെള്ളപ്പാച്ചിലിലും ഒലിച്ചുപോകാത്ത കരുത്ത്. കാലങ്ങൾ പിന്നിട്ട് സ്വാതന്ത്ര്യവും ഭരണഘടനയും സ്വന്തമായപ്പോൾ ദലിതർ പുതുജീവിതത്തിന്റെ ശുദ്ധവായു നുകർന്നോ? അതോ, തമ്പ്രാക്കൻമാർ പോയി മുതലാളിമാർ വന്നുവെന്ന് മാത്രമോ. ചാട്ടവാറിന്റെ അടികൊണ്ട് പുറം പൊളിയുന്നതിന് പകരം വാക്കുകളുടെ അടിയേറ്റ് മനം പിളരാനോ വിധി? പാർട്ടിക്കാർ വന്നു 'നമ്മൾ കൊയ്യും വയലൊക്കെ നമ്മുടേതാകും പൈങ്കിളിയെ' എന്ന് ഏറ്റുപാടിപ്പിച്ചിട്ടും ദലിത് ജീവിതം എന്തുകൊണ്ട് പാടത്തെ ചെളിയിൽ തന്നെ പുതഞ്ഞുകിടന്നു. എന്താണ് ഇന്ന് കേരളത്തിലെ ദലിത് ജീവിതങ്ങളുടെ സ്ഥിതി? സമീപകാലത്ത് കേരളീയ മനസ്സാക്ഷിയെ അസ്വസ്ഥമാക്കിയ കുറേ ദലിത് ജീവിതങ്ങൾ ഇതിനുത്തരമാണ്.
വാളയാറിൽ തുടരുന്ന
നീതിനിഷേധം
നീതിപീഠം തുണയുണ്ടെങ്കിലും നീതിയിലേക്കുള്ള ദൂരമേറുകയാണെന്ന് ഏറെ ദുഃഖത്തോടെയാണ് വാളയാറിലെ പെൺകുട്ടികളുടെ അമ്മ വിതുമ്പലടക്കിക്കൊണ്ട് പറഞ്ഞത്. ആരെ രക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. എന്തിനാണ് നീതി നിഷേധിക്കാൻ സർക്കാർ തന്നെ കുടപിടിക്കുന്നത്. വാളയാറിലെ പെൺകുട്ടികളുടെ അമ്മയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയുന്നില്ല ആർക്കും.
വാളയാറിലെ അമ്മയുടെ കണ്ണുനീർ തോരാതായിട്ട് വർഷം അഞ്ചു കഴിഞ്ഞു. മക്കളുടെ മരണത്തിനുത്തരവാദികളെ കണ്ടെത്താനുള്ള ഒരമ്മയുടെ പോരാട്ടത്തിനും രണ്ടു ദലിത് കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദത്വത്തിൽനിന്ന് ഭരണകൂടത്തിന്റെ കുറ്റകരമായ ഒളിച്ചോട്ടത്തിനും ഇതേ കാലയളവാണ്. എന്താണ് വാളയാർ കേസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമ്മ പറയുന്നു; 'സി.ബി.ഐ സംഘം അന്വേഷിച്ചു സമർപ്പിച്ച കുറ്റപത്രം തള്ളി പുതിയ സംഘത്തെ കൊണ്ടു അന്വേഷിക്കാൻ കോടതി ഉത്തരവിട്ടതിനെ ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. വൈകിയെങ്കിലും നീതി കിട്ടുമെന്ന വിശ്വാസം എല്ലാവർക്കും ഉണ്ടായിട്ടുണ്ട്. എന്നാൽ സി.ബി.ഐയുടെ പഴയ സംഘത്തിന്റെ പബ്ലിക് പ്രോസിക്യൂട്ടറെ തന്നെയാണ് പുതിയ സംഘത്തെയും സഹായിക്കാൻ സർക്കാർ നിയോഗിച്ചിരുന്നത്. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അനുപ് കെ. ആന്റണിയിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. നേരത്തെ കുടുംബത്തിന് പറയാനുള്ളത് കേൾക്കാനോ അന്വേഷിക്കാനോ തയാറാകാത്ത പ്രോസിക്യൂട്ടറാണ് അനൂപ് ആന്റണി. ക്രൈംബ്രാഞ്ച് റിപ്പോർട്ട് അതേപടി പ്രോസിക്യൂട്ടർ സി.ബി.ഐക്ക് വേണ്ടി കോടതിയിൽ സമർപ്പിച്ചു. ഈ പ്രോസിക്യൂട്ടറിൽനിന്ന് നീതി കിട്ടുമെന്ന് എങ്ങനെ ഞങ്ങൾ പ്രതീക്ഷിക്കും'.
നീതി കിട്ടണമെങ്കിൽ പ്രോസിക്യൂട്ടർ മാറണമെന്ന് ഇരകൾ ആവശ്യപ്പെട്ടാൽ അതിൽ ഉചിത തീരുമാനമെടുക്കാൻ സർക്കാർ എന്തിനണ് തടസം നിൽക്കുന്നത്. ഇവിടെയാണ് അവർക്കിതൊക്കെ മതിയെന്ന ആരുടെയോ ചിന്തയും തീരുമാനവും തിരുത്തപ്പെടാതെ കിടക്കുന്നത്. പുതിയ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വാളയാർ സമരസമിതി. രാജേഷ് എം. മേനോനെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. സി.ബി.ഐ പ്രോസിക്യൂട്ടറായ അനൂപിനെ സ്‌പെഷൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചതിലൂടെ വാളയാർ കേസ് വീണ്ടും അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമരസമിതി ആരോപിക്കുന്നത്.
വാളയാർ കേസിൽ അന്വേഷണത്തിൻ്റെ തുടക്കം മുതൽ ദുരൂഹതകളും അവിശുദ്ധ ബന്ധങ്ങളുമായിരുന്നു. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.
മാര്‍ച്ച് ആറിന് അന്നത്തെ എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. തൊട്ടടുത്ത ദിവസം പൊലിസ് പുറത്തുവിട്ട പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നു. പിന്നാലെ ആദ്യ കുട്ടിയുടെ മരണം അന്വേഷിച്ച പൊലിസിന് വീഴ്ചയുണ്ടായെന്ന ആരോപണമുയര്‍ന്നു. ഇക്കാര്യത്തിലും അന്വേഷണം തുടങ്ങി. അന്വേഷണ സംഘം പുനഃസംഘടിപ്പിക്കുകയും ചെയ്തു. പ്രാരംഭ അന്വേഷണത്തില്‍ വീഴ്ചവരുത്തിയ വാളയാര്‍ എസ്.ഐ പി.സി ചാക്കോയെ സംഘത്തില്‍ നിന്ന് ഒഴിവാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല അന്നത്തെ പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.ജെ സോജനും നല്‍കി. വാളയാര്‍ എസ്.ഐ പി.സി ചാക്കോയ്ക്ക് സസ്പന്‍ഷനും ഡിവൈ.എസ്.പി വാസുദേവന്‍, സി.ഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവായി. കേസന്വേഷണം നടക്കുന്നതിനിടെ പൊലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പ്രവീണ്‍ എന്ന 29 കാരന്‍ തൂങ്ങിമരിച്ചു. ഒടുവില്‍ ജൂണ്‍ 22 ന് കോടതിയില്‍ പൊലിസ് സമര്‍പ്പിച്ചത് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തിയ കുറ്റപത്രം. തുടർന്നുള്ള അന്വേഷണങ്ങളിലും ഇടപെടലുകളിലും കളങ്ക കരങ്ങളുടെ ഇടപെടലുണ്ടായി. സി.ബി.ഐ അന്വേഷണത്തിൽ വരെ എത്തിനിൽക്കുന്ന സംഭവങ്ങൾ കേരളത്തിൽ തുടരുന്ന ദലിത് നീതിനിരാസത്തിന്റെ ബാക്കിപത്രമാണ്.
പൊതുസമൂഹത്തിൽ നിന്ന് വലിയ പ്രതിഷേധമോ സമ്മർദമോ വാളയാർ കേസിൽ സർക്കാരോ പൊലിസോ നേരിടുന്നില്ലെന്ന ആശ്വാസമാണ് ഈ അവഗണയ്ക്ക് ശക്തി പകരുന്നത്. ഭരണകൂടം തന്നെ എതിർചേരിയിലായതോടെ വാളയാറിൽ നീതിയിലേക്കുള്ള യാത്രയ്ക്ക് ദൂരമേറുകയാണ്. വാളയാറിലെ അമ്മയുടെ നീതിക്കായുള്ള സമരമേറ്റെടുക്കാൻ മഹിളാ സംഘടനകളില്ല, വനിതാ കമ്മിഷനും ഇതൊന്നും വലിയ വിഷയമല്ല, തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദമാക്കാൻ ചർച്ചകളും സംവാദങ്ങളും നടത്തുന്ന വനിതാ കമ്മിഷന് പോലും വീട്ടകങ്ങളിൽ പോലും പിച്ചിചീന്തപ്പെടുത്ത ദലിത് ബാല്യങ്ങളെക്കുറിച്ച് ആശങ്കയില്ല.
കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി ഈ അമ്മ തന്റെ രണ്ടു മക്കളുടെ കൊലപാതകത്തിന് നീതി തേടി മുട്ടാത്ത വാതിലുകളില്ല. നൽകാത്ത പരാതികളില്ല. കാണാത്ത നേതാക്കളില്ല. മക്കളുടെ മരണത്തിൽ നീതി തേടിയാണ് യാത്രയും വിലാപങ്ങളും. മുഖ്യമന്ത്രി പിണറായി വിജയൻ 'എല്ലാം ശരിയാകും' എന്ന വിശ്വസിപ്പിച്ച് തിരിച്ചയച്ചു. കേസ് കേരളാ പൊലിസ് അട്ടിമറിച്ചുവെന്നാണ് പ്രധാന ആരോപണം. ഇവർക്കെതിരേ നടപടി വേണമെന്നായിരുന്നു വാളയാർ അമ്മയുടെ പ്രധാന ആവശ്യം.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."