യുഎഇയിൽ പാര്‍പ്പിട മേഖലകളിലെ ബാച്ച്‌ലര്‍ താമസത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജ എമിറേറ്റില്‍ പാര്‍പ്പിട മേഖലകളിലെ ബാച്ച്‌ലര്‍ താമസത്തിന് നിയന്ത്രണം കൊണ്ടുവരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന എമിറേറ്റ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഭേദഗതി കൊണ്ടുവരും.
എമിറേറ്റിലെ താമസകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം അവലോകനം ചെയ്തു. പാര്‍പ്പിട പരിസരങ്ങളിലെ കെട്ടിടങ്ങള്‍ കുടുംബസമേതമല്ലാതെ താമസിക്കുന്നവര്‍ക്ക് വാടകയ്ക്ക് നല്‍കുന്നത് സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം.
എമിറേറ്റിലെ നഗരങ്ങളിലും മറ്റുപ്രദേശങ്ങളിലുമുള്ള റെസിഡന്‍ഷ്യല്‍ മേഖലകളിലെ സിംഗിള്‍സ് ഹൗസിങിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് കൗണ്‍സിലിന്റെ മുന്നിലെത്തിയത്. കുടുംബങ്ങള്‍ താമസിക്കുന്ന മേഖകളില്‍ ബാച്ച്‌ലര്‍ താമസം അനുവദിക്കുന്നത് നിയന്ത്രിക്കുന്നത് സംബന്ധിച്ച നിലവിലെ നിയമങ്ങളിലെ പോരായ്മ, ഇത്തരം മേഖലകളില്‍ വ്യക്തികള്‍ ഒറ്റയ്ക്ക് താമസിക്കുന്നത് മൂലമുണ്ടായേക്കാവുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍, സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ എന്നിവയാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
വിവിധ തരത്തിലുള്ള താമസകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട നിയമം പരിഷ്‌കരിക്കുമ്പോള്‍ പാര്‍പ്പിട പരിസരങ്ങളില്‍ താമസിക്കുന്ന അവിവാഹിതരായ ആളുകള്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."