തീരദേശ ക്ഷേമപദ്ധതികളുമായി എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി തീരദേശ ശാക്തീകരണത്തിനായി കോസ്റ്റല്‍ കെയര്‍ പദ്ധതി നടപ്പാക്കുന്നു. വിദ്യാഭ്യാസം, സാമൂഹിക സംസ്‌കരണം, സാമുദായിക സൗഹാര്‍ദം, സ്വയംതൊഴില്‍, ദുരിതാശ്വാസം, പാലിയേറ്റീവ് കെയര്‍ മേഖലകള്‍ക്ക് ഊന്നല്‍നല്‍കുന്നതാണ് പദ്ധതി.
സംസ്ഥാനത്തെ വിവിധ തീരപ്രദേശങ്ങളില്‍ സംഘടനാ വളണ്ടിയര്‍മാര്‍ നടത്തിയ സാമ്പിള്‍ സര്‍വേ അടിസ്ഥാനമാക്കിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസരംഗത്തെ അപര്യാപ്തതകളും ഉന്നത വിദ്യാഭ്യാസ രംഗത്ത് കടലോര പ്രദേശങ്ങളുടെ പ്രാതിനിധ്യക്കുറവും സര്‍വേ കണ്ടെത്തി. സര്‍ക്കാര്‍ ക്ഷേമപദ്ധതികളെക്കുറിച്ച് തീരദേശവാസികളില്‍ ഭൂരിഭാഗവും അജ്ഞരാണ്. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ജനപ്രതിനിധികളെയും പദ്ധതിയിലൂടെ ബോധവല്‍കരിക്കും. സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായവും കരിയര്‍ ഗൈഡന്‍സും നല്‍കും. കിടപ്പിലായ രോഗികള്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കുമായി എസ്.കെ.എസ്.എസ്.എഫ് 'സഹചാരി'സെന്ററുകള്‍ ആരംഭിക്കും.
പ്രാഥമികഘട്ടത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പത്ത് കേന്ദ്രങ്ങളില്‍ കോസ്റ്റല്‍ കെയര്‍ പദ്ധതി നടപ്പാക്കും. ജില്ലാതലത്തില്‍ പദ്ധതി നിര്‍വഹണ കമ്മിറ്റികളും സംസ്ഥാന തലത്തില്‍ വിദഗ്ധരടങ്ങിയ മോണിറ്ററിങ് കമ്മറ്റിയും രൂപികരിച്ചിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ എട്ടിന് കോഴിക്കോട് തോപ്പയില്‍ ബീച്ചില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."