സുസ്ഥിര പരിഹാരത്തിലേക്കുള്ള കാൽവയ്പാകട്ടെ വെടിനിർത്തൽ
നാല് ദിവസത്തേക്കാണ് ഹമാസും ഇസ്‌റാഈലും തമ്മിലുള്ള വെടിനിർത്തൽ കരാർ. ഈ സമയങ്ങളിൽ ഗസ്സ മുനമ്പിൽ ഇസ്‌റാഈൽ അധിനിവേശ സൈന്യം നടത്തുന്ന എല്ലാ സൈനിക നടപടികളും അവസാനിപ്പിക്കും. ഇക്കാലയളവിൽ ഗസ്സയിൽ ഒരിടത്തും അധിനിവേശ സൈന്യം ആരെയും ലക്ഷ്യമിടുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യില്ല. ഇസ്‌റാഈൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീനികളിൽനിന്ന് 150 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി ഹമാസ് പോരാളികൾ ബന്ദികളാക്കിയ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും.
വെടിനിർത്തൽ കാലത്ത് ഗസ്സ മുനമ്പിലെ എല്ലാ മേഖലകളിലേക്കും മാനുഷിക, ദുരിതാശ്വാസ, വൈദ്യ, ഇന്ധന സഹായങ്ങൾ എത്തിക്കാൻ യഥേഷ്ടം ട്രക്കുകൾക്ക് പ്രവേശനം ഉറപ്പാക്കും. ഗസ്സയ്ക്കുവേണ്ടി ഖത്തറും ഇസ്‌റാഈലിനുവേണ്ടി ഈജിപ്തുമാണ് ധാരണയ്ക്ക് രംഗത്തിറങ്ങിയത്. പതിനയ്യായിരത്തോളം നിരപരാധികളായ ഫലസ്തീനികൾ കൊല്ലപ്പെട്ട ഈ യുദ്ധത്തിൽ നാലു ദിവസത്തെ വെടിനിർത്തൽ സുപ്രധാനമാണ്. 47 ദിവസത്തെ പോരാട്ടത്തിനുശേഷമുണ്ടായ പ്രതീക്ഷ നൽകുന്ന ഏക സംഭവമാണിത്. ഈ വെടിനിർത്തലിൽ പുതുക്കലോ നീട്ടലോ സാധ്യമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ആദ്യപടിയായി വെടിനിർത്തലിനെ കാണാനാവുമോയെന്നതാണ് പ്രധാനം. ഇസ്‌റാഈൽ നടത്തുന്ന ഭ്രാന്തമായ യുദ്ധം അവസാനിപ്പിച്ചേ മതിയാവൂ.
മികച്ച ആയുധശേഷിയും ഇന്റലിജൻസ് സംവിധാനങ്ങളുമുള്ള ഇസ്‌റാഈലിനെ ഇത്തരത്തിലൊരു കരാറിലെത്തിക്കാൻ സാധിച്ചത് ഹമാസിന്റെ വിജയമാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഒക്ടോബർ ഏഴിലെ ഹമാസിന്റെ കടന്നാക്രമണം മുതൽ യുദ്ധമുന്നണിയിലെ പോരാട്ടത്തിലും മനശ്ശാസ്ത്ര യുദ്ധത്തിലും ഹമാസിനാണ് വിജയം. ഹമാസിനെയും ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘങ്ങളെയും ദിവസങ്ങൾക്കകം ഇല്ലാതാക്കുമെന്നും ബന്ദികളെ മോചിപ്പിക്കുമെന്നുമായിരുന്നു ഇസ്‌റാഈലിന്റെ പ്രഖ്യാപനം. എന്നാൽ ഫലസ്തീനികളുടെ ചെറുത്തുനിൽപ്പ് ആരെയും അമ്പരപ്പിക്കുംവിധം കനത്തതോടെ യുദ്ധം നീളുകയായിരുന്നു.
അന്താരാഷ്ട്ര സമൂഹത്തിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ഏതൊരു ചർച്ചയും ഹമാസിന് ഒരു കക്ഷിയെന്ന നിലയിൽ ലോകത്തിനു മുന്നിൽ അംഗീകാരം നൽകലാണ്. ഇൗ കരാർ അസ്വീകാര്യരായ തീവ്രവാദികൾ എന്ന നിലയിൽ നിന്ന് ഹമാസിനെ ഫലസ്തീൻ ഭൂമിയിൽ നിയന്ത്രണമുള്ള സംഘടനയെന്നതിലേക്ക് ഉയർത്തുന്നുണ്ട്. ഫലസ്തീനെന്ന സങ്കൽപ്പത്തെപ്പോലും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇസ്‌റാഈലിന് സഹിക്കാനാവുന്നതിലും അപ്പുറത്താണിത്. 150 ഫലസ്തീനികൾക്ക് പകരമായി 100 ഇസ്‌റാഈൽ ബന്ദികളെ വിട്ടയക്കണമെന്നായിരുന്നു ഇസ്റാഈൽ ആവശ്യം.
ഇതിനെ ഗസ്സയിലെ ഹമാസ് നേതാവ് യഹ്‌യ സിൻവാർ അംഗീകരിച്ചില്ല. കൂടുതൽ ഇസ്‌റാഈൽ തടവുകാരെ വിട്ടുനൽകാൻ പ്രേരിപ്പിക്കുംവിധം ചർച്ച നീട്ടിക്കൊണ്ടു പോകണമെന്ന് ഇസ്‌റാഈൽ മന്ത്രിസഭയിൽ അഭിപ്രായമുയർന്നെങ്കിലും ഹമാസ് വഴങ്ങിയില്ല.
ഈ വസ്തുതകൾക്കിടയിൽ മറ്റു മാർഗമില്ലാത്ത ഘട്ടത്തിലാണ് കരാർ അംഗീകരിക്കാൻ ഇസ്‌റാഈൽ നേതൃത്വം തയാറാവുന്നത്. രണ്ടുമാസം മുമ്പുവരെ ഇസ്‌റാഈലിന് സങ്കൽപ്പിക്കാൻപോലും സാധിക്കാത്ത സാഹചര്യമാണിത്. ഹമാസിന്റെയും ഹിസ്ബുല്ലയുടെയും മിസൈൽ ആക്രമണങ്ങൾ ഇസ്‌റാഈലിന്റെ സുരക്ഷിതത്വബോധ്യത്തെ തകർക്കുക മാത്രമല്ല ടെൽഅവീവ് അടക്കമുള്ള നഗരങ്ങളിലെ സാധാരണ ജീവിതം ഇല്ലാതാക്കിയിട്ടുമുണ്ട്. ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കൾ നടത്തുന്ന പ്രതിഷേധം നെതന്യാഹുവിനെ അലട്ടുന്നുണ്ട്.
അതോടൊപ്പമാണ് ഗസ്സയിലേക്ക് യുദ്ധത്തിനു പോയ തങ്ങളുടെ സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചെത്തുന്ന സാഹചര്യംകൂടി ടെൽഅവീവിനെ അലട്ടുന്നത്.
ഹമാസിനെ നേരിടാൻ മികച്ചൊരു സൈനിക തന്ത്രം രൂപവത്കരിക്കുന്നതിനും സൈന്യത്തെ പുനർവിന്യസിക്കുന്നതിനും ഈ നാലുദിവസത്തെ വെടിനിർത്തൽ സമയം ഇസ്‌റാഈൽ ഉപയോഗിക്കുമെന്ന് ഉറപ്പാണ്. അങ്ങനെ നോക്കുമ്പോൾ സൈനികമായി ഹമാസിന് ഈ വെടിനിർത്തൽ എത്രത്തോളം ഗുണം ചെയ്യുമെന്ന് വ്യക്തമല്ല.
പക്ഷേ, കരയിലൂടെ ഇസ്‌റാഈൽ നടത്തുന്ന സൈനിക നീക്കത്തെ സാറ്റ്ലൈറ്റ് ചിത്രങ്ങളിലൂടെ കണ്ടെത്തുന്നതിനും നേരിടുന്നതിനും ഹമാസിന് എളുപ്പമാണ്. എന്നാൽ, ഹമാസിന്റെ ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡ് നടത്തുന്ന സൈനിക നീക്കങ്ങൾ ഭൂമിക്കടിയിൽ തന്ത്രപൂർവം നിർമിച്ച തുരങ്കങ്ങൾക്കുള്ളിലൂടെയാണ്. സാറ്റ്ലൈറ്റ് ചിത്രങ്ങളിൽ നിന്ന് അത് കണ്ടെത്താൻ സാധ്യമല്ല. തുരങ്കങ്ങളിലൂടെ കൊണ്ടുപോകാൻ പറ്റുന്ന ചെറിയ ആയുധങ്ങൾ ഹമാസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇസ്‌റാഈലിന്റെ അത്യാധുനിക യുദ്ധടാങ്കുകളെ തകർക്കാൻ ശേഷിയുള്ളതാണ് അവയെന്ന് 47 ദിവസത്തെ പോരാട്ടം കാട്ടിത്തന്നു. ഗസ്സയിലെ എല്ലാ ഭാഗത്തു നിന്നുമുള്ള പോരാളികളെയും ഏകോപിപ്പിക്കാൻ ഹമാസിന് കഴിയുന്നുമുണ്ട്.
ഏതെങ്കിലും രീതിയിലുള്ള സൈനിക പുനഃസംഘടന ഹമാസിന് അനിവാര്യമല്ല. പോരാളികൾക്ക് കുടുംബത്തോടൊപ്പം കഴിയാനും അവരെ സുരക്ഷിതമാക്കാനുമുള്ള സാവകാശം ലഭിക്കുമെന്നതിലപ്പുറത്തേക്ക് നാലുദിവസത്തെ വെടിനിർത്തൽ സൈനികമായി ഹമാസിന് നേട്ടമോ കോട്ടമോ ഉണ്ടാക്കില്ല. തടവുകാരുടെ കൈമാറ്റം പൂർത്തിയായാൽപോലും ഇസ്‌റാഈലിന് ഈ യുദ്ധത്തിൽ വിജയം അവകാശപ്പെടാൻ കഴിയില്ല. അതും ഹമാസിന്റെ നേട്ടമാണ്. ഈ യുദ്ധം ജയിക്കാൻ ഹമാസിന് ഇസ്‌റാഈൽ സൈന്യത്തെ പൂർണമായും തോൽപ്പിക്കണമെന്നില്ല. യുദ്ധത്തെ അതിജീവിച്ചാൽപോലും അത് വലിയ വിജയമാവും. ഇസ്‌റാഈലാകട്ടെ തോൽവിയുടെ ഭാരത്തിൽ തലകുനിച്ച് നിൽക്കേണ്ടിവരികയും ചെയ്യും.
മറുവശത്ത്, വെടിനിർത്തലിന് തൊട്ടുമുമ്പുള്ള കൂട്ടക്കൊലയുടെ കലാശക്കൊട്ടിലാണ് ഇസ്‌റാഈൽ സൈന്യം. ആശുപത്രിയിലും അഭയാർഥി ക്യാംപിലുമായി ഒറ്റരാത്രിയിലെ വ്യോമാക്രമണത്തിൽ 100ലധികം ഫലസ്തീനികളെ കൊന്നു. ഖുദ്‌സ് ടി.വിയുടെയും ഫലസ്തീൻ ആൽറെയ് റേഡിയോയുടെയും മാധ്യമപ്രവർത്തകരായ മുഹമ്മദ് അൽ നബീൽ അൽസാക്, അസീം അൽ ബർഷ് എന്നിവരെയും കൊലപ്പെടുത്തി. 630 രോഗികളുള്ള ഇന്തോനേഷ്യൻ ആശുപത്രി സൈന്യം വളയുകയും രോഗികളെ ഒഴിപ്പിക്കുകയും ചെയ്തു.
സമാനമായി ഹമാസിന്റെ ചെറുത്തുനിൽപ്പും തിരിച്ചടിയും ശക്തമായി തുടരുകയും ചെയ്യുന്നുണ്ട്. വെടിനിർത്തൽ സാധ്യമാകുന്നതോടെ പ്രശ്‌നത്തിന് സുസ്ഥിര പരിഹാരത്തിനാണ് അന്താരാഷ്ട്ര സമൂഹം ശ്രമിക്കേണ്ടത്. ഈ നാലുനാൾ കൊണ്ട് അത് സാധ്യാകുമെങ്കിൽ ലോകത്തിൻ്റെതന്നെ കണ്ണീരിനാണ് അറുതിവരിക.
Content Highlights:A ceasefire is the first step towards a sustainable solution
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."