കൊവിഡിന് ശേഷം സജീവമാകാന്‍ കേരളാ ടൂറിസം : വിനോദസഞ്ചാരികളുമായി ആഢംബര കപ്പല്‍ കോര്‍ഡിലിയ കൊച്ചിയിലെത്തി
കൊച്ചി: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കേരളത്തിലെ വിനോദസഞ്ചാര മേഖല സജീവമാകുന്നു. ഉണര്‍വിന് നാന്ദിയായി 399 ആഭ്യന്തര വിനോദ സഞ്ചാരികളുമായി കോര്‍ഡിലിയ ക്രൂസ് ഷിപ്പ് ഇന്ന് കൊച്ചിയിലെത്തി.
മുംബൈയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പലിലെ 182 യാത്രക്കാരാണ് കൊച്ചി നഗരത്തിലെ കാഴ്ചകള്‍ക്കായി തീരത്തിറങ്ങിയത്. 217 സഞ്ചാരികള്‍ കൊച്ചിയിലിറങ്ങി യാത്ര തിരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുമായാണ് കോര്‍ഡേലിയ ക്രൂയിസസിന്റെ കപ്പല്‍ കൊച്ചിയില്‍ എത്തിയത്. കൊവിഡ് 19 സാഹചര്യത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ സന്ദര്‍ശകര്‍ക്ക് സംസ്ഥാന വിനോദസഞ്ചാരവകുപ്പ്, പോര്‍ട്ട് ട്രസ്റ്റ് എന്നിവര്‍ ചേര്‍ന്ന് വേലകളി, പഞ്ചവാദ്യം , താലപ്പൊലി എന്നിവയോടെ സ്വീകരണം ഒരുക്കി.
ആഡംബര നൗകകള്‍ക്കായി ഒരുക്കിയിരിക്കുന്ന പുതിയ ടെര്‍മിനലിലാണ് സഞ്ചാരികളിറങ്ങിയത്.രാവിലെ ഏഴിനാണ് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടത്. എട്ട് മണിയോടെ സഞ്ചാരികള്‍ പുറത്തിറങ്ങി. ഫോര്‍ട്ട് കൊച്ചി , മട്ടാഞ്ചേരി എന്നിവടങ്ങളിലുള്ള പൈതൃക സാംസ്‌കാരിക കേന്ദ്രങ്ങള്‍, മറൈന്‍ ഡ്രൈവ് , മാളുകള്‍ തുടങ്ങി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു യാത്ര. ഇതിന് പുറമെ ബോട്ടില്‍ കായല്‍ സൗന്ദര്യവും ആസ്വദിച്ചാണ് തിരികെ ഒരു മണിയോടെ കപ്പലില്‍ മടങ്ങിയെത്തിയത്. പ്രത്യേകം ബസ്സുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു യാത്ര.കൊച്ചിയില്‍ നിന്ന് 800ഓളം വിനോദ സഞ്ചാരികള്‍ ആഢംബര കപ്പലില്‍ തിരിക്കുന്നുണ്ട്. വൊയേജര്‍ കേരളയാണ് ടൂര്‍ ഏജന്റ്. വൈകിട്ട് 4.30 ന് കപ്പല്‍ ലക്ഷദ്വീപിലേക്ക് തിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."