വെള്ളിയാഴ്ചക്കു മുമ്പ് ഫലസ്തീനി തടവുകാരെ വിട്ടയക്കില്ലെന്ന് ഇസ്‌റാഈല്‍; ഗസ്സയിലുടനീളം കനത്ത വ്യോമാക്രമണം
വെള്ളിയാഴ്ചക്കു മുമ്പ് ഫലസ്തീനി തടവുകാരെ വിട്ടയക്കില്ലെന്ന് ഇസ്‌റാഈല്‍; ഗസ്സയിലുടനീളം കനത്ത വ്യോമാക്രമണം
ദോഹ: വെള്ളിയാഴ്ചക്കു മുമ്പ് ഫലസ്തീനി തടവുകാരെ വിട്ടയക്കില്ലെന്ന് ഇസ്‌റാഈല്‍. ഇസ്‌റാഈല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബുധനാഴ്ച രാത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
47 ദിവസത്തെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ശേഷം ബുധനാഴ്ച രാവിലെയാണ് നാല് ദിവസത്തെ വെടിനിര്‍ത്തല്‍ എന്ന ഒത്തുതീര്‍പ്പിലേക്ക് ഇസ്‌റാഈല്‍ എത്തുന്നത്. ഖത്തറും ഈജിപ്തും കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചയില്‍ ഉരുതുരിഞ്ഞ വ്യവസ്ഥ ഇസ്‌റാഈലും ഹമാസും അംഗീകരിച്ചതോടെയാണ് വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായത്. ഇതുപ്രകാരം ഇന്ന് രാവിലെ വെടിനിര്‍ത്തല്‍ നിലവില്‍വരുമെന്നായിരുന്നു റിപ്പോര്‍ട്ട്. രാവിലെ പ്രാദേശിക സമയം 6.30ഓടെ (ഇന്ത്യന്‍ സമയം രാവിലെ 10.00) വെടിനിര്‍ത്തല്‍ നിലവില്‍വരുമെന്നാണ് ഇസ്‌റാഈല്‍ അറിയിച്ചിരുന്നത്. അതിനിടയിലാണ് ബന്ദികളുടെ മോചനം വെള്ളിയാഴ്ചക്കു മുമ്പുണ്ടാവില്ലെന്ന പ്രസ്താവനയുമായി ഇസ്‌റാഈല്‍ രംഗത്തെത്തുന്നത്.
ഹമാസ് ബന്ദികളാക്കിയവരില്‍ 50 പേരെ മോചിപ്പിക്കുന്നതിന് പകരമായി നാലുദിവസത്തേക്ക് താല്‍ക്കാലികമായി വെടിനിര്‍ത്തുകയും ഇസ്‌റാഈല്‍ പലപ്പോഴായി പിടികൂടിയ 150 ഫലസ്തീനി തടവുകാരെ മോചിപ്പിക്കുകയും ചെയ്യുകയാണ് ഹമാസും ഇസ്‌റാഈലും തമ്മിലെ ഉടമ്പടിയുടെ കാതല്‍. വെടിനിര്‍ത്തല്‍ കാലയളവില്‍ യാതൊരു സൈനികനീക്കമോ ആക്രമണമോ പാടില്ലെന്നും ഈ സമയത്ത് സഞ്ചാര സ്വാതന്ത്ര്യവും മാനുഷികസഹായം എത്താനുള്ള സംവിധാനം ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്.
ഹമാസും ഇസ്‌റാഈലും തമ്മിലുള്ള ഉടമ്പടി കരാറില്‍ ധാരണയായെന്നും ധാരണയില്‍ തുടരുമെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് അഡ്രിയന്‍ വാട്‌സണ്‍ പറഞ്ഞതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'വെടിനിര്‍ത്തല്‍ നടപ്പാക്കലിന്റെ ആദ്യ ദിവസം പാര്‍ട്ടികള്‍ അന്തിമമായ വിശദാംശങ്ങള്‍ തയ്യാറാക്കുകയാണ്. ബന്ദികള്‍ വീട്ടിലേക്ക് വരാന്‍ തുടങ്ങുന്നതിന് മുമ്പ് സാധ്യമായതെല്ലാം ചെയ്യണമെന്നതാണ് ഞങ്ങളുടെ തീരുമാനം. അവരെ വീട്ടില്‍ സുരക്ഷിതമായി എത്തിക്കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. വെള്ളിയാഴ്ച മുതല്‍ ബന്ദികളുടെ കൈമാറ്റം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- വാട്‌സണ്‍ പറയുന്നു.
വെടിനിര്‍ത്തല്‍ ലോകരാഷ്ട്രങ്ങള്‍ സ്വാഗതംചെയ്തിട്ടുണ്ട്. ഇതോടൊപ്പം വെടിനിര്‍ത്തല്‍ നീട്ടണമെന്നും വിവിധ രാജ്യങ്ങളും രാജ്യാന്തര വേദികളും ആവശ്യപ്പെട്ടു. രാജ്യാന്തരനിയമങ്ങള്‍ ലംഘിച്ചുള്ള ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 15,000ന് അടുത്തെത്തിനില്‍ക്കെയാണ് 48 മത്തെ ദിവസം ഗസ്സ ശാന്തമാകുന്നത്.
കരയാക്രമണത്തില്‍ ഹമാസില്‍നിന്നുണ്ടായ കനത്ത തിരിച്ചടിയും ലോകരാഷ്ട്രങ്ങളില്‍നിന്നുള്ള സമ്മര്‍ദ്ദവുമാണ് വെടിനിര്‍ത്തലിന് ഇസ്‌റാഈലിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ 48 മണിക്കൂറിനിടെ രണ്ട് സൈനികരെ കൂടിയാണ് ഇസ്‌റാഈലിന് നഷ്ടമായയത്. ഇതോടെ കഴിഞ്ഞമാസം 27ന് ഗസ്സയില്‍ കരയാക്രമണം തുടങ്ങിയത് മുതല്‍ ഹമാസിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട അധിനിവേശ സൈനികരുടെ എണ്ണം 69 ആയി.
അതേമയം, ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഗസ്സയിലുടനീളം കകനത്ത് വ്യോമാക്രമണമാണ് സയണിസ്റ്റുകള്‍ നടത്തുന്നത്. ഗമുസ്രേത്ത് അഭയാര്‍ഥി ക്യാംപ്, ദൈറുല്‍ ബറാഹ് , ഖാന്‍ യൂനിസ്, റഫ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ ആക്രമണം നടത്തി. ഇവിടെ ബലാത്ത അഭയാര്‍ഥി ക്യാംപില്‍ നടത്തിയ ആക്രമണത്തില്‍ മുഹമ്മദ് ഹാഫി എന്ന 18കാരന്‍ കൊല്ലപ്പെട്ടതായി അല്‍ഖുദ്‌സ് നെറ്റ് വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
Izz al-Din Mustafa Muhammad Hafi an 18-year-old, was killed by #Israel occupation forces near Balata camp, east of Nablus in the #WestBank. pic.twitter.com/ZglKKzTrHM
— Quds News Network (@QudsNen) November 22, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."