സുപ്രിം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു
സുപ്രിം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു
കൊല്ലം: ഇന്ത്യന്‍ പരമോന്നത നീതിപീഠത്തിലെ ആദ്യ വനിത ജഡ്ജി ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിലാണ് അന്ത്യം. 96 വയസ്സായിരുന്നു. സുപ്രിം കോടതി ജഡ്ജിയാകുന്ന ആദ്യ മുസ്‌ലിം വനിതയും ഫാത്തിമ ബീവിയാണ്. 1989ലാണ് സുപ്രിം കോടതി ജഡ്ജിയായത്.
സുപ്രിം കോടതിയില്‍ നിന്ന് വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗമായും പിന്നീട് 1997 മുതല്‍ 2001 വരെ തമിഴ്‌നാട് ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. 2023ല്‍ ഫാത്തിമ ബീവിക്ക് രണ്ടാമത്തെ ഉയര്‍ന്ന കേരള പ്രഭ അവാര്‍ഡ് നല്‍കി കേരള സര്‍ക്കാര്‍ ആദരിച്ചു.
പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടില്‍ മീര സാഹിബിന്റെയും ഖദീജ ബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെയാളായി 1927 ഏപ്രില്‍ 30നാണ് ഫാത്തിമാ ബീവിയുടെ ജനനം. പത്തനംതിട്ടയിലെ ടൗണ്‍ സ്‌കൂളിലും കാതോലിക്കേറ്റ് ഹൈസ്‌കൂളിലും പഠിച്ച ഫാത്തിമ ബീവി, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് കെമിസ്ട്രിയില്‍ ബി.എസ്.സി ബിരുദം നേടി. അതിനു ശേഷം തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജില്‍ നിന്ന് ബി.എല്‍ പാസായി.
1950 നവംബര്‍ 14നാണ് അഭിഭാഷകയായി അവര്‍ എന്റോള്‍ ചെയ്തത്. 1950ല്‍ ബാര്‍ കൗണ്‍സില്‍ പരീക്ഷയില്‍ ഒന്നാമതെത്തി. 1958 മേയില്‍ കേരള സബ് ഓര്‍ഡിനേറ്റ് ജുഡീഷ്യല്‍ സര്‍വീസസില്‍ മുന്‍സിഫായി നിയമിതയായി. 1968ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജിയായും 1972ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായും 1974ല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജിയായും സ്ഥാനക്കയറ്റം ലഭിച്ചു.
1980 ജനുവരിയില്‍ ഫാത്തിമ ബീവി ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലിലെ ജുഡീഷ്യല്‍ അംഗമായി വീണ്ടും നിയമിതയായി. തുടര്‍ന്ന് 1983 ആഗസ്റ്റ് നാലിന് ഹൈകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984 മെയ് 14ന് ഹൈകോടതിയിലെ സ്ഥിരം ജഡ്ജിയായി. 1989 ഏപ്രില്‍ 29ന് ഹൈകോടതി ജഡ്ജിയായി വിരമിച്ച ശേഷം 1989 ഒക്ടോബര്‍ ആറിന് സുപ്രീം കോടതി ജഡ്ജിയായി നിയമനം ലഭിച്ചു. 1992 ഏപ്രില്‍ 29ന് വിരമിച്ചു. അവിവാഹിതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."