മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി
കാഞ്ഞങ്ങാട്: മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കാഞ്ഞങ്ങാട് സൗത്ത് കവലയിലെ ബേബിയില്‍ നിന്നാണ് പണം തട്ടിയത്. സംഭവത്തില്‍ ഇടനിലക്കാരന്‍ മംഗളൂരുവിലെ കട്ടിയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സുരേഷ് കുമാറിനെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. ബേബിയുടെ മകള്‍ അശ്വതിക്ക് സീറ്റ് തരപ്പെടുത്താന്‍ വേണ്ടിയാണ് 25.5 ലക്ഷം തുക നല്‍കിയത്.
മംഗളൂരുവിലെ ശ്രീനിവാസ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് സീറ്റ് വാഗ്ദാനം നല്‍കി സുരേഷ് കുമാര്‍ തന്റെ സ്ഥാപനത്തിന്റെ പേരില്‍ പത്രപ്പരസ്യം നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബേബി സുരേഷ് കുമാറുമായി ബന്ധപ്പെടുകയും മകള്‍ക്ക് സീറ്റ് തരപ്പെടുത്തി തരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2014 സെപ്റ്റംബറില്‍ രണ്ടഴഘട്ടങ്ങളിലായി ബേബി, സുരേഷ് കുമാറിന് ചെക്ക് നല്‍കി.
ആദ്യം 10 ലക്ഷം രൂപയുടെയും രണ്ടാം ഘട്ടത്തില്‍ 15,50,000 രൂപയുടെയും ചെക്കുകളാണ് കൈമാറിയത്. സംഭവം നടന്നിട്ട് രണ്ടു വര്‍ഷമായെങ്കിലും സീറ്റ് ശരിയാക്കിത്തരാമെന്ന സുരേഷ് കുമാറിന്റെ വാക്ക് വിശ്വസിച്ച് കഴിയുകയായിരുന്നു ബേബി. ഒടുവില്‍ താന്‍ കബളിക്കപ്പെട്ടതായി ബോധ്യപ്പെട്ടതോടെയാണ് ബേബി പരാതിയുമായി പൊലിസിനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."