കാത്തിരിപ്പുകള്‍ക്ക് വിരാമം: അച്ഛനുവേണ്ടി ദേവനന്ദ തന്റെ കരള്‍ പകുത്ത് നല്‍കും
കൊച്ചി: കാത്തിരിപ്പുകള്‍ക്ക് ആശങ്കകള്‍ക്കും വിരാമമിട്ട് ദേവനന്ദയുടെ പോരാട്ടം വിജയം കണ്ടു. കരള്‍ രോഗിയായ അച്ഛന് കരള്‍ പകുത്ത് നല്‍കാന്‍ പതിനേഴുകാരിയും തൃശൂര്‍ സ്വദേശിയുമായ ദേവനന്ദയ്ക്ക് ഹൈക്കോടതിയുടെ അനുമതി.
ഗുരുതര കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂര്‍ കോലഴി പള്ളിക്കര വീട്ടില്‍ പ്രതീഷാണ് മകളുടെ കരളറുപ്പില്‍ ജീവിതത്തിലേക്ക് മടങ്ങാനൊരുങ്ങുന്നത്. അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ ദേവനന്ദ നടത്തിയ പോരാട്ടങ്ങളെ ഹൈക്കോടതി അഭിനന്ദിച്ചു. ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതില്‍ മാതാപിതാക്കള്‍ അനുഗ്രഹീതരാണെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു.
ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തില്‍ മറ്റു കുടുംബങ്ങളുടെ ആരുടെയും കരള്‍ അനുയോജ്യമായി കാണാതെ വരികയും 17 വയസു മാത്രം തികഞ്ഞ മകള്‍ ദേവനന്ദയുടെ കരള്‍ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്‌തെങ്കിലും ദേവനന്ദ 18 വയസു മൈനര്‍ ആയത് നിയമതടസമാവുകയായിരുന്നു. തുടര്‍ന്ന് ദേവനന്ദ നല്‍കിയ റിട്ട് ഹരജിയിന്‍മേലാണ് അനുകൂല വിധിയുണ്ടായത്.
ഈ ചെറിയ പ്രായത്തിലും കരള്‍ പകുത്ത് നല്‍കാന്‍ തീരുമാനമെടുത്ത ദേവനന്ദയുടേത് ശക്തമായ പിതൃസ്‌നേഹവും അസാമായ നിശ്ചയദാര്‍ഢ്യവുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണ്. കെ സോട്ടോയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നടപടിക്രമങ്ങള്‍ വേഗത്തിലാക്കി വളരെ വേഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതി ഉത്തരവ് ലഭിച്ച ശേഷം കേവലം 48 മണിക്കൂറില്‍ വിദഗ്ദ്ധ സമിതിയെ രൂപീകരിക്കുകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദേവാനന്ദയെ പരിശോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."