പശു ഭീകരത വീണ്ടും; ഉത്തര്‍പ്രദേശില്‍ രണ്ട് യുവാക്കളെ തല്ലിച്ചതച്ചു, ആക്രമണം ഫേസ്ബുക്ക് ലൈവിട്ട് , കേസെടുത്തത് ഇരകള്‍ക്കെതിരെ
ആഗ്ര: രാജ്യത്ത് പശുവിന്റെ പേരിലുള്ള അക്രമം വീണ്ടും. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ഗോരക്ഷാ ഗുണ്ടകളുടെ ക്രൂരമായ ആക്രമണമുണ്ടായത്. ടൈംസ് ഓഫ് ഇന്ത്യയുടേതാണ് റിപ്പോര്‍ട്ട്. ബുധാനാഴ്ചയായിരുന്നു സംഭവം.
അയ്യൂബ് (40), മോസിം (23) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇരകള്‍ക്ക് നേരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട് യു.പി പൊലിസ്. ആരാധനസ്ഥലം കളങ്കപ്പെടുത്തിയെന്ന് ആരോപിച്ചും മൃഗങ്ങളെ ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്.
ഫേസ്ബുക്ക് ലൈവിട്ടായിരുന്നു അതിക്രമം. വീഡിയോ ഷെയര്‍ ചെയ്യാനും അക്രമികള്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. 15ഓളം പേര്‍ വരുന്ന സംഘമാണ് യുവാക്കളെ ആക്രമിച്ചത്.
നേരത്തേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മഥുരയില്‍ മാംസ വില്‍പനക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പൊലിസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
മാംസ നിരോധനം ഏര്‍പ്പെടുത്തിയത് ലംഘിച്ചെന്ന് ആരോപിച്ചാണ് ഗോരക്ഷക് ദള്‍ ആളുകളെ ഒരുമിച്ച് കൂട്ടിയത്. അയൂബിനും മോസിനുമൊപ്പം ഡ്രൈവറായി ബഹദുര്‍ എന്നയാളുമുണ്ടായിരുന്നു. എന്നാല്‍ അയാള്‍ ഹിന്ദുവാണെന്നും തെറ്റുകാരനല്ലെന്നും ഗോരക്ഷ ദള്‍ മഥുര ജില്ല പ്രസിഡന്റ് സീതാറാം ശര്‍മ പ്രതികരിച്ചു. പക്ഷേ പൊലിസ് ബഹദൂറിനെതിരെയും കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."