ധന്‍ബാദിലെ ജഡ്ജിയുടെ അപകടമരണം : കൊലപാതകമാണെന്ന സി.ബി.ഐ കണ്ടെത്തല്‍ ദുരൂഹതയേറ്റുന്നു
ദില്ലി: ധന്‍ബാദിലെ ജഡ്ജി ഉത്തം ആനന്ദിന്റെ ദുരൂഹമരണം കൊലപാതകമെന്ന് സി.ബി.ഐ കണ്ടെത്തിയതോടെ ഉയരുന്നത് നിരവധി ചോദ്യങ്ങളാണ്. പ്രതികള്‍ മനപ്പൂര്‍വ്വം ജഡ്ജിയെ വാഹനം ഇടിപ്പിക്കുകയാണന്ന് അന്വേഷണത്തില്‍ ബോധ്യമായതായാണ് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചത്. രണ്ട് പ്രതികളെയും നുണപരിശോധനയ്ക്ക് വിധേയമാക്കി. സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിലും കുറ്റകൃത്യം പുനരാവിഷ്‌കരിച്ചതിലും പ്രതികള്‍ മനപ്പൂര്‍വ്വം ഓട്ടോ ഇടിപ്പിക്കുകയായിരുന്നുവെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. കേസിലെ ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്നും സി.ബി.ഐ വ്യക്തമാക്കി.സംഭവത്തിന് തൊട്ടുമുമ്പ് പ്രതികള്‍ ഫോണ്‍ മോഷ്ടിച്ചത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.കേസന്വേഷണം സംബന്ധിച്ച സുപ്രീംകോടതി ഇടപെടലിന് പിന്നാലെയാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. ജൂലൈ 28 ന് പ്രഭാത വ്യായാമത്തിനിടെയാണ് ജാര്‍ഖണ്ഡ് ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ഓട്ടോ ഇടിച്ചു മരിച്ചത്. റോഡിന്റെ വശത്ത് കൂടി നടക്കുകയായിരുന്ന ഉത്തം ആനന്ദിന്റെ പിന്നാലെ ചെന്ന് ഇടിക്കുകയായിരുന്നു. ജഡ്ജിയെ ലക്ഷ്യമിട്ടാണ് ഓട്ടോ പാഞ്ഞെത്തിയതെന്ന് സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ തന്നെ ആരോപണമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."