വടക്കേക്കാട് ഷമീര്‍ കൊലക്കേസ്: 11 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
തൃശൂര്‍: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന വടക്കേക്കാട് ഷമീര്‍ കൊലക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ 11 പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. തൃശൂര്‍ ഫസ്റ്റ് ക്ലാസ് അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകരായ വടക്കേക്കാട് തിരുവളയന്നൂര്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍(37), വടക്കേക്കാട് ഉറുകുളങ്ങര ചന്ദ്രന്‍ (39), കല്ലൂര്‍ വട്ടത്തൂര്‍ വീട്ടില്‍ ബാബു (37), പാട്ടത്തയില്‍ സുനില്‍ (36), ചക്കംപറമ്പ് കൂളിയാട്ട് സജയന്‍ (30), പാട്ടത്തയില്‍ അഭിലാഷ് (35), പുന്നയൂര്‍ മച്ചിങ്ങല്‍ അനില്‍കുമാര്‍ (39), കല്ലൂര്‍ എടക്കാട്ട് രഞ്ജിത് (32), കൊമ്പത്തയില്‍ പടി കൊളങ്ങാട്ടില്‍ വിജയന്‍ (34), പേങ്ങാട്ടുതറ തൈക്കാട്ടില്‍ ശ്രീമോദ് (33), അനിക്കോട്ടുകടവ് കൊട്ടരപ്പാട്ടില്‍ സുധാകരന്‍ (42) എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി സുരേഷ് വിചാരണക്കിടെ മരിച്ചിരുന്നു.
13-ാം പ്രതിയെ തെളിവില്ലെന്ന കാരണത്താല്‍ വെറുതേവിട്ടു. കുറ്റവാളികള്‍ക്ക് താമസിക്കാനുള്ള ഇടം കൊടുത്തതിന് 14-ാം പ്രതി ശിവനുള്ള ശിക്ഷ 30ന് വിധിക്കും.
പ്രതികള്‍ മൊത്തം 3,30,000 രൂപ പിഴയടക്കണം. ഇതില്‍ രണ്ടു ലക്ഷം രൂപ ഷമീറിന്റെ മാതാവിന് നല്‍കണം. ഓരോരുത്തരും 25,000 രൂപ വീതമാണ് പിഴയടക്കേണ്ടത്. ഇല്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവ് അനുഭവിക്കണം.
2005 ജനുവരി 18ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. മണികണ്‌ഠേശ്വരം പാലക്കല്‍ ഭഗവതി ക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്സവപ്പറമ്പില്‍ വച്ചാണ് നന്ത്യാണത്തയ്യല്‍ മൊയ്തീന്റെ മകന്‍ ഷമീറിന്(21) വെട്ടേറ്റത്.
രക്ഷപ്പെടാനായി ഓടി ക്ഷേത്രത്തിനുസമീപത്തെ വീടിന്റെ കുളിമുറിയില്‍ ഒളിച്ച ഷമീറിനെ പിന്നാലെ എത്തിയ പ്രതികള്‍ വലിച്ചിറക്കി വീടിനു മുറ്റത്തിട്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
ചാവക്കാട് സി.ഐ ആയിരുന്ന എം.പി മോഹനചന്ദ്രനാണ് കേസന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."