ആശ്വാസമായി ട്രക്കുകള്‍ എത്തിത്തുടങ്ങി; പ്രതീക്ഷയോടെ ഗസ്സ
ആശ്വാസമായി ട്രക്കുകള്‍ എത്തിത്തുടങ്ങി; പ്രതീക്ഷയോടെ ഗസ്സ
ഗസ്സ സിറ്റി: നാല് ദിവസത്തെ താല്‍കാലി വെടിനിര്‍ത്തലിന് പിന്നാലെ സഹായ ഹസ്തവുമായി ഈജിപ്ത് ട്രക്കുകള്‍ ഗസ്സയിലേക്ക് പ്രവേശിച്ചു. റഫ അതിര്‍ത്തി കടന്ന ട്രക്കുകള്‍ ഗസ്സ മുനമ്പിലേക്ക് പ്രവേശിച്ചതായി റോയിട്ടേഴ്‌സ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. 'മനുഷ്യത്വത്തിനായി ഒരുമിച്ച്', 'ഗസ്സയിലെ നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി' എന്നിങ്ങനെ ബാനറുകളെഴുതിയ ട്രക്കുകള്‍ ഗസ്സയിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ഗസ്സക്ക് പ്രതിദിനം 1,30,000 ലിറ്റര്‍ ഡീസല്‍ നല്‍കുമെന്ന് ഈജിപ്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ നാല് ട്രക്ക് ഗ്യാസുമുള്‍പ്പെടെ ദിവസേന 200 ട്രക്ക് സഹായങ്ങള്‍ ഗസ്സയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
Trucks carrying aid enter the #Gaza Strip after the temporary ceasefire agreement between the #Palestinian resistance and #Isreali occupation, following weeks of siege that affected all aspects of life. pic.twitter.com/lYSP07jOCw
— Quds News Network (@QudsNen) November 24, 2023
ഇന്ധനക്ഷാമമാണ് പ്രധാന വെല്ലുവിളികളിലൊന്ന്. ഫലസ്തീന്‍ പെട്രോളിയം പബ്ലിക് കമീഷന്റെ കണക്ക് പ്രകാരം ഗസ്സ മുനമ്പിന് പ്രതിമാസം 12 മില്യണ്‍ ലിറ്റര്‍ ഡീസല്‍ വേണം. ഇതിനൊപ്പം ഗസ്സയിലെ പവര്‍ പ്ലാന്റുകള്‍ക്കും ആശുപത്രികള്‍ക്കുമായും വേറെ ഇന്ധനവും വേണം.
ഫലസ്തീനില്‍ ഒന്നരമാസം നീണ്ട ഇസ്‌റാഈല്‍ അതിക്രമത്തിന് താല്‍കാല വിരാമം നല്‍കി നാല് ദിവസത്തെ വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴുമുതലാണ് പ്രാബല്യത്തിലായത്.
ബന്ദികളുടെ കൈമാറ്റം വൈകുന്നേരത്തോടെ
സ്ത്രീകളും കുട്ടികളും അടങ്ങുന്ന 13 ബന്ദികളെ വൈകുന്നേരം നാല് മണിയോടുകൂടി ഹമാസ് മോചിപ്പിക്കുമെന്ന് മധ്യസ്ഥ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയ ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍അന്‍സാരി വ്യക്തമാക്കിയിരുന്നു. ഇസ്‌റാഈല്‍ 39 തടവുകാരെ ഇന്ന് കൈമാറും. നാല് ദിവസത്തിനുള്ളില്‍ കരാര്‍ പ്രകാരമുള്ള ബന്ദികളെ പരസ്പരം കൈമാറിയേക്കും.
ഖത്തറിന്റെയും ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ഗസ്സയില്‍ താല്‍കാലിക വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിര്‍ത്തലിനാണ് ധാരണയിലായത്. 150 ഫലസ്തീന്‍ തടവുകാര്‍ക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളില്‍ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് കരാര്‍ വ്യവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."