പൊലിഞ്ഞത് ഒരു ഗ്രാമത്തിന്റെ സ്വപ്‌നം; നീതിതേടി ഷംനയുടെ പിതാവ് മുഖ്യമന്ത്രിയുടെ അടുത്തെത്തി
കൊച്ചി: ഒമാനിലെ മസ്‌കത്തില്‍ വര്‍ഷങ്ങളോളം ജോലിചെയ്ത കണ്ണൂര്‍ ശിവപുരം മട്ടന്നൂര്‍ പടുവാറ ഐഷാ മന്‍സിലില്‍ അബൂട്ടിക്ക് സമ്പാദ്യങ്ങളൊന്നുമില്ല. താന്‍ ചെയ്ത കച്ചവടങ്ങള്‍ ഒന്നൊന്നായി തകര്‍ന്നപ്പോഴും പ്രതീക്ഷ പഠനത്തില്‍ മിടുക്കിയായ മൂത്ത മകളിലായിരുന്നു. ചെറിയ ക്ലാസുമുതല്‍ ഉയര്‍ന്ന മാര്‍ക്കുനേടി പ0നത്തില്‍ മികവുകാണിച്ച മകള്‍ ഉയര്‍ന്ന നിലയിലെത്തുമെന്നും തനിക്ക് താങ്ങും തണലുമാകുമെന്നും അദ്ദേഹം കരുതിയിരുന്നു. എന്നാല്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ മകളെ വിധി തട്ടിയെടുത്തിയിട്ട് 40 ദിവസം പിന്നിടുമ്പോള്‍ യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ കഴിയാതെ പകച്ചുനില്‍ക്കുകയാണ് ഈ പിതാവ്. ഇക്കഴിഞ്ഞ ജൂലായ് 18നാണ് കളമശ്ശേരി മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായ ഷംന തസ്‌നീം ചികിത്സയ്ക്കിടെ മരിച്ചത്.
മരണം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണെന്നും മരണത്തിന് ഉത്തരവാദിയായവര്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഷംനയുടെ പിതാവ് മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നല്‍കി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ബിരുദദാന ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെ ഗസ്റ്റ് ഹൗസില്‍ സന്ദര്‍ശിച്ചാണ് സങ്കടം അറിയിച്ചത്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ജൂലായ് 17 ഞായറാഴ്ച വൈകിട്ടോടെയാണ് പനിയെ തുടര്‍ന്ന് ഷംനയെ കോളജ് ഹോസ്റ്റലിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ഉടന്‍തന്നെ അവിടെയുണ്ടായിരുന്ന ഹൗസ് സര്‍ജന്‍ പരിശോധിച്ച് ഡ്രിപ്പ് നല്‍കുകയും മരുന്നുകള്‍ നല്‍കി ഹോസ്റ്റലിലേക്ക് അയക്കുകയും ചെയ്തു. തുടര്‍ന്ന് രാത്രി ഒരു മണിക്ക് അവളുടെ മാതാവ് വിളിച്ചന്വേഷിച്ചപ്പോള്‍ പനി മാറിയെന്നും ആപ്പിള്‍ കഴിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. പനി മാറിയെങ്കിലും ഡ്യൂട്ടിഡോക്ടറെ കാണണമെന്ന ഉമ്മയുടെ നിര്‍ദേശത്തെ തുടര്‍ന്ന് 18ന് ഉച്ചയോടെ ഷംന ആശുപത്രിയിലെത്തി വകുപ്പ് തലവന്‍ കൂടിയായ ഡോ.ജില്‍സ് ജോര്‍ജിനെ കണ്ടു.
കുത്തിവയ്പ്പു നല്‍കി ഡോക്ടര്‍ ഡ്യൂട്ടി കഴിഞ്ഞ് പോയെങ്കിലും അടുത്ത ഡ്യൂട്ടി ഡോക്ടറോട് വിവരങ്ങള്‍ ധരിപ്പിച്ചിരുന്നില്ലെന്നും ഷംനയുടെ പിതാവ് സുപ്രഭാതത്തോട് പറഞ്ഞു. സിഫ്ട്രിയാക്‌സോണ്‍ കുത്തിവയ്പ്പ് എടുത്തതിനേ തുടര്‍ന്ന് മകളുടെ വായില്‍ നിന്ന് പതയും നുരയും വന്ന് മരിക്കുകയാണുണ്ടായതെന്നും ഒന്നര മണിക്കൂറിനുശേഷമാണ് ഡോക്ടറെത്തിയതെന്നും പിതാവ് പറയുന്നു. ഒരു ഗ്രാമത്തിന്റെ സ്വപ്നമാണ് ഷംനയുടെ മരണത്തിലൂടെ ഇല്ലാതായത്.
പഠനത്തില്‍ മിടുക്കിയായ ഷംന മെഡിസിന് ആയിരത്തില്‍ താഴെ റാങ്ക് വാങ്ങി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സീറ്റ് നേടിയപ്പോള്‍ നാട്ടുകാര്‍ക്ക് വന്‍ പ്രതീക്ഷയായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം ഇല്ലാതായെന്ന് ഷംനയുടെ പിതാവിനൊപ്പം മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ പിതൃസഹോദരന്‍ ഹാഷിം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."