HOME
DETAILS

പരീക്ഷണങ്ങളിൽ തളരാത്ത വിശ്വാസി

  
Web Desk
December 23 2022 | 03:12 AM

8653251623-2

വെള്ളിപ്രഭാതം
മുഹമ്മദ് റഹ്‌മാനി മഞ്ചേരി


ഇഹലോക ജീവിതത്തിന്റെ ക്രമീകരണം സുഖത്തിന്റെയോ ദുഃഖത്തിന്റെയോ ഏകപക്ഷീയ സ്വഭാവത്തിലല്ല. മാറിവരുന്ന വിശേഷണമാണത്. എക്കാലവും പ്രതിസന്ധിയും പ്രയാസവും പരീക്ഷണവും പേറി ജീവിക്കണമെന്നില്ല. എന്നാൽ, ഇതിന്റെ നേർവിപരീതത്തിലായി കാലാകാലം കഴിയണമെന്നുമില്ല. ഇബ്‌നു അതാഇല്ലാഹി സിക്കന്തരി(റ) പറയുന്നു: 'ഭൂമിയിൽ ജീവിക്കുന്ന കാലത്ത് പ്രതിസന്ധികളുണ്ടാവുന്നതിൽ വിശ്വാസി അത്ഭുതപ്പെടേണ്ട. പ്രതിസന്ധികളുണ്ടാവൽ ഈ ജീവിതത്തിന്റെ അടിസ്ഥാന സ്വഭാവത്തിൽപെട്ടതാണ്'. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്: 'എല്ലാ മനുഷ്യർക്കും സന്തോഷവും ദുഃഖവുമുണ്ടാവും. ദുഃഖത്തിൽ ക്ഷമയും സന്തോഷത്തിൽ നന്ദിയുമാണ് വേണ്ടത്'.


ഐശ്വര്യങ്ങളെ പോലെ ക്ലേശങ്ങൾ മനുഷ്യജീവിതത്തിൽ സ്വാഭാവികമാണ്. ഇരുഘട്ടത്തിലും വ്യത്യസ്ത പ്രകടനങ്ങൾ മനുഷ്യരിൽ ഉണ്ടാവാറുണ്ട്. ക്ഷേമത്തിൽ അമിതാഹ്ലാദവും ക്ലേശത്തിൽ അതിരുകടന്ന ആവലാതിയും ചിലരിൽ പതിവാണ്. എന്നാൽ, വിശ്വാസിയുടെ മനോനില ഇൗ സമയങ്ങളിലെല്ലാം പക്വമായിരിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: 'ദുനിയാവിലും പരലോകത്തും ശപിക്കപ്പെട്ട രണ്ട് ശബ്ദങ്ങളാണ്; അനുഗ്രഹഘട്ടത്തിൽ ആഹ്ലാദ പ്രകടനത്തിലെ സംഗീതോപകരണ ശബ്ദവും ക്ലേശഘട്ടത്തിൽ ദുഃഖ പ്രകടനത്തിന്റെ ഭാഗമായി നിലവിളിക്കുന്ന ശബ്ദവും'.
ചെറിയ പ്രയാസങ്ങൾ പോലും താങ്ങാനാവാതെ ആവലാതിയുമായി ജീവിക്കുന്നവരുണ്ട്. സാമ്പത്തികമോ ശാരീരികമോ മാനസികമോ ആയ പ്രതിസന്ധികളിൽ ക്ഷമയും സഹനവും കൈവെടിയുന്നവരാണ് അവർ. അപരനെ പോലെ സ്രഷ്ടാവ് തന്നെ പരിഗണിച്ചില്ലന്നും ജീവിതം എന്നും കല്ലിലും മുള്ളിലുമാണെന്നും അവർ നിലവിളിക്കും. ജീവിതത്തിന്റെ സന്തുലിതാവസ്ഥ മാത്രം മോഹിക്കുകയും അതിൽ വ്യതിചലനമുണ്ടായാൽ സഹിക്കാൻ കഴിയാത്തവരുമാണ് അത്തരക്കാർ. ഇഹലോകത്തെ എല്ലാ നേട്ടങ്ങളുടെയും ഇടമായി വിശ്വസിച്ചതാണ് ഇവിടെ നിരാശക്ക് കാരണം. സുഹൈബ് (റ) ഉദ്ധരിച്ച ഹദീസിൽ നബി (സ്വ) പറയുന്നു: 'വിശ്വാസിയുടെ കാര്യം അത്ഭുതമാണ്. ഇത് വിശ്വാസിക്ക് മാത്രമുള്ളതുമാണ്. അവന് എല്ലാം നന്മയാണ്. പ്രതിസന്ധിയുണ്ടായാൽ ക്ഷമിക്കും അതവന് നന്മയാണ്. ഗുണമുണ്ടായാൽ നന്ദി ചെയ്യും. അതും അവന് നന്മയാണ്'. ഈ ഗുണം വിശ്വാസിക്ക് മാത്രമാണെന്ന് പറഞ്ഞത് ഹദീസിൽ ശ്രദ്ധേയമാണ്.


ഭൗതിക ലോകത്ത് അനുഭവിക്കേണ്ടിവരുന്ന ഐശ്വര്യവും സുഖസൗകര്യങ്ങളും ക്ലേശവും ദുഃഖ പ്രതിസന്ധികളും പരലോകത്ത് ലഭിക്കുന്ന ജയപരാജയങ്ങളെ വിലയിരുത്താനുള്ള മാനദണ്ഡമല്ല. ഓരോരുത്തർക്കും സ്രഷ്ടാവ് നിശ്ചയിച്ച ജീവിതക്രമത്തിൽ ഇഹലോകത്ത് വസിക്കുന്നുവെന്നു മാത്രം. എന്നാൽ വിശ്വാസിക്ക് വലിയ പ്രതീക്ഷ സമാധാനം നൽകുന്നു. പരലോകത്ത് എത്തുമ്പോൾ ഇഹലോകത്ത് സഹിച്ച എല്ലാ പ്രതിസന്ധികൾക്കും പ്രതിഫലം ലഭിക്കുമെന്ന് വിശ്വാസി പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. നബി(സ്വ) പഠിപ്പിക്കുന്നു: 'പരീക്ഷണങ്ങളുടെ വലുപ്പത്തിനനുസരിച്ചാണ് പരലോകത്ത് പ്രതിഫലത്തിൽ വലുപ്പം വർധിക്കുക'. മാത്രമല്ല, 'അളവില്ലാത്ത പ്രതിഫലമാണ് ക്ഷമിക്കുന്നവർക്ക് പൂർത്തീകരിച്ചു നൽകുക' എന്ന് വിശുദ്ധ ഖുർആൻ സൂറത്തു സുമറിൽ (10) വിവരിക്കുന്നു. ഈ മഹത്വത്തിന് അർഹത നേടണമെന്നുണ്ടങ്കിൽ വിശ്വാസിയിൽനിന്ന് ക്ഷമക്ക് വിരുദ്ധമായ അസ്വാരസ്യങ്ങൾ ഉണ്ടാവരുതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. വിശുദ്ധ ഖുർആൻ സൂറത്തുൽ ഫജ്‌റിൽ (15,16) 'മനുഷ്യന് അനുഗ്രഹവും ആദരവും നൽകിയാൽ എന്റെ റബ്ബ് വലിയ മാന്യനാണെന്നും പരീക്ഷണം നൽകിയാൽ എന്നെ റബ്ബ് നിസ്സാരനാക്കി' എന്നും വിലപിക്കുന്ന സാമാന്യ സ്വഭാവമാണ് മനുഷ്യന്റേതെന്ന് വിവരിക്കുന്നുണ്ട്. അത്തരം മാനസിക നിലയിൽ വിശ്വാസിയാവരുതെന്ന് പഠിപ്പിക്കുകയാണ് ഖുർആൻ.


'സ്വർഗത്തിൽ മാത്രം ശാശ്വതമായി ലഭിക്കുന്ന സന്തോഷവും ആരോഗ്യവും ഭൗതിക ലോകത്ത് നിങ്ങൾ തേടിക്കൊണ്ടേയിരിക്കുന്നു. അവയെത്രയും ഇവിടെ പൂർണതയിൽ ലഭ്യമല്ലാത്തവയാണന്ന്' ആത്മജ്ഞാനികളുടെ ഉപദേശത്തിലുണ്ട്. തിരുനബി(സ്വ)യുടെ സവിധത്തിൽ പ്രതിസന്ധികളുടെ കെട്ടഴിച്ച സ്വഹാബിയോട്, അതിലേറെ വലിയ പ്രയാസങ്ങൾ മുൻഗാമികൾ ഏൽക്കേണ്ടിവന്ന ചരിത്രം ഓർമ്മപ്പെടുത്തിയാണ് സമാശ്വസിപ്പിച്ചത്. നന്മകൾ ഏറെ ചെയ്യുന്നുവെന്നതും പരീക്ഷണങ്ങൾ തീരെ ഏൽക്കാതിരിക്കാൻ കാരണമാകണമെന്നില്ല. മാത്രമല്ല, പരീക്ഷണങ്ങൾ കൂടുതൽ ഏൽക്കേണ്ടിവരിക നന്മ ചെയ്യുന്നവർക്കായിരിക്കുമെന്ന് 'പ്രവാചകന്മാരാണ് കൂടുതൽ പരീക്ഷണ വിധേയമാവുക, പിന്നെ അവരോട് അടുത്തവർ' എന്ന് വിശദീകരിക്കുന്ന ഹദീസ് ബോധ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് പരീക്ഷണങ്ങളും പ്രതിസന്ധികളും ഒഴിച്ചുകൂടാനാവാത്ത ഭൗതിക ലോകത്താണ് ജീവിക്കുന്നതെന്ന് മനസ്സിലാക്കി അതിനോട് സമരസപ്പെട്ട് പരലോക ജീവിത വിജയത്തിനായി തയാറാവുകയാണ് വിശ്വാസി ചെയ്യേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമചന്ദ്രൻ കൊലപാതകം: മുഖ്യപ്രതി നൗഷാദ് ബെംഗളൂരുവിൽ പിടിയിൽ

Kerala
  •  4 days ago
No Image

 ആര്യനാട് കരമനയാറ്റില്‍ അണിയിലക്കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  4 days ago
No Image

മുംബൈയും ചെന്നൈയും ഇനി ആർസിബിക്ക് പിന്നിൽ; ചാമ്പ്യന്മാർ വീണ്ടും തിളങ്ങുന്നു

Cricket
  •  4 days ago
No Image

പത്തനംതിട്ട പാറമട അപകടം; അപകടത്തില്‍ പെട്ട ബീഹാര്‍ സ്വദേശിയുടെ തിരച്ചില്‍ പുനരാരംഭിക്കാനായില്ല

Kerala
  •  4 days ago
No Image

ഇന്ത്യൻ ഇതിഹാസ താരത്തിന്റെ മക്കൾ ക്രിക്കറ്റിലേക്ക്; ഇനി വലിയ കളികൾ മാത്രം!

Cricket
  •  4 days ago
No Image

തിരുവനന്തപുരം നെയ്യാറ്റിൻകര സബ് ജയിലിൽ പ്രതി മരിച്ച നിലയിൽ

Kerala
  •  4 days ago
No Image

വനം വകുപ്പിന്റെ വെബ് പോര്‍ട്ടല്‍ റെഡി; ഇനി വീട്ടിലിരുന്ന് ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

Kerala
  •  4 days ago
No Image

സര്‍വകലാശാലകള്‍ ഗവര്‍ണര്‍ കാവിവല്‍കരിക്കുന്നു; എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

Kerala
  •  4 days ago
No Image

ജിദ്ദ-ജിസാൻ ഹൈവേയിൽ വാഹനാപകടം: കൊടുവള്ളി സ്വദേശി മരിച്ചു

Saudi-arabia
  •  4 days ago
No Image

ഞാൻ മെസി, റൊണാൾഡോ എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും എന്റെ പ്രിയതാരം മറ്റൊരാളാണ്: മുൻ ബാഴ്സ താരം

Football
  •  4 days ago