യുഎഇ;സ്കൂളുകളിൽ സീറ്റില്ല,വട്ടം തിരിഞ്ഞ് നെട്ടോട്ടമോടി രക്ഷിതാക്കൾ
അബുദാബി:ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ പൂർത്തിയായതോടെ മക്കൾക്കു സീറ്റ് കിട്ടാത്ത രക്ഷിതാക്കൾ നെട്ടോട്ടത്തിൽ കുറഞ്ഞ ഫീസുള്ള സ്കൂളിൽ അപേക്ഷിച്ച് കാത്തിരുന്നവരും ആകെ പെട്ടിരിക്കുകയാണ്. ഈ സ്കൂളുകളിൽ സീറ്റു കിട്ടിയില്ലെന്നു മാത്രമല്ല മറ്റു സ്കൂളിലെ പ്രവേശന നടപടികൾ തീർന്നതും വിനയായി.
ഇനി മക്കളെ നാട്ടിലേക്കു അയയ്ക്കേണ്ടിവരുമോ എന്ന വേവലാതിയിലാണ് രക്ഷിതാക്കൾ. ഒക്ടോബറിൽ തുടങ്ങിയ പ്രവേശന നടപടികൾ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചതോടെയാണ് രക്ഷിതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടിയത്. അതിനിടെ നാട്ടിൽനിന്ന് എത്തുന്ന കുട്ടികൾക്ക് സ്കൂളിൽ സീറ്റ് ഉറപ്പിക്കാനാവാതെ പ്രയാസപ്പെടുന്നവരും ഏറെയാണ്.
കെജി-1 പ്രവേശനത്തിനായിരുന്നു വൻ തിരക്ക്. കെജി-2 മുതൽ 9 വരെയുള്ള ക്ലാസുകളിലെ പരിമിത സീറ്റുകളിലേക്കും സ്കൂളുകൾ ഓൺലൈൻ അപേക്ഷാ നടപടികൾ പൂർത്തിയാക്കിയിരുന്നു. അപേക്ഷകരുടെ വർധന മൂലം നറുക്കെടുത്താണ് കെ.ജി-1 കുട്ടികളെ തിരഞ്ഞെടുത്തത്. നിലവിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങൾക്ക് സീറ്റ് നൽകി ശേഷിക്കുന്ന സീറ്റിലേക്കായിരുന്നു നറുക്കെടുപ്പ്. പരിധിയിൽ കൂടുതലാണെങ്കിൽ സിബിങ്സ് അഡ്മിഷനും നറുക്കെടുപ്പിലൂടെ തീരുമാനിക്കും. ഓരോ സ്കൂളിലും യഥാർഥ സീറ്റുകളുടെ അഞ്ചും പത്തും ഇരട്ടി അപേക്ഷകൾ ലഭിക്കുമ്പോൾ നറുക്കെടുപ്പല്ലാതെ മറ്റു മാർഗമില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."