മലബാറില്‍ പ്ലസ് വണ്‍ അധിക ബാച്ച് നിഷേധം: മുസ്‌ലിം നേതൃസമിതി പ്രതിഷേധിച്ചു
കോഴിക്കോട്: എസ്.എസ്.എല്‍.സി പാസായ മുഴുവന്‍ കുട്ടികളുടെയും പ്ലസ്‌വണ്‍ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മലബാര്‍ മേഖലയിലെ വിവിധ സ്‌കൂളുകളില്‍ പ്ലസ്‌വണ്‍ അധിക ബാച്ചുകള്‍ അടിയന്തരമായി അനുവദിക്കണമെന്ന നിരന്തര ആവശ്യം അംഗീകരിക്കാത്ത പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നലപാടില്‍ മുസ്‌ലിം നേതൃസമിതി യോഗം പ്രതിഷേധിച്ചു.
തീരുമാനം പുനഃപരിശോധിക്കണമെന്ന് കോഴിക്കോട്ട് ചേര്‍ന്ന യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മലബാര്‍ ജില്ലകളില്‍ എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്‌വണ്‍ അഡ്മിഷന് ആവശ്യമായ സീറ്റുകളില്ലെന്നത് അധികാരികള്‍ക്ക് അറിയുന്ന വസ്തുതയാണ്. തിരുവിതാംകൂറിലെ പല സ്‌കൂളുകളിലും പ്ലസ്‌വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ മലബാറിലെ കുട്ടികള്‍ സീറ്റിനായി നെട്ടോട്ടമോടുകയാണ്.
സീറ്റ് മാത്രം വര്‍ധിപ്പിച്ചാല്‍ പഠിപ്പിക്കാനുള്ള അധ്യാപകരും ക്ലാസ് മുറികള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടാവില്ല. അതിനാല്‍ ഈ മേഖലയില്‍ അധിക ബാച്ചുകള്‍ അനുവദിക്കുകയാണ് പരിഹാരമെന്നും യോഗം ആവശ്യപ്പെട്ടു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, ഡോ. എം.കെ മുനീര്‍, പി.എം.എ സലാം (മുസ്‌ലിം ലീഗ്), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ), ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി (കെ.എന്‍.എം), പി. മുജീബ് റഹ്മാന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, മുജീബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്‌ലാമി), ഡോ. ഐ.പി അബ്ദുല്‍ സലാം (കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ), പി.എന്‍ അബ്ദുല്ലത്തീഫ് മദനി, ടി.കെ അഷ്‌റഫ് (വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍), ഇ.പി അഷ്‌റഫ് ബാഖവി, ടി.എം സയ്യിദ് ഹാഷിം ബാഫഖി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), ഡോ. ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്), എഞ്ചിനീയര്‍ പി. മമ്മദ് കോയ, സൈനുല്‍ ആബിദ്.പി (എം.എസ്.എസ്), സി.എ മൂസ മൗലവി, എം.എം ബാവ മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), കമാല്‍ എം. മാക്കിയില്‍, ഡോ. ഖാസിമുല്‍ ഖാസിമി, നജ്മല്‍ ബാബു (കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍), പൂഴനാട് സുധീര്‍ (മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), ഡോ. പി.ടി സൈത് മുഹമ്മദ്, എ. അസ്ഹര്‍ (മെക്ക), കെ.പി മെഹബൂബ് ശരീഫ്, എം.എസ് സലാമത്ത് (റാവുത്തര്‍ ഫെഡറേഷന്‍), സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങള്‍, അബ്ദുല്‍ ഖാദര്‍ (ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ്), എന്‍ജിനീയര്‍ മാമുക്കോയ ഹാജി (വഖഫ് സംരക്ഷണ സമിതി), ചുനക്കര ഹനീഫ, എം. അലാവുദ്ദീന്‍ (റാവുത്തര്‍ ഫെഡറേഷന്‍ ഫോര്‍ മൈനോരിറ്റീസ് വെല്‍ഫെയര്‍) എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."