നിദ ഫാത്തിമയുടെ മരണം: പാര്‍ലമെന്റില്‍ അടിയന്തര പ്രമേയ നോട്ടിസ്
ന്യൂഡല്‍ഹി: സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണത്തില്‍ പാര്‍ലമെന്റില്‍ അടിയന്തര പ്രമേയ നോട്ടീസ്. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പിയാണ് നോട്ടിസ് നല്‍കിയത്. നിദയുടെ മരണത്തില്‍ ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. സുപ്രിം കോടതി അഭിഭാഷകനാണ് ഇതുസംബന്ധിച്ച് പരാതി കൊടുത്തത്.
അതിനിടെ, നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹരജിക്ക് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. കോടതി ഉത്തരവോടെ എത്തിയിട്ടും നിദ ഫാത്തിമക്ക് വെള്ളവും ഭക്ഷണവും സംഘാടകര്‍ നല്‍കിയില്ലെന്ന് അഭിഭാഷകര്‍ വാദിച്ചു. ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ജസ്റ്റിസ് വി.ജി അരുണ്‍ കോടതിയലക്ഷ്യ ഹരജിക്ക് അനുമതി നല്‍കിയത്. ഇന്ന് തന്നെ കോടതി ഹരജി പരിഗണിക്കും. നിദയുടെ മരണത്തില്‍ കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദേശീയ ഫെഡറേഷനെതിരെയാണ് ഹരജി നല്‍കുക.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശിനി നിദ ഫാത്തിമ (10) നാഗ്പൂരില്‍ മരിച്ചത്. ദേശീയ സബ് ജൂനിയര്‍ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 20നാണ് നിദയടങ്ങിയ സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛര്‍ദിച്ച് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."