വിദഗ്ധരെ സൃഷ്ടിക്കാനും സുരക്ഷ മെച്ചപ്പെടുത്താനും ഫെഡറല്‍ എമിഗ്രേഷന്‍ അക്കാദമി ദുബൈയില്‍
ദുബൈ: യുഎഇ ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി(ഐസിപി)യുടെ എമിറേറ്റ്‌സ് അക്കാദമി ഫോര്‍ സയന്‍സ് ആന്‍ഡ് ട്രെയ്‌നിംഗിന്റെ പുതിയ ശാഖ ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) ആസ്ഥാനത്ത് തുറന്നു. ജിഡിആര്‍എഫ്എഡി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂറിന്റെ സാന്നിധ്യത്തില്‍ ഐസിപി മേധാവി മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി ഉദ്ഘാടനം നിര്‍വഹിച്ചു.
സുരക്ഷ, ഐഡന്റിറ്റി, പൗരത്വം, കസ്റ്റംസ്, തുറമുഖ സുരക്ഷ, മാനുഷിക-ഭരണ-സാമ്പത്തിക മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ വിജ്ഞാനവും അറിവും പകരാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ശാഖ തുറന്നിരിക്കുന്നത്. ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കും പരിശീലനം നല്‍കി യോഗ്യരാക്കാനും അവര്‍ക്ക് രാജ്യത്തിനകത്തും പുറത്തും വിദ്യാഭ്യാസപരമായ പഠന പാതകള്‍ പൂര്‍ത്തിയാക്കാനുമുള്ള അവസരം അക്കാദമി നല്‍കും.
ഡിപ്‌ളോമ, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ നടത്തും. ഷോര്‍ട്ട് ടൈം പരിശീലനവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും നടത്തും.
യുഎഇയുടെ സുരക്ഷാ മേഖലയില്‍ വിദഗ്ധ ഉദ്യോഗസ്ഥരെ സൃഷ്ടിക്കാനും സുരക്ഷാ സംവിധാനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്താനും ഇതുവഴി കഴിയുമെന്ന് അധികൃതര്‍ പ്രത്യാശിച്ചു. ചടങ്ങില്‍ പരിശീലകരെ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. ജിഡിആര്‍എഫ്എഡി ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അവാദ് മുഹമ്മദ് ഗാനിം സഈദ് അല്‍വൈന്‍, മേജര്‍ ജനറല്‍ തലാല്‍ അഹ്മദ് അല്‍ ശംഖീതി, മേജര്‍ ജനറല്‍ ഡോ. അലി അല്‍ സആബി, ബ്രിഗേഡിയര്‍ ഖലഫ് അല്‍ ഗൈത്, ഐസിപി ഉന്നതോദ്യോഗസ്ഥര്‍, ജീവനക്കാര്‍, വിദ്യാഭ്യാസ വിദഗ്ധരടക്കം നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."