ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനി; ജാഗ്രതാ നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വിപണിയില്‍ ലഭ്യമായിട്ടുള്ള പഴങ്ങളിലും പച്ചക്കറികളിലും മാരക കീടനാശിനികളുടെ അംശം ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍. ഇത്തരം സാധനങ്ങള്‍ വാളന്‍ പുളിവെള്ളത്തില്‍ അര മണിക്കൂര്‍ മുക്കിവച്ചശേഷം ശുദ്ധജലത്തില്‍ നല്ലവണ്ണം കഴുകി കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ചശേഷം മാത്രമേ ഉപയോഗിക്കാവൂവെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.
പാചകം ചെയ്യാന്‍ പാകത്തില്‍ (റെഡി ടു കുക്ക്) പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞും പ്ലാസ്റ്റിക് പാക്കറ്റുകളിലുമാക്കിയ പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നത് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം അനുവദനീയമല്ല.
ഈ രീതിയില്‍ വ്യാപാരം നടത്തുന്നവര്‍ അടിയന്തരമായി ഇത്തരം സാധനങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടതാണെന്നും ഈ നിര്‍ദേശം ലംഘിച്ചാല്‍ പിഴ ഉള്‍പ്പെടെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഓണ വിപണി ലക്ഷ്യമാക്കി പായസം (പ്രഥമന്‍) പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ നിറച്ച് വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പായസം, ചൂടാറുന്നതിനു മുമ്പ് പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ നിറച്ച് വിതരണം ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നിരിക്കേ ഇങ്ങനെ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഉള്‍പ്പെടെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ അറിയിച്ചു.
ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ടോള്‍ഫ്രീ നമ്പറിലോ (18004251125) താഴെ പറയുന്ന ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസര്‍മാരുടെ നമ്പരിലോ വിളിച്ചറിയിക്കണം. തിരുവനന്തപുരം - 8943346181, കൊല്ലം - 8943346182, പത്തനംതിട്ട - 8943346183, ആലപ്പുഴ - 8943346184, കോട്ടയം - 8943346185, ഇടുക്കി - 8943346186, എറണാകുളം - 8943346187, തൃശൂര്‍ - 8943346188, പാലക്കാട് - 8943346189, മലപ്പുറം - 8943346190, കോഴിക്കോട് - 8943346191, വയനാട് - 8943346192, കണ്ണൂര്‍ - 8943346193, കാസര്‍കോട് - 8943346194. ജില്ലകളിലെ അസിസ്റ്റന്റ് കമ്മിഷണര്‍ (ഇന്റലിജന്‍സ്) മാരുടെ ഫോണ്‍ നമ്പര്‍: തിരുവനന്തപുരം- 8943346195, എറണാകുളം- 8943346196, കോഴിക്കോട് -8943346197.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."