അര്‍ജന്റീനയെ പിന്തുണച്ച മലയാളികള്‍ക്ക് നന്ദി; കേരളാഹൗസിലെത്തി എംബസി കൊമേര്‍ഷ്യല്‍ ഹെഡ് ഫ്രാങ്കോ അഗസ്റ്റിന്‍
ന്യൂഡല്‍ഹി: ഇന്ത്യ മുഴുവന്‍ അര്‍ജന്റീനയുടെയും ലയണല്‍ മെസ്സിയുടെയും ആരാധകരുണ്ടെങ്കിലും ഹൃദയം കവരുന്ന ആരാധകര്‍ കേരളത്തിലാണെന്ന് അര്‍ജന്റീന എംബസി കൊമേര്‍ഷ്യല്‍ ഹെഡ് ഫ്രാങ്കോ അഗസ്റ്റിന്‍ സെനില്ലിയനി മെല്‍ഷ്യര്‍. ലോകകപ്പില്‍ അര്‍ജന്റീനയെ പിന്തുണച്ച മലയാളികളെയും മാധ്യമങ്ങളെയും നന്ദി അറിയിക്കുന്നതിനായി കേരള ഹൗസിലെത്തിയതായിരുന്നു അദ്ദേഹം. കേരള ഹൗസില്‍ എത്തിയ ഫ്രാങ്കോ അഗസ്റ്റിന്‍ സെനില്ലിയനിയെ റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിന്‍ പൊന്നാട അണിയിച്ചു, കണ്‍ട്രോളര്‍ സി.എ അമീര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി.കെ.തോമസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കേരളത്തിലെ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ അര്‍ജന്റീനയ്ക്ക് താല്‍പര്യമുണ്ടെന്നും അതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത് തന്നെ അര്‍ജന്റീന അംബാസിഡര്‍ ഹ്യുഗോ ജാവിയര്‍ ഗോബിയും സംഘവും കേരളം സന്ദര്‍ശിക്കും. കേരളവുമായുള്ള സഹകരണത്തിലെ സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫുട്‌ബോളിന് പുറമേ, കൃഷി, മത്സ്യബന്ധനം തുടങ്ങിയ സാദ്ധ്യതകള്‍ പരിശോധിക്കും. കേരളത്തിലെ ആരാധകരെ നേരിട്ട് കാണാന്‍ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അനുമോദനയോഗത്തിലും തുടര്‍ന്ന് റെസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിനുമായി നടത്തിയ സൗഹൃദ സംഭാഷണത്തിലുമാണ് അദ്ദേഹം
ഇക്കാര്യം അറിയിച്ചത് .
അര്‍ജന്റീന ടീമിന്റെയും കേരളത്തിലെ ആരാധകരുടെ ആഹ്ലാദ പ്രകടനത്തിന്റെ യും ചിത്രങ്ങള്‍ ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ ക്രിസ്മസ് കേക്ക് മുറിച്ച് അദ്ദേഹം ആഹ്ലാദം പങ്കിട്ടു. തുടര്‍ന്ന് അര്‍ജന്റീന ഫാന്‍സിനൊപ്പം പന്ത് തട്ടി. എല്ലാവര്‍ക്കും ഒപ്പം സെല്‍ഫിയിലും ഫോട്ടോ സെഷനിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."